തൊടുപുഴ
‘‘ഇങ്ങോട്ട് പോര്, നാരങ്ങാവെള്ളം കുടിച്ചിട്ട് പോകാം, നമ്മളിവിടെ റെഡിയാണ്.’’ ഷാജിയും ഉണ്ണിയും നാരങ്ങാവെള്ളം കൂട്ടുചേർത്ത് ഇളക്കുന്ന തിരക്കിലും മുഖമുയർത്തി പറഞ്ഞു. നിമിഷനേരമേ കിട്ടൂ ഇവരോടൊന്ന് മിണ്ടാൻ. ബാക്കി സമയം മുഴുവൻ നാരങ്ങാവെള്ളം തയ്യാറാക്കുന്ന തിരക്കിലാണ്. പറഞ്ഞുവരുന്നത് തൊടുപുഴയിലെ സ്‍പെഷ്യൽ നാരാങ്ങാവെള്ള കടയെക്കുറിച്ചാണ്. തൊടുപുഴ കാഞ്ഞിരമറ്റം ജംങ്ഷനിൽ നിന്ന് മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്കാണീ നാരങ്ങവെള്ളക്കട.
മധുരവും ഉപ്പും എരിവും എല്ലാംചേർന്ന നാരങ്ങാവെള്ളത്തിന് ആരാധകരേറെ. നാരങ്ങ പിഴിഞ്ഞൊഴിച്ചാൽ പിന്നെ പൈനാപ്പിൾ കഷണം ചേർക്കും. പുതിനയില, പഞ്ചസാര എന്നിവയുമിട്ട് ഏകദേശം ഒരുമിനിറ്റ് നന്നായി ഇളക്കും. കുറച്ച് കസ്‍കസും അൽപം ജാതിക്ക ചതച്ചതും ചേർത്ത് ഇളക്ക് തുടരും. പിന്നാലെ സോഡ വീഴും. പഞ്ചസാരയും സോഡയും പൈനാപ്പിളും പുതിനയുമെല്ലാം നന്നായി യോജിപ്പിച്ച് കൈയിലേക്ക് തരും. ഇത് മധുരം വേണ്ടവർക്കാണ്. ഉപ്പാണ് ആവശ്യമെങ്കിൽ കാന്താരി മുളക്, ഇഞ്ചി, ജാതിക്ക എന്നിവ ചേർക്കും. 13 വർഷമായി ഷാപ്പുംപടി സ്വദേശി സി എം ഷാജിയും സുഹൃത്ത് മുതലിയാർമഠം സ്വദേശി ഉണ്ണിയും ഇവിടെ മീനാക്ഷി നാരങ്ങാവെള്ളക്കട നടത്തുന്നു.
തമിഴ്‍നാട്ടിൽനിന്ന് എത്തുന്ന നല്ലയിനം പുളിയൻകുടി നാരങ്ങയാണ് ഉപയോഗിക്കുന്നത്. തൊടുപുഴ മാർക്കറ്റിൽനിന്ന് ദിവസേന 25 കിലോ വാങ്ങും. 400ലധികം നാരങ്ങാവെള്ളം ഒരുദിവസം വിറ്റുപോകും. ചൂടുകാലത്താണ് ആവശ്യക്കാരേറെ. മഴക്കാലത്തും ചെത്ത് പിള്ളേരെത്താറുണ്ടെന്നും ഷാജി പറഞ്ഞു. നാരങ്ങയ്‍ക്ക് വിലകൂടിയാലും ഇവിടെ നാരങ്ങാവെള്ളത്തിന് വിലമാറില്ല. അഞ്ചുവർഷത്തെ പലചരക്ക് വ്യാപാരത്തിൽനിന്നാണ് ഷാജിയും ഉണ്ണിയും ഇതിലേക്കെത്തിയത്. രാവിലെ എട്ടുമുതൽ കടയിൽ നാരങ്ങാവെള്ളം കിട്ടും. ജിമ്മിൽ പോകുന്നവരും തെക്കുംഭാഗം സ്റ്റേഡിയത്തിലെത്തുന്നവരും രാവിലെ കടയ്ക്കുമുന്പിൽ ഹാജരാണ്. 30 രൂപയാണ് വില. സമൂഹമാധ്യമങ്ങളിൽ എട്ട് കോടിയലധികം പേർ ഇവരുടെ കഥയറിഞ്ഞിട്ടുണ്ട്. തൊടുപുഴയിലെത്തുന്നവരിൽ ഇവരുടെ നാരങ്ങാവെള്ളം കുടിക്കാതെ പോകുന്നവർ കുറവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..