തൊടുപുഴ
സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് വിമതരായി മത്സരരംഗത്തുള്ള ഡിസിസി അംഗങ്ങളെ ഉൾപ്പെടെ പാർടിയിൽനിന്ന് പുറത്താക്കി ജില്ലാ കോൺഗ്രസ് നേതൃത്വം. ചിലരെ ആജീവനാന്തകാലത്തേക്കാണ് പുറത്താക്കിയത്. കുമാരമംഗലം പഞ്ചായത്തിലാണ് മുൻ പഞ്ചായത്ത് പ്രസിഡന്റുമാരും ഡിസിസി അംഗങ്ങളുമായ ജയിംസ് ചാക്കോ വഴുതലക്കാട്ട്, സെലിൻ ജെറൊം വെളുത്തേടത്തുപറമ്പിൽ എന്നിവരെ ആജീവനാന്തകാലത്തേക്ക് പുറത്താക്കിയത്. കൂടാതെ കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി വി ഇ ജെറോം, ബൂത്ത് പ്രസിഡന്റ് ബിജു എം മാനുവൽ എന്നിവർക്കും ആജീവനാന്ത വിലക്കുണ്ട്. ജോസഫ് വിഭാഗത്തിനെതിരെ ഒന്നാം വാർഡിലാണ് വിമതനായി ബിജു മത്സരിക്കുന്നത്. ജയിംസ് ചാക്കോ, മുൻ പ്രസിഡന്റ് സിന്ധുകുമാറിനെതിരെ പത്താം വാർഡിലും സെലിൻ ജെറോം 13–ാം വാർഡിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെയും അങ്കം മുറുക്കി.
തൊടുപുഴ നഗരസഭയിൽ അറയ്ക്കപ്പാറ വാർഡിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥിക്ക് എതിരെ മത്സരിക്കുന്ന മണ്ഡലം വൈസ് പ്രസിഡന്റ് മൈക്കിൾ കെ വർഗീസിനെയും മുൻ മണ്ഡലം പ്രസിഡന്റ് സുരേഷ് രാജുവിനെയും പുറത്താക്കി. എന്നാൽ, വർഷങ്ങളായി കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്ന തങ്ങളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഇരുവരും കഴിഞ്ഞ ദിവസംതന്നെ രാജി പ്രഖ്യാപിച്ചിരുന്നു. മുൻ ചെയർപേഴ്സന്റെ വാർഡിൽ അവരുടെ പോലും അഭിപ്രായം മാനിക്കാതെയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്ന വിമർശനവും നേതൃത്വത്തിനു നേരെ ഉയർന്നിട്ടുണ്ട്. കോൺഗ്രസിന് വാർഡിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് സൂചന.
കരിങ്കുന്നം പഞ്ചായത്തിൽ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്ന കോൺഗ്രസ് നേതാക്കളെയും ആറു വർഷത്തേക്ക് പുറത്താക്കി. കോൺഗ്രസ് കരിങ്കുന്നം മണ്ഡലം സെക്രട്ടറി കെ ജി ഹരിദാസ്, ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ മണ്ഡലം പ്രസിഡന്റ് പി സി സജി പുളിയനാൽ എന്നിവരെയാണ് പുറത്താക്കിയത്. 11–-ാം വാർഡിൽ ജോസഫ് ഗ്രൂപ്പിന്റെ സതീഷ് കേശവന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് ഹരിദാസ് പത്രിക നൽകിയത്. പത്രിക പിൻവലിക്കാതെ മത്സരരംഗത്ത് ഉറച്ചു നിൽക്കുകയുമാണ്. പത്ത് വർഷത്തിലേറെ കോൺഗ്രസ് ബൂത്ത് പ്രസിഡന്റും മൂന്ന് വർഷമായി കരിങ്കുന്നം മണ്ഡലം സെക്രട്ടറിയുമാണ് ഹരിദാസ്. ഇവിടെ സിപിഐ മുൻ ബ്ലോക്ക് പഞ്ചായത്തംഗമായ ശേഷം കൂറുമാറിയെത്തിയ സതീഷ് കേശവന് സീറ്റ് നൽകിയതിൽ യുഡിഎഫിൽ പരക്കെ അമർഷമുണ്ട്.
പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ഹരിദാസ് മത്സരിക്കാൻ തീരുമാനിച്ചത്. ജോസഫ് വിഭാഗം മണ്ഡലം പ്രസിഡന്റ് ജോജിക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് പി സി സജി പുളിയനാൽ പന്ത്രണ്ടാം വാർഡിൽ യുഡിഎഫ് വിമതനായി മത്സരിക്കുന്നത്. സീറ്റ് കിട്ടാത്ത വേറെ നിരവധി പേർ അവസാന നിമിഷം പത്രിക പിൻവലിച്ചിരുന്നു. പാർടിയുടെ നടപടിക്ക് വിധേയമാകാതെ ‘പക വീട്ടുക’ എന്നതാണ് അവരുടെ ലക്ഷ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..