17 January Sunday
എ ഗ്രൂപ്പിനെ വെട്ടിനിരത്തി

ഡിസിസി പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീമന്ദിരം ശശികുമാർ

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020
നെടുങ്കണ്ടം
ജില്ലയിൽ കോൺഗ്രസ്‌ എ ഗ്രൂപ്പിനെ ദുർബലമാക്കിയ ഡിസിസി നേതൃത്വത്തിനെതിരെ പരസ്യപ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീമന്ദിരം ശശികുമാർ. തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയമുറപ്പായതിലും സീറ്റുകിട്ടാതായതിന്റെ പകതീർക്കാനുമായാണ്‌ എ ഗ്രൂപ്പിന്റെ പടയൊരുക്കം. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ കൂടിയാലോചനകൾ ഇല്ലാതെ തീരുമാനങ്ങൾ എടുത്തതും ചിഹ്നം നൽകാനുള്ള അധികാരം ദുർവിനിയോഗം ചെയ്‌തതും‌ അസ്വാരസ്യങ്ങൾക്കിടയാക്കി. കെപിസിസിയുടെ നിർദേശങ്ങൾ അവഗണിച്ച് ഗ്രൂപ്പ് താൽപ്പര്യവും വ്യക്തിതാൽപ്പര്യവും ധാർഷ്ട്യവുമാണ് 
ഡിസിസി പ്രസിഡന്റ്‌ സ്വീകരിച്ചതെന്നും മുൻ കെപിസിസി നിർവാഹക സമിതിയംഗം ശ്രീമന്ദിരം ശശികുമാർ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ  ആഞ്ഞടിച്ചിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിക്കിടയാക്കുന്ന വിധമാണ്‌ റിബലുകൾ, വിപ്പ് ലംഘിച്ചവർ, പാർടി അച്ചടക്കത്തിനു വിരുദ്ധമായി പ്രവർത്തിച്ചവർ തുടങ്ങിയവരെ കൂട്ടത്തോടെ സ്ഥാനാർഥികളാക്കിയത്‌. ഇവയിൽ പലതും പേയ്‌മെന്റ് സീറ്റുകളാണന്നും ഇത്തരം നടപടികൾക്കെതിരെ കെപിസിസിക്ക് പരാതി നൽകിയെന്നും ശശികുമാർ പറഞ്ഞു.
ജില്ലയിൽ യുഡിഎഫിൽ എല്ലായിടത്തും വിമതശല്യം രൂക്ഷമാണ്. ഇരട്ടയാറിലും നെടുങ്കണ്ടത്തും കരിങ്കുന്നത്തും ഘടകകക്ഷികൾക്കെതിരെ വിമത സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്‌. ഇതിൽ കേരള കോൺഗ്രസ്‌ ജോസഫ്‌, ആർഎസ്‌പി തുടങ്ങിയ ഘടകകക്ഷികൾക്ക് കടുത്ത അസംതൃപ്‌തിയുണ്ട്‌. ഇബ്രാഹിംകുട്ടി കല്ലാറിന്റെ തട്ടകത്തിലാണ്‌ ആർഎസ്‌പി തുറന്നപോരുമായെത്തിയത്‌. ഘടകകക്ഷികളുടെ വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തുകയും ഇവർക്ക് ഔദ്യോഗിക ചിഹ്നത്തിന് ജില്ലാ നേതൃത്വം ശുപാർശ കത്ത് നൽകി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുകയുമാണ്‌. വനിതകളുൾപ്പെടെയുള്ള ഔദ്യോഗിക സ്ഥാനാർഥികൾ വിമതസ്ഥാനാർഥികൾക്കായി വഴിമാറിക്കൊടുക്കേണ്ടിയും വന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top