02 December Wednesday

കുതിപ്പുതുടരാൻ ചക്കുപള്ളം

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

 1977ൽ വണ്ടൻമേട് പഞ്ചായത്ത് വിഭജിച്ച് രൂപീകരിച്ച പഞ്ചായത്താണ് ചക്കുപള്ളം. 41.71 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൽ ചക്കുപള്ളം, അണക്കര, ആനവിലാസം വില്ലേജുകൾ ഉൾപ്പെടുന്നു. 15 വാർഡുകളുള്ള പഞ്ചായത്ത് യുഡിഎഫിന്റെ കുത്തക പഞ്ചായത്തുകളുടെ പട്ടികയിലായിരുന്നു. 1996ൽ എൽഡിഎഫ് ഭരണം പിടിച്ചെങ്കിലും പിന്നീട്‌ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിനൊപ്പം നിന്നു. ഏറെനാളുകൾക്കുശേഷം 2015ലെ തെരഞ്ഞെടുപ്പിൽ പഞ്ചായത്ത്‌ ഭരണം എൽഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു. നിലവിൽ സിപിഐ എം‐ - ആറ്‌, സിപിഐ‐ രണ്ട്‌, ഹൈറേഞ്ച് സംരക്ഷണ സമിതി‐ മൂന്ന്‌, കേരള കോൺഗ്രസ്‐ ഒന്ന്‌, കോൺഗ്രസ്‐ മൂന്ന്‌ എന്നിങ്ങനെയാണ്‌ കക്ഷിനില. എൽഡിഎഫ് ഭരണസമിതി അധികാരമേറ്റശേഷം പഞ്ചായത്തിലെ 98 ശതമാനം റോഡുകളും പുനരുദ്ധരിക്കുകയും നവീകരിക്കുകയും ചെയ്തു. ലൈഫ് പദ്ധതികൾ, പിന്നാക്കക്ഷേമം, ആരോഗ്യ കാർഷികരംഗത്തെ മുന്നേറ്റം എന്നിവ എൽഡിഎഫിന്റെ എടുത്തുപറയാവുന്ന ഭരണനേട്ടങ്ങളാണ്. ഐഎസ്ഒ അംഗീകാരവും ക്ഷീരഗ്രാമം പദവിയും നേട്ടങ്ങൾക്ക് മാറ്റുകൂട്ടുന്നു. സോളാർ വഴിവിളക്കുകൾ, തൊഴിലുറപ്പ് പദ്ധതിയിലൂടെ കൂടുതൽ തൊഴിൽദിനങ്ങൾ, സർക്കാർ സ്കൂളിന് ഹൈടെക് ക്ലാസ് മുറികൾ, അരുവിക്കുഴി ടൂറിസം വില്ലേജ് തുടങ്ങിയവും തെരഞ്ഞെടുപ്പു ചർച്ചയാകും. യുഡിഎഫിലെ പ്രബല പാർടിയായിരുന്ന കേരള കോൺഗ്രസ് എം എൽഡിഎഫിലേക്കെത്തിയതും ഭരണമുന്നണിക്ക്‌ കരുത്തുപകരും.  ഇത്തവണ 1, 7, 10, 11, 12, 14, 15 വാർഡുകൾ വനിതാ സംവരണവും 2, 11 വാർഡുകൾ പിന്നോക്ക സംവരണവുമാണ്‌. സിപിഐ എമ്മിന്റെ വിജയമ്മ കൃഷ്ണൻകുട്ടി, സിപിഐയുടെ കുസുമം സതീഷ്, സമിതിയുടെ ഭാഗമായി വിജയിച്ച ആൻസി ബിജു എന്നിവർ നിലവിലെ ഭരണസമിതിയിൽ പ്രസിഡന്റുമാരായി. മികച്ച ഭരണം കാഴ്ചവച്ചതിലൂടെ പഞ്ചായത്തിൽ തുടർഭരണമാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top