05 August Wednesday

തിരിച്ചുവരും... പക്ഷേ എത്രനാൾ കാത്തിരിക്കണം‌

ജിതിൻ ബാബുUpdated: Sunday Jun 28, 2020

കാലാവധി കഴിഞ്ഞ ഹോം മേഡ് ചോക്ലേറ്റുകൾ ഉപേക്ഷിക്കുന്ന കുമളി സ്വദേശി സാംകുട്ടി

മണ്ണിനോടും വന്യമൃഗങ്ങളോടും പടവെട്ടിയാണ്‌ ഇടുക്കിയിലെ ജനത മുന്നേറിയത്‌. കോവിഡ്‌ 19 വലിയ പ്രതിസന്ധിയായി നിൽക്കുമ്പോഴും ആ അതിജീവന പോരാട്ടങ്ങളിലൂടെ നേടിയ കരുത്താണ്‌ ഹൈറേഞ്ചിലെ ജനതയെ നയിക്കുന്നത്‌. മഹാപ്രളയത്തെ പോലും തോൽപ്പിച്ച്‌ വന്നവർ കാത്തിരിക്കുകയാണ്‌ ആ നല്ലനാളുകളുടെ തിരിച്ചുവരവിനായി...
മധുരിക്കും ഓർമകൾ
‘‘മാസം മൂന്നായി ചോക്ലേറ്റ്‌ കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട്‌. കഷ്‌ടപ്പെട്ട്‌ ഉണ്ടാക്കിയത്‌ കളയാനും മനസ്സുവരുന്നില്ല’’ ഹോം മേഡ്‌ ചോക്ലേറ്റ്‌ നിർമാതാക്കളായ കുമളി പുതുപറമ്പിൽ സാംകുട്ടിയും ഭാര്യ ജിഷയുടെയും വാക്കുകൾ‌.
നാലുവർഷം മുമ്പ്‌ സ്വയംതൊഴിൽ വായ്‌പയെടുത്തും ചിട്ടി വിളിച്ചുമാണ്‌ ഹോംമേ‌ഡ്‌ ചോക്ലേറ്റ്‌ നിർമാണം തുടങ്ങിയത്‌. തേക്കടിയും വാഗമണ്ണുമായിരുന്നു പ്രധാന വിതരണകേന്ദ്രങ്ങൾ. കോവിഡ്‌ വന്നതോടെ എല്ലാം മാറിമറിഞ്ഞു.
ആറു ലക്ഷത്തോളം രൂപയുടെ ചോക്ലേറ്റാണ്‌ വിപണിയിൽ എത്തിച്ചിരിക്കുന്നത്‌. വീടുകളിൽ കെട്ടിക്കിടക്കുന്നത്‌ വേറെയും. വിനോദസഞ്ചാരം എന്ന്‌ തിരിച്ചുവരുമെന്ന്‌ ഉറപ്പില്ലാത്തതിനാൽ ഇറക്കിയ പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയും നഷ്ടപ്പെട്ടു. ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നതിന്‌ രണ്ടുദിവസം മുമ്പായിരുന്നു അവസാനമായി ചോക്ലേറ്റ്‌ ഉണ്ടാക്കിയത്‌. ഉപയോഗ കാലാവധി മൂന്നുമാസം ആയതിനാൽ ഇനി കളയുകയല്ലാതെ മാർഗമില്ല. പ്രതിസന്ധി കടുത്തതോടെ സമീപത്തുള്ള തോട്ടങ്ങളിൽ കയറിയിറങ്ങി വിറ്റാണ്‌ സാംകുട്ടി പിടിച്ചുനിന്നത്‌. ഇങ്ങനെ‌ ഇനി എത്രകാലം‌ മുന്നോട്ടുപോകുമെന്ന്‌ അറിയില്ല. അവരും തേടുകയാണ്‌ അതിജീവനത്തിന്റെ പുതിയ മാർഗങ്ങൾ.. അതിനായി സാംകുട്ടിയും ഭാര്യയും കോവിഡ്‌ കാലത്ത്‌ തന്നെ മണ്ണിലേക്കിറങ്ങി... കൃഷിയിൽ പുതിയ വിജയഗാഥ രചിക്കാനായി..

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top