08 December Wednesday

കട്ടപ്പന നഗരസഭയിലെ ഭരണസ്‌തംഭനം: എൽഡിഎഫ് മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021
കട്ടപ്പന
നഗരസഭയിലെ ഭരണസ്തംഭനത്തിലും അഴിമതിയിലും പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ കട്ടപ്പന നഗരസഭ കാര്യാലയത്തിലേക്ക്‌ മാർച്ച് നടത്തി. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പുപോര്‌ വികസനത്തെ പിന്നോട്ടടിച്ചു. കട്ടപ്പന നഗരസഭയിൽ യുഡിഎഫ് ഭരണസമിതി അധികാരത്തിലേറി 10 മാസം പിന്നിട്ടപ്പോൾ ദിവസവും വലിയ അഴിമതിയുടെ കഥകളാണ് പുറത്തുവരുന്നത്. അനധികൃത നിയമനങ്ങൾ നഗരസഭ സെക്രട്ടറി പുറത്തുകൊണ്ടുവന്നത് അഴിമതിയുടെ എടുകളിൽ ഒന്നു മാത്രമെന്നും നേതാക്കൾ പറഞ്ഞു. 
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ തികഞ്ഞ അലംഭാവമാണ് നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായത്. നഗരസഭാ കൗൺസിൽ യോഗം മാറ്റിവച്ചതിൽ എൽഡിഎഫ് നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധം ഉയർത്തിയിരുന്നു. നാല്‌ തവണയാണ് ഇത്തരത്തിൽ കൗൺസിൽ യോഗം മാറ്റിയത്. നഗരസഭയിലെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി, നഗരസഭാ സ്റ്റേഡിയം, വഴിവിളക്കുകൾ, താലൂക്ക്‌ ആശുപത്രി റോഡ് നവീകരണം, ട്രൈബൽ സ്കൂളിൽ കെട്ടിട നിർമാണം തുടങ്ങി എല്ലാ വികസന പ്രവർത്തനവും നിലച്ചു. പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കിൽ വലിയ പ്രക്ഷോഭസമരത്തിന് നേതൃത്വം നൽകുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
 ഇടുക്കിക്കവലയിൽനിന്ന്‌ പ്രകടനമായി എത്തിയ നേതാക്കളെയും പ്രവർത്തകരെയും നഗരസഭാ പ്രവേശനകവാടത്തിൽ പൊലീസ് തടഞ്ഞു. സമരം സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി ഉദ്ഘാടനം ചെയ്‌തു. അഡ്വ. വി എസ് അഭിലാഷ് അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ മനോജ് എം തോമസ്, രാജൻകുട്ടി മുതുകുളം, എം സി ബിജു, ജിബിൻ മാത്യു, പൊന്നമ്മ സുഗതൻ, സുധർമ്മ മോഹനൻ, ഷാജി കുത്തോടി, ബിന്ദുലത രാജു, സിജോമോൻ ജോസ്, ബെന്നി കുര്യൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top