03 December Friday

മുല്ലപ്പെരിയാർ വിഷയത്തിൽ 
മുതലെടുപ്പിന് എംപിയുടെ ശ്രമം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

 

കുമളി
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിൽ എത്തിയ എംപി മുതലെടുപ്പിന്‌ ശ്രമിച്ചത്‌ വിവാദമായി. കലക്ടറുടെയോ ജില്ലാ പൊലീസ് മേധാവിയുടെയോ തമിഴ്നാട് അധികൃതരുടെയോ മുൻകൂട്ടിയുള്ള അനുമതി വാങ്ങാതെ ആയിരുന്നു എംപിയും സംഘവും അണക്കെട്ടിലെത്തിയത്‌. അഡ്വ. ഡീൻ കുര്യാക്കോസ് എംപിയെ സുരക്ഷാ ചുമതലയുള്ള കേരള പൊലീസ് തടഞ്ഞു. ചൊവ്വാഴ്ച പകൽ മൂന്നോടെയാണ് എംപിയും ഏതാനും കോൺഗ്രസ് പ്രവർത്തകരും വള്ളക്കടവ് വഴി വനംവകുപ്പിന്റെ വാഹനത്തിൽ അണക്കെട്ടിനു സമീപത്ത് എത്തിയത്.
മുല്ലപ്പെരിയാർ പ്രശ്നത്തിൽ  ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കാൻ സംസ്ഥാന സർക്കാർ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് എംപിയുടെ അനവസരത്തിലുള്ള വിവാദ സന്ദർശനം. മുല്ലപ്പെരിയാർ പ്രശ്നം വഷളാക്കി മുതലെടുപ്പിന് എംപി ശ്രമിക്കുന്നതായ ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ വണ്ടിപ്പെരിയാറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ സംസ്ഥാന സർക്കാർ മുല്ലപ്പെരിയാർ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ലായെന്നും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന അതേ അളവിൽ ജലം തമിഴ്നാട്ടിലേക്ക് ഒഴുക്കണമെന്ന അശാസ്ത്രീയമായ നിർദ്ദേശവും എംപി മുന്നോട്ടുവച്ചു. ഇതിനു ശേഷമായിരുന്നു മുന്നറിയിപ്പില്ലാതെ വള്ളക്കടവ് വഴി അണക്കെട്ടിൽ എത്തിയത്.
  2011 ൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന്, ജനങ്ങൾക്കിടയിൽ വലിയ ആശങ്കയും പ്രതിഷേധവും ഉയർന്നുവന്നിരുന്നു. ഈ സന്ദർഭത്തിൽ  കോൺഗ്രസ് -യൂത്ത് കോൺഗ്രസ് ജില്ല നേതാക്കൾ ഉൾപ്പെടുന്ന സംഘം തേക്കടിയിൽ തമിഴ്നാട് അധീനതയിലുള്ള ഷട്ടർ ചെക്പോസ്റ്റ് പിടിച്ചടക്കി സംഘർഷത്തിന് തിരികൊളുത്തിയിരുന്നു. ഇതിന് അടുത്ത ദിവസങ്ങളിൽ തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പ ഭക്തരുടെ വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. ഇതിനെ തുടർന്ന് തമിഴ്നാട്ടിൽ എമ്പാടും മലയാളികളുടെ സ്ഥാപനങ്ങൾക്കും  വീടുകൾക്കും നേരെ വ്യാപകമായ അക്രമങ്ങൾ ഉണ്ടായി. കമ്പം, ഗൂഡല്ലൂർ, ലോയർക്യാമ്പ് മേഖലകളിൽ മലയാളികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന നിരവധി കയർ ഫാക്ടറികളും ഫാമുകളും  തോട്ടങ്ങളും അഗ്നിക്കിരയാക്കി കോടികളുടെ നാശനഷ്ടം ഉണ്ടായി. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് മുന്നിൽ നിൽക്കേണ്ട എംപി വികാരപരമായി ഇടപെട്ട് പ്രശ്നം വഷളാക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top