31 October Saturday

പടിയിറങ്ങാൻ ബിഎസ്‌എൻഎൽ ഉപഭോക്തൃ സേവനകേന്ദ്രങ്ങൾ

എം ഡി വിപിൻദാസ്‌Updated: Monday Sep 28, 2020
 
കട്ടപ്പന 
ഹൈറേഞ്ചിൽനിന്ന്‌ ബിഎസ്‌എൻഎൽ ഉപഭോക്തൃ സേവനകേന്ദ്രങ്ങൾ പടിയിറങ്ങുന്നു. നിലവിൽ ജില്ലയിലെ അഞ്ച്‌ കേന്ദ്രങ്ങളിൽ മൂന്നാർ, നെടുങ്കണ്ടം, കട്ടപ്പന എന്നിവ നിർത്തലാക്കാനാണ്‌ ബിഎസ്‌എൻഎൽ മാനേജ്‌മെന്റ്‌ തീരുമാനിച്ചിരിക്കുന്നത്‌. ഇതോടെ തൊടുപുഴയിലും പീരുമേട്ടിലും മാത്രമായി ഉപഭോക്‌തൃ സേവനകേന്ദ്രങ്ങൾ പരിമിതപ്പെടും. വിസ്‌തൃതമായ ജില്ലയിൽ കിലോമീറ്ററുകൾ സഞ്ചരിച്ച്‌ ഈ രണ്ട്‌ കേന്ദ്രങ്ങളിൽ എത്തിയാൽമാത്രമേ സേവനങ്ങൾ ലഭിക്കൂ. കുമളി, മുരിക്കാശേരി, അടിമാലി, ചെറുതോണി എന്നിവിടങ്ങളിലെ സേവനകേന്ദ്രങ്ങൾ മുമ്പേ നിർത്തിയിരുന്നു. ബിഎസ്‌എൻഎൽ പുറംകരാർ(ഔട്ട്‌ സോഴ്‌സിങ്) നൽകുന്നതിന്റെ ഭാഗമായാണ്‌ ഈ നീക്കം. ഇതോടെ സേവനങ്ങൾ മുഴുവൻ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറുന്ന സ്ഥിതിയാകും. ഓഫീസും ഉപകരണങ്ങളുമടക്കം സ്വകാര്യ ഏജൻസികൾക്ക്‌ വിട്ടുനൽകും. ദിവസേന നൂറ്‌ കണക്കിന്‌ ജനങ്ങൾ ആശ്രയിക്കുന്ന സേവനകേന്ദ്രങ്ങൾ നിർത്തലാക്കുന്നതോടെ ആവശ്യങ്ങൾക്കായി മറയൂർ, മൂന്നാർ, അടിമാലി ഭാഗത്തുള്ളവർക്ക്‌ കീലോമീറ്ററുകൾ താണ്ടി തൊടുപുഴയിലും ജില്ലയുടെ മറ്റ്‌ ഭാഗത്തുള്ളവർക്ക്‌ പീരുമേട്ടിലും എത്തേണ്ട അവസ്ഥയുണ്ടാകും.
വരുമാനത്തിലും മുന്നിൽ 
പുറംകരാറിന്റെ ഭാഗമായി ബിഎസ്‌എൻഎൽ നിർത്തലാക്കുന്ന ജില്ലയിലെ മൂന്ന്‌ ഉപഭോക്തൃ സേവനകേന്ദ്രങ്ങളും വരുമാനത്തിലും മുൻനിരയിൽ നിൽക്കുന്നവയാണ്‌. കട്ടപ്പനയിൽ മാസം 12 ലക്ഷവും നെടുങ്കണ്ടത്ത്‌ എട്ട്‌ ലക്ഷവും മൂന്നാറിൽ 25 ലക്ഷവും വരുമാനമുണ്ട്‌.  പ്രധാന വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ എറ്റവും കൂടുതൽ വരുമാനമുള്ള സേവനകേന്ദ്രവും മൂന്നാറിലേതാണ്‌. ബിഎസ്‌എൻഎൽ പോസ്റ്റ്‌ പെയ്‌ഡ്‌, പ്രീപെയ്‌ഡ്‌ സീം കണക്‌ഷൻ, ഇന്റർനെറ്റ്‌ എഫ്‌ടിടിഎച്ച്‌ അടക്കം ബിൽ ശേഖരിക്കൽ, പരാതികൾ എന്നിവയാണ്‌ പ്രധാനമായും സേവനകേന്ദ്രങ്ങൾ വഴി നൽകുന്നത്‌. 
സമരവുമായി തൊഴിലാളി സംഘടനകളും
ഇടുക്കി, എറണാകുളം ജില്ലകളിലെ ബിഎസ്‌എൻഎൽ ഉപഭോക്തൃ സേവനകേന്ദ്രങ്ങൾ അടച്ചുപൂട്ടാനുള്ള മാനേജ്‌മെന്റ്‌ തീരുമാനത്തിൽ പ്രതിഷേധിച്ച്‌ മുഴുവൻ ബിഎസ്‌എൻഎൽ ജീവനക്കാരെയും അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കാൻ ബിഎസ്‌എൻഎൽ എപ്ലോയീസ്‌ യൂണിയൻ തീരുമാനം. ബിഎസ്‌എൻഎൽ രൂപീകരണ ദിനമായ ഒക്‌ടോബർ ഒന്നിന്‌ ജീവനക്കാർ കരിദിനമാചരിക്കും. ജില്ലാ കേന്ദ്രങ്ങളിൽ പട്ടിണി സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു. വരുംദിവസങ്ങളിൽ സമരം ശക്തമാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top