30 November Monday

വികസനവെട്ടത്തിൽ ഇടമലക്കുടി

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020
മൂന്നാർ
സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്താണ്‌ ഇടമലക്കുടി‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയാണ്‌ എൽഡിഎഫ്‌ അധികാരമേറ്റത്‌. അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാൻ എൽഡിഎഫ്‌ ഭരണസമിതിക്ക്‌ കഴിഞ്ഞു. 
ആദിവാസി വിഭാഗമായ മുതുവാ സമുദായത്തിപ്പെട്ടവരാണ്‌ ഇവിടെ വസിക്കുന്നത്‌. വിനോദസഞ്ചാരികൾ ഉൾപ്പെടെ മറ്റാർക്കും ഇവിടേക്ക്‌ പ്രവേശനമില്ല. 20 കിലോമീറ്റർ ചുറ്റളവിൽ വനത്തിലുള്ളിലാണ്‌ ഈ പഞ്ചായത്തെന്നതും കൗതുകകരം‌. 2010 നവംബർ ഒന്നിനാണ് പഞ്ചായത്ത് നിലവിൽ വന്നത്. 106 ചതുരശ്ര കിലോമീറ്ററാണ് വിസ്‌തൃതി. പെട്ടിമുടിയിൽനിന്ന്‌ 16 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റി ക്കുടിയിലെത്താം. 
മൂന്നാർ പഞ്ചായത്തിന്റെ ഒന്നാം വാർഡായിരുന്ന ഇടമലക്കുടിക്ക് സ്വതന്ത്ര പഞ്ചായത്ത്‌ എന്ന പദവി നൽകുകയായിരുന്നു. തമിഴ്നാട്ടിൽനിന്ന്‌ എത്തിയ മുതുവാന്മാർ കുഞ്ചിത്തണ്ണി, മാങ്കുളം, ആനച്ചാൽ എന്നിവടങ്ങളിലെ വനങ്ങളിലാണ് കുടിൽ കെട്ടി താമസിച്ചിരുന്നത്. ചെങ്കുളം അണക്കെട്ടിനുവേണ്ടി സ്ഥലം വിട്ടുകൊടുക്കേണ്ടി വന്നപ്പോൾ ഇവർ ഇടമലക്കുടിയിലേക്ക് കുടിയേറി. 
അഞ്ചു വർഷത്തിനുള്ളിൽ പഞ്ചായത്തിലെ അഞ്ച്‌ കുടികളിൽ വൈദ്യുതി എത്തിച്ചു. എല്ലാ വീടുകളിലും സൗരോർജ വിളക്ക് നൽകി. എല്ലാ വാർഡുകളിലും സോളാർ ഹൈമാസ്റ്റ് സ്ഥാപിക്കുന്നത്‌ അന്തിമ ഘട്ടത്തിലാണ്. വിവിധ വാർഡുകളിൽ 32 കിലോമീറ്റർ മൺ റോഡ് നിർമിച്ചു. പെട്ടിമുടി മുതൽ സൊസൈറ്റിക്കുടി വരെ തകർന്ന ഭാഗം കോൺക്രീറ്റ് ചെയ്യുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ 110 വീടുകളും നിർമിക്കുന്നു.  ഒന്നര കോടി രൂപ ചെലവഴിച്ച് പ്രാഥമികാരോഗ്യ കേന്ദ്രം പൂർത്തിയാക്കി. ജലക്ഷാമം പരിഹരിക്കാൻ രണ്ട് വാർഡുകളിൽ ജലനിധി പദ്ധതി നടപ്പാക്കി. 
പഞ്ചായത്തിൽ 26 കുടികളുണ്ട്‌. 2236 ആണ് ജനസംഖ്യ. 13 വാർഡുകളിലായി ആകെ 1803 വോട്ടർമാർ. കക്ഷിനില: സിപിഐ എം‐ അഞ്ച്‌, കോൺഗ്രസ്‌: അഞ്ച്‌, ബിജെപി: മൂന്ന്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top