നെടുങ്കണ്ടം
നെടുങ്കണ്ടം ബിഎഡ് കോളേജിന് എം എം മണി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് മൂന്നു കോടി രൂപ അനുവദിച്ചു. പുതിയ കെട്ടിട നിർമാണത്തിനായാണ് തുക അനുവദിച്ചത്. ഓഡിറ്റോറിയം, മൾട്ടി പർപ്പസ് ഹാൾ, കാൻ്റീൻ, ഹെൽത്ത് ക്ലബ്, യോഗ റൂം, വിവിധ ലാബ് സൗകര്യങ്ങൾ 15 ഓളം പുതിയ ക്ലാസ് മുറികൾ എന്നിവയാണ് പുതിയ കെട്ടിടത്തിൽ വരുന്നത്.
നിലവിൽ സിപാസ് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയായാൽ ടെൻഡർ ക്ഷണിച്ച് ഉടൻ കെട്ടിടം പണി തുടങ്ങുമെന്ന് കോളേജ് വികസന സമിതി കൺവീനർ പി എൻ വിജയൻ, കോളേജ് പ്രിൻസിപ്പൽ ഡോ. രാജീവ് പുലിയൂർ എന്നിവർ അറിയിച്ചു. ഇത്രയും മികച്ച സഹായം അനുവദിച്ചതിൽ എം എം മണി എംഎൽഎയ്‌ക്ക് പ്രത്യേക നന്ദിയും അഭിനന്ദനങ്ങളും കോളേജ് അറിയിച്ചു.
മൂന്നുവർഷങ്ങൾക്കുള്ളിൽ ഇന്റ ഗ്രേറ്റേഡ് ബിഎഡ് കോഴ്സ് നടപ്പാക്കി പുതിയ സർക്കാർ നിർദേശങ്ങൾക്കനുസരിച്ച് മാറാനൊരുങ്ങുകയാണ് കലാലയം. ഇന്റഗ്രേറ്റഡ് കോളേജായി ഉയർത്തുന്നതിന്നുള്ള അടിസ്ഥാന യോഗ്യതയായ അഞ്ച് ഏക്കർ സ്ഥലസൗകര്യം നെടുങ്കണ്ടം ബിഎഡ് കോളേജിനുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേരളത്തിലെ ഏറ്റവും മികച്ച അധ്യാപന പരിശീലക കലാലയമാകാൻ കോളേജ് ഇതോടൊപ്പം ഒരുങ്ങുകയാണ്.
നേട്ടങ്ങളുടെ
‘ഹൈറേഞ്ചിൽ’
അഞ്ച് വർഷമായി എംജി യൂണിവേഴ്സിറ്റിക്കു കീഴിൽ ഏറ്റവും മികച്ച വിജയശതമാനവും യൂണിവേഴ്സിറ്റി റാങ്കുകളും നേടിയിരുന്നു.
മികച്ച അക്കാദമിക പ്രവർത്തനങ്ങൾ നടത്തി സംസ്ഥാനത്ത് ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിക്കാനുമായി. ഉടുമ്പൻചോല മണ്ഡലത്തിലെ പഞ്ചായത്തുകളിൽനിന്നുമുള്ള വിദ്യാർഥികൾക്ക് അഡ്മിഷന് ഈ കോളേജ് പ്രത്യേക വെയ്റ്റേജ് നൽകുന്നു.
പുതിയ ഇന്റഗ്രേറ്റഡ് കോഴ്സുകളും കെട്ടിട സൗകര്യങ്ങളും നെടുങ്കണ്ടത്ത് വരുന്നതോടെ ഹൈറേഞ്ചിന്റെ വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങൾക്ക് അത് മുതൽക്കൂട്ടാകും. ഒപ്പം വ്യത്യസ്ത ഇന്റർ ഡിസിപ്ലിനറി കോഴ്സുകളും ആരംഭിക്കാനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..