28 November Saturday

ഹരിത ഇടനാഴിയില്‍ മാലിന്യം തള്ളി; വ്യാപാരിക്ക്‌ പിഴ

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020

 തൊടുപുഴ

വാഗമണ്‍ ഹരിത ഇടനാഴിയില്‍ മാലിന്യം തള്ളിയ പച്ചക്കറി വ്യാപാരിയില്‍നിന്ന്‌ മൂവായിരം രൂപ പിഴ ഈടാക്കി. വാഗമണ്‍ ടീ ജങ‌്ഷനിലെ ഹരിത ചെക്ക്പോസ്റ്റിന്റെ ചുമതലയുള്ള ഹരിത കര്‍മസേനാ കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ നല്‍കിയ പരാതിയിലാണ് ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി ജയന്‍ ജോണിന്റെ നടപടി. ഏലപ്പാറ ടൗണിലെ പച്ചക്കറി വ്യാപാരി കുരുവിത്തോട്ടത്തില്‍ അനിലില്‍നിന്നാണ‌് നിയമലംഘനത്തിന്‌ പിഴ ഈടാക്കിയത്.
    സെപ്തംബര്‍ 25ന് രാത്രി 10.30നാണ‌് ലോറിയില്‍ എത്തിച്ച മാലിന്യം വാഗമണ്‍ ടീ ജങ‌്ഷനിലെ ഹരിത ചെക്ക്പോസ്റ്റിന് സമീപം തള്ളിയത്. ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹരിതകര്‍മസേനാംഗങ്ങള്‍ ലോറി സംശയാസ്പദമായ നിലയില്‍ നിര്‍ത്തിയിട്ടത് കണ്ടിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയത‌് കണ്ടെത്തിയത‌്. അംഗങ്ങൾ വാഗമണ്‍ പൊലീസില്‍ പരാതി നല്‍കി. ഹരിതകര്‍മസേന നല്‍കിയ സൂചനകള്‍വച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അനിലാണ് ലോറിയില്‍ മാലിന്യം കൊണ്ടുവന്ന് തള്ളിയതെന്ന് തെളിഞ്ഞു. പിന്നീട് അനിലിനെ പഞ്ചായത്തില്‍ വിളിച്ചുവരുത്തി പിഴയീടാക്കി കേസ് തീര്‍പ്പാക്കി. വാഗമണ്ണിനെ മാലിന്യമുക്തമാക്കി നിലനിര്‍ത്താൻ ഹരിതകേരളവും ഏലപ്പാറ പഞ്ചായത്തും ചേര്‍ന്ന് ‘വഴികാട്ടാന്‍ വാഗമണ്‍’ പദ്ധതി ഊര്‍ജിതമായി നടപ്പാക്കിവരികയാണ്. അതിനിടയിലാണ് ഈ നാട്ടുകാരൻതന്നെ വഴിയരികില്‍ മാലിന്യം തള്ളിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top