17 January Sunday
കാലുവാരൽ ആരോപണവുമായി ഘടകകക്ഷികൾ

കരിമണ്ണൂരിൽ തമ്മിലടിച്ച്‌ യുഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

 കരിമണ്ണൂർ

കരിമണ്ണൂർ പഞ്ചായത്തിൽ പരസ‌്പരം കാലുവാരൽ ആരോപണവുമായി യുഡിഎഫ‌് ഘടകകക്ഷികൾ. കേരള കോൺഗ്രസ‌് ജോസഫ‌് വിഭാഗം സ്ഥാനാർഥികളെ തോൽപ്പിക്കുമെന്ന‌് കോൺഗ്രസിലെ തന്നെ പ്രമുഖർ രഹസ്യമായി പറയുന്നു. കരിമണ്ണൂർ പഞ്ചായത്തിൽ പി ജെ ജോസഫിന്റെ പ്രതാപം തകർക്കണമെന്ന വാശിയിലാണ‌് കോൺഗ്രസ‌് നേതൃത്വം. ജോസഫ‌് വിഭാഗം മത്സരിക്കുന്ന വാർഡുകളിൽ വീടുകയറി സ‌്ക്വാഡ‌് പ്രവർത്തനം നടത്താൻപോലും കോൺഗ്രസ‌് പ്രവർത്തകർ പോകാത്ത സ്ഥിതിയാണുള്ളത‌്. അണികളില്ലാത്ത പാർടിയായി ജോസഫിന്റെ പാർടി മാറിക്കഴിഞ്ഞുവെന്നാണ‌് കോൺഗ്രസിന്റെ വിലയിരുത്തൽ. അതേസമയം, കോൺഗ്രസ‌് പിന്തുണയില്ലാതെ കരിമണ്ണൂർ പഞ്ചായത്തിൽ ഒറ്റയ‌്ക്ക‌് ഭരിച്ച പാരമ്പര്യമുണ്ടായിരുന്ന പാർടിയായിരുന്നു കേരള കോൺഗ്രസ‌്. യുഡിഎഫിൽ എത്തിയതോടെയാണ്‌ പഞ്ചായത്തിൽ തങ്ങളുടെ പ്രതാപം തീർന്നതെന്നാണ‌് കേരള കോൺഗ്രസ‌് നേതൃത്വത്തിന്റെ വിലാപം. 
 പഞ്ചായത്ത‌് തെരഞ്ഞെടുപ്പിൽ കോൺഗ്രസ‌് സ്ഥാനാർഥികളുടെ വിജയം തടയേണ്ടത‌് തങ്ങളുടെ അഭിമാനപ്രശ‌്നമാണെന്ന്‌ ജോസഫ‌് വിഭാഗവും വിലയിരുത്തു‌ന്നു. അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്ന പരാതിയാണ്‌ മുസ്ലിംലീഗിനുള്ളത‌്. പഞ്ചായത്തിലെ നാലു വാർഡുകളിൽ യുഡിഎഫ‌് സ്ഥാനാർഥികളെ വിജയിപ്പിച്ചിരുന്നത‌് മുസ്ലിംലീഗിന്റെ വോട്ടുകൊണ്ടാണെന്നാണ‌് അവരുടെ അവകാശവാദം. ഇക്കുറി ഒരു സീറ്റുമാത്രം അനുവദിച്ചതിൽ പ്രതിഷേധിച്ച‌് ലീഗ‌് വിമതൻ നെല്ലിമല ആറാം വാർഡിൽ മത്സരരംഗത്തുണ്ട‌്. ഇളംദേശം ബ്ലോക്ക‌് പഞ്ചായത്ത‌് പന്നൂർ ഡിവിഷനിൽ പി ടി തോമസിന്റെയും ഡീൻ കുര്യാക്കോസിന്റെയും നോമിനിയെ വെട്ടി സംസ്ഥാന സെക്രട്ടറി റോയി കെ പൗലോസ‌് സ്വന്തക്കാരന‌് സീറ്റ‌് നൽകിയതിൽ ഐ ഗ്രൂപ്പുകാരും എ ഗ്രൂപ്പിലെ പി ടി തോമസ‌് വിഭാഗവും ഇടഞ്ഞാണ‌് നിൽക്കുന്നത‌്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top