11 July Saturday

കനത്ത മഴയിൽ മുങ്ങി തൊടുപുഴ നഗരം

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020
 
തൊടുപുഴ
കനത്ത മഴയിൽ വെള്ളക്കെട്ടിലമർന്ന്‌ തൊടുപുഴ പട്ടണം. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ്‌ കരുത്താർജിച്ച മഴയിൽ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിലായി. ഏതാനും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. റോഡിൽ വെള്ളക്കെട്ടായതോടെ വാഹനഗതാഗതവും അസാധ്യമായി. ഈ സീസണിൽ വേനൽ മഴ ആരംഭിച്ചശേഷം തൊടുപുഴയിൽ ലഭിച്ച ഏറ്റവും കനത്ത മഴയാണിത്‌. ശക്തമായ ഇടിമിന്നലിനൊപ്പം കോരിച്ചൊരിഞ്ഞ മഴയിൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങൾ വീണാണ്‌ വൈദ്യുതിബന്ധം നിലച്ചത്‌. ചില വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ കാറ്റിൽ തകർന്നുവീണു. പകൽ മൂന്നോടെ ആരംഭിച്ച മഴ ഒന്നര മണിക്കൂർ നീണ്ടു. ഓടകൾ നിറഞ്ഞു വെള്ളം പുറത്തേക്കൊഴുകിയാണ്‌ റോഡുകളിൽ വെള്ളക്കെട്ടുണ്ടായത്‌. മഴക്കാലത്തിനുമുമ്പ്‌ ഓടകൾ വൃത്തിയാക്കാത്തതിനാലാണ്‌ കടകളിൽ വെള്ളം കയറി നാശമുണ്ടായത്‌. തൊടുപുഴ മാർക്കറ്റ്‌ റോഡിലും പാലാ റോഡിൽ നഗരസഭ ബസ് സ്റ്റാൻഡ്‌ മുതൽ മണക്കാട് ജങ്‌ഷൻ വരെയും റോഡിൽ വെള്ളം നിറഞ്ഞു. മൂവാറ്റുപുഴ റോഡിലും പിഡബ്ല്യുഡി റസ്റ്റ്‌ ഹൗസ് മുതൽ റോഡിലും വെള്ളം ഉയർന്നു. റോട്ടറി ജങ്‌ഷൻ, പഴയ ബസ്‌ സ്റ്റാൻഡ്‌, കാരിക്കോട്‌ എന്നിവിടങ്ങളിലും വെള്ളം കയറി.
പട്ടയംകവല ഭാഗത്ത് മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്‌സ് എത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. കാഞ്ഞിരമറ്റം റോഡിൽ  വൈദ്യുതി ലൈനിലേക്ക്‌ തേക്ക്‌ ഒടിഞ്ഞുവീണത്‌ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വെട്ടിനീക്കി. നഗരത്തിലെ ഓടകളിൽ മണ്ണും ചെളിയും കെട്ടിക്കിടന്ന്‌ മഴവെള്ളം ഒഴുകിപ്പോകാത്തതുമൂലമാണ്‌ നാശം നേരിട്ടതെന്ന്‌ വ്യാപാരികൾ പറഞ്ഞു. എത്രയും പെട്ടെന്ന്‌ ഓടകൾ ശുചീകരിക്കണമെന്ന്‌ വ്യാപാരികൾ  നഗരസഭാ അധികൃതരോട്‌ ആവശ്യപ്പെട്ടു.
 
പ്രധാന വാർത്തകൾ
 Top