28 May Sunday
കുട്ടികൾ നടന്നത് 35 കിലോമീറ്റർ

തൊടുപുഴയിൽനിന്ന്‌ കാണാതായ 
4 കുട്ടികളെയും കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

 തൊടുപുഴ

ആശങ്കകൾക്ക്‌ വിരാമം; തൊടുപുഴ മണക്കാട് ട്രൈബൽ പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലിൽനിന്ന് കാണാതായ നാല് ആൺകുട്ടികളെയും കണ്ടെത്തി. ബുധൻ രാവിലെ എട്ടോടെ നേര്യമംഗലത്തിന് സമീപം വില്ല്യാഞ്ചിറയിൽനിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ചൊവ്വാ രാവിലെയാണ്‌ ഹോസ്‌റ്റലിൽനിന്ന്‌ ഇവർ രക്ഷപെട്ടത്‌.
35 കിലോ മീറ്ററാണ്‌ ഹോസ്‌റ്റലിൽ നിന്നിറങ്ങിയ നാൽവർസംഘം നടന്നുതീർത്തത്‌. വില്ല്യാഞ്ചിറയിൽ രാവിലെ നടക്കാനിറങ്ങിയവരിലൊരാളാണ് നീലാംബരി റിസോർട്ടിന് സമീപം കുട്ടികൾ നടന്നുപോകുന്നത്‌ കണ്ടത്‌. വിവരമറിഞ്ഞ ഊന്നുകൽ എസ്ഐ കെ ആർ ശരത്ചന്ദ്രകുമാർ സ്ഥലത്തെത്തി കുട്ടികളെ കണ്ടെത്തി. യൂണിഫോമിലല്ലാത്തതിനാൽ കുട്ടികൾ സാധാരണ പോലെ സംസാരിച്ചു. അടുത്തുള്ള ചേച്ചിയുടെ വീട്ടിലേക്കാണെന്നാണ് ഇവർ എസ്ഐയോട് പറഞ്ഞത്. മയത്തിൽ സംസാരിച്ച് ഇവരെ കാറിൽകയറ്റി എസ്ഐ ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച്‌ തൊടുപുഴ പൊലീസിന് കൈമാറുകയായിരുന്നു.
   കുട്ടികളിലൊരാളുടെ പ്രേരണയിലാണ് ഹോസ്റ്റലിൽനിന്ന് രക്ഷപ്പെടാൻ കാരണമെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഹോസ്റ്റലിലെ നിയന്ത്രണങ്ങൾ സഹിക്കാനാകാത്തതിനാൽ വീടുകളിലേക്ക് പോവുകയായിരുന്നു ലക്ഷ്യം. രാവിലെ എട്ടിന് ഭക്ഷണം കഴിച്ച്‌ ഹോസ്റ്റലിന്റെ മതിൽ ചാടി നേര്യമംഗലം ലക്ഷ്യമാക്കി നടന്നു. 
 നേര്യമംഗലത്തെത്തി കാട്ടിലൂടെ കൂട്ടത്തിലൊരാളുടെ വീടുള്ള തേവർക്കുടിയിലേക്ക് പോകാനായിരുന്നു പദ്ധതി. കൈയിലുണ്ടായിരുന്ന പണമുപയോഗിച്ച് ഒരു ഹോട്ടലിൽനിന്ന് പൊറോട്ട കഴിച്ചു. രാത്രിയോടെ ഊന്നുകല്ലിലെത്തി. ഇവിടത്തെ പള്ളിഗ്രൗണ്ടിൽ കിടന്നുറങ്ങി. രാവിലെ ഉണർന്ന് നേര്യമംഗലം ഭാഗത്തേക്ക് പോകുമ്പോഴായാണ് വഴിയാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്. ചിത്രമടക്കം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും മാധ്യമവാർത്തകളും പെട്ടെന്ന് തിരിച്ചറിയാനിടയാക്കി. 
കുട്ടികളെ തൊടുപുഴ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റിന്റെ ചേമ്പറിൽ ഹാജരാക്കി. തുടർന്ന് കോടതി നിർദ്ദേശപ്രകാരം മാതാപിതാക്കൾക്കൊപ്പം വിട്ടു. തേവർകുടി, പണിക്കൻകുടി, പൂയംകുട്ടി എന്നിവിടങ്ങളിലുള്ളവരാണ് ആദിവാസിവിഭാഗത്തിൽപ്പെട്ട കുട്ടികൾ നാലുപേരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top