കുമളി
പൊളിച്ച കെട്ടിടത്തിനു പകരം കരാറുകാരൻ പുതിയത് നിർമിച്ചില്ല. കുമളി ട്രൈബൽ സ്കൂൾ കുട്ടികളും അധ്യാപകരും ദുരിതത്തിൽ. ആദിവാസി കുടുംബങ്ങളിൽനിന്ന് ഉൾപ്പെടെ നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന കുമളി ലബ്ബക്കണ്ടത്തുള്ള ട്രൈബൽ യുപി സ്കൂളിന്റെ ആകെയുള്ള നാലുകെട്ടിടങ്ങളിൽ രണ്ടെണ്ണമാണ് പൂർണമായും പൊളിച്ചുനീക്കിയത്. പുതിയ കെട്ടിടം നിർമിക്കാനുള്ള ഒരു നടപടിയും കരാറുകാരുടെ ഭാഗത്തുനിന്നുമുണ്ടായില്ല. പുതിയ കെട്ടിടത്തിന്റെ പില്ലർ കുഴികൾ മാത്രമാണ് എടുത്തത്. അവിടെ വെള്ളം കെട്ടിക്കിടക്കുന്നത് അപകടത്തിന് ഇടയാക്കുന്നു.
ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലായി അഞ്ഞൂറിലേറെ കുട്ടികൾ ട്രൈബൽ സ്കൂളിൽ പഠിക്കുന്നുണ്ട്. രണ്ട് കെട്ടിടങ്ങൾ നിർമിക്കാൻ ഒന്നരക്കോടിയോളം രൂപയ്ക്കാണ് രണ്ട് പേർ കരാറെടുത്തത്. ഒരു വർഷംമുമ്പ് ഒരു കോടി രൂപയുടെ കരാറെടുത്ത ആദ്യത്തെ വ്യക്തി പുതിയത് നിർമിക്കുന്നതിന് നിലവിലുണ്ടായിരുന്ന കെട്ടിടം പൂർണമായും പൊളിച്ചുനീക്കിയശേഷം ഉപേക്ഷിച്ചുപോയി. രണ്ടാമത്തെ കെട്ടിടം നിർമിക്കുന്നതിനായി 60 ലക്ഷത്തിന്റെ കരാറെടുത്തയാൾ കെട്ടിടം പൊളിച്ച് പില്ലർ കുഴിയെടുത്ത ശേഷം മാസങ്ങളായി അതേ പടി കിടക്കുന്നു.
രണ്ട് കെട്ടിടങ്ങളിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ എട്ടോളം ഡിവിഷനുകളാണ് പ്രവർത്തിച്ചിരുന്നത്. കെട്ടിടം പൊളിച്ചതിനാൽ ഒരു കിലോമീറ്റർ അകലെയുള്ള കുമളി സർക്കാർ ഹൈസ്കൂളിലാണ് താൽക്കാലികമായി പഠനം നടത്തുന്നത്. ഏഴ് ക്ലാസ് മുറികൾ വേണ്ടിടത്ത് ആറെണ്ണം മാത്രമാണ് ലഭിച്ചതും. കെട്ടിടം പൊളിക്കുന്നതിനായി ജെസിബി കൊണ്ടുവരാൻ കഞ്ഞിപ്പുര പൊളിച്ചതിനാൽ മറ്റൊരു ക്ലാസ് മുറിയിലാണ് പാചകം ചെയ്യുന്നത്. കുമളി സ്കൂളിൽ അധ്യാപകർക്ക് ഇരിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാൽ വരാന്തയിലാണ് കഴിച്ചുകൂട്ടുന്നത്. ഏഴു ക്ലാസുകളിലെ കുട്ടികൾക്ക് ഉച്ചക്കഞ്ഞി എത്തിക്കുന്നതിനായി വാഹനത്തിന് ആയിരത്തിലേറെ രൂപ ദിവസേന ചെലവാകും. സ്കൂൾ കെട്ടിടം യഥാസമയം നിർമാണം നടത്താൻ തയ്യാറാകാത്ത കരാറുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..