16 January Saturday
കർഷകർക്കൊപ്പം ഹോർട്ടികോർപ്

ഇരട്ടിയിലധികമായി പച്ചക്കറി ഉൽപ്പാദനവും സംഭരണവും

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

വട്ടവടയിലെ കൃഷിയിടം

 മറയൂർ

ഹോർട്ടികോർപ്‌ അഞ്ചുനാട്ടിലെ കർഷകരുടെ മനസ്സറിഞ്ഞ് പ്രവർത്തിച്ചപ്പോൾ കാന്തല്ലൂരിലെയും വട്ടവടയിലെയും തരിശുഭൂമികളെല്ലാം ടൺ കണക്കിന് പച്ചക്കറി വിളയിച്ചെടുക്കുന്ന പാടങ്ങളായി. സംസ്ഥാനത്ത് ആദ്യമായി കർഷകർക്ക്‌ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറിയുടെ അളവനുസരിച്ച് ഇൻസെന്റീവ് അനുവദിച്ചതും യുവാക്കളെയുൾപ്പെടെ കൃഷിയിലേക്ക് ആകർഷിച്ചു. ശീതകാല പച്ചക്കറികളുടെ പ്രധാന ഉൽപ്പാദനകേന്ദ്രമായ മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിൽ എൽഡിഎഫ്‌ സർക്കാരിന്റെ ഭരണകാലത്ത് പച്ചക്കറി ഉൽപ്പാദനവും സംഭരണവും ഇരട്ടിയിലധികമായി. കൃഷി ഓഫീസർമാരില്ലാത്ത കോൺഗ്രസ് ഭരണകാലത്തിന്‌ വിട നൽകി ഓഫീസുകളിൽ മുഴുവൻ ജീവനക്കാരെയും നിയമിച്ചു. ഇത് വിളകൾക്ക് ഇൻഷുറൻസ് ചെയ്യുന്നതിനും സഹായകരമായി. 
പ്രളയത്തിൽ മൂന്നാർ‐ മറയൂർ റോഡ് തകരുകയും പെരിയവരൈ പാലം അപകടത്തിലാവുകയും ചെയ്‌തത് വിളവെടുപ്പ് സമയത്തായിരുന്നു. ഹോർട്ടികോർപ്‌ തമിഴ്നാട് വഴിയുള്ള പാത ഉപയോഗപ്പെടുത്തി തൃശൂർ മുതലുള്ള വടക്കൻ ജില്ലകളിലേക്ക് പച്ചക്കറി എത്തിച്ച് കർഷകർക്ക് കൈത്താങ്ങായി. ഓണക്കാലം പ്രതീക്ഷിച്ച് കൃഷിയിറക്കിയ കർഷകരിൽനിന്ന് നഷ്ടം സഹിച്ചും സർക്കാർ സംഭരണം നടത്തിയില്ലായിരുന്നെങ്കിൽ കടക്കെണിയിലാകുമായിരുന്നു. 2018ൽ പച്ചക്കറി 3.52 കോടി രൂപയുടെ പച്ചക്കറി ഹോർട്ടികോർപ്‌ സംഭരിച്ചിരുന്നു. പ്രളയം ഉൾപ്പെടെ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് 2019ലെ സമ്പത്തിക വർഷം 12 ടൺ മറയൂർ ശർക്കരയും 18,30,382 കിലോ പച്ചക്കറിയും നാലരക്കോടി രൂപ നൽകി കർഷകരിൽനിന്ന് സംഭരിച്ചു. ഈ സാമ്പത്തിക വർഷം 15,817 കിലോ പച്ചക്കറി രണ്ടരക്കോടി  രൂപയ്‌ക്ക് സംഭരിക്കാൻ സാധിച്ചു. കൂടാതെ, വിനോദസഞ്ചാരികൾക്കും സ്വകാര്യ വ്യവസായികൾക്കും ഇത്രത്തോളം പച്ചക്കറി കർഷകർ നേരിട്ട് വിൽപ്പന നടത്തിയിട്ടുണ്ട്‌. 2018ൽ 60 കിലോ പഴവർഗങ്ങൾ മാത്രമാണ്‌ ഹോർട്ടികോർപ്‌ സംഭരിച്ചതെങ്കിൽ ഇത്തവണ 3,425 കിലോ സംഭരിച്ചു വിൽപ്പന നടത്താൻ സാധിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top