18 April Sunday
ഇന്ധനവില വർധന

മോട്ടോർവാഹന പണിമുടക്ക്‌ 2ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021
തൊടുപുഴ
പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച‌് മാർച്ച‌് രണ്ടിന‌് ജില്ലയിലെ മോട്ടോർ വാഹനങ്ങളും പണിമുടക്കും. ഇടുക്കി ഡിസ‌്ട്രിക്ട‌് മോട്ടോർ വർക്കേഴ‌്സ‌് യൂണിയൻ ജില്ലാ കമ്മിറ്റി തൊടുപുഴയിൽ യോഗം ചേർന്നാണ‌് പണിമുടക്കാൻ തീരുമാനിച്ചത‌്. ഫെഡറേഷൻ സംസ്ഥാന വൈസ‌് പ്രസിഡന്റ‌് കെ എം ബാബു ഉദ‌്ഘാടനംചെയ‌്തു. യൂണിയൻ ജില്ലാ പ്രസിഡന്റ‌് കെ ആർ സോദരൻ അധ്യക്ഷനായി. ബിഎം‌എസ‌് ഒഴികെയുള്ള മുഴുവൻ തൊഴിലാളി യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും. 
  നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിക്കാനും ഗതാഗതചെലവ്‌ കുത്തനെ കൂട്ടാനും കുടുംബബജറ്റ‌് താളം തെറ്റിക്കാനും ഇടയാക്കിയ മോഡി സർക്കാരിന്റെ ഇന്ധനവില വർധന പിൻവലിക്കുക, 15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കുക, മുഴുവൻ വാഹനങ്ങളിലും ജിപിഎസ‌് ഘടിപ്പിക്കുക എന്നീ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ‌് സമരം. മുഴുവൻ ജനങ്ങളെയും കോർപറേറ്റുകൾക്ക‌് കൊള്ളചെയ്യാനുള്ള അവസരം ഒരുക്കുന്ന ബിജെപി സർക്കാരിന്റെ ജനദ്രോഹനയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട‌് നടത്തുന്ന പണിമുടക്കവും പ്രകടനവും വിജയിപ്പിക്കണമെന്ന‌് തൊഴിലാളികളോട‌് യൂണിയൻ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
കട്ടപ്പന
ഇന്ധനവില വർധനയ്‌ക്കെതിരെ മാർച്ച്‌ രണ്ടിന്‌ നടക്കുന്ന മോട്ടോർവാഹന പണിമുടക്ക്‌ വിജയിപ്പിക്കണമെന്ന്‌ സംയുക്ത സമരസമിതി കട്ടപ്പന ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി മാർച്ച്‌ ഒന്നിന്‌ കട്ടപ്പനയിലെ സ്റ്റാൻഡുകളിൽ പ്രതിഷേധയോഗം നടത്തും. രണ്ടിന്‌ മുഴുവൻ തൊഴിലാളികളും പണിമുടക്കി രാവിലെ എട്ടരയ്‌ക്ക്‌ കട്ടപ്പന ഗാന്ധി സ്‌ക്വയറിലെത്തി പ്രകടനവും യോഗവും നടത്തും. എല്ലാ തൊഴിലാളികളും സമരത്തിൽ പങ്കെടുക്കണമെന്ന്‌ സിഐടിയു ഏരിയ സെക്രട്ടറി എം സി ബിജു, എച്ച്‌എംടിഎ പ്രസിഡന്റ്‌ പി കെ ഗോപി, എഐടിയുസി പ്രസിഡന്റ്‌ രാജൻകുട്ടി മുതുകുളയിൽ, ഐഎൻടിയുസി പ്രസിഡന്റ്‌ സിജു ചക്കുംമൂട്ടിൽ എന്നിവർ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top