08 December Thursday

ഗവർണർ ഭരണഘടനാ ബാധ്യത നിറവേറ്റണം: 
എം വി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022
ഇടുക്കി
ആർഎസ്എസ് വിധേയത്വംവിട്ട് ഗവർണർ ഭരണഘടനബാധ്യത നിറവേറ്റണമെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഇടുക്കിയിൽ ധീരജ് കുടുംബസഹായനിധി കെെമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദേഹം. ഗവർണർ ആരിഫ്‌ മുഹമ്മദ്‌ഖാൻ നേരത്തെ ഒപ്പിട്ട ഓർഡിനൻസുകൾ നിയമസഭ പാസാക്കുമ്പോൾ മാറ്റിവയ്‌ക്കുന്നത്‌ സ്ഥാനത്തിന്‌ യോജിച്ചതല്ല. സർക്കാരിന്‌ വേണ്ട ഉപദേശം നൽകുകയാണ്‌ ഗവർണറുടെ ചുമതല. കോൺഗ്രസിൽനിന്ന്‌ രാജിവച്ച്‌ ബിജെപിയിൽ ചേർന്ന പാരമ്പര്യമുള്ള അദേഹം ഗവർണർ സ്ഥാനം രാജിവച്ച്‌ നേരിട്ടുള്ള രാഷ്‌ട്രീയത്തിലിറങ്ങട്ടെ. അതിന്‌ ആർഎസ്‌എസ്‌ മേധാവി മോഹൻ ഭാഗവത്തുമായുള്ള ചങ്ങാത്തം ഉപകരിക്കും. ആർഎസ്‌എസ്‌ ഉപകരണമായി ഗവർണർ പ്രവർത്തിക്കാനുള്ള നീക്കം കേരളത്തിൽ വിലപ്പോവില്ല. ഗവണറെ ആരോ കൊലപ്പെടുത്താൻ നോക്കുന്നതായുള്ള വിചിത്രമാനസികാവസ്ഥയിലാണ്‌ കാര്യങ്ങൾ പറയുന്നത്‌. മുൻ ചരിത്രകൗൺസിൽ അംഗം 92 വയസുള്ള പ്രൊഫ. ഇർഫാൻ ഹബീബിനെ ഗുണ്ടയെന്നും  മുൻ ഗവണർ ജസ്‌റ്റിസ്‌ പി സദാശിവം കണ്ണൂർ സർവകലാശാല വിസിയായ നിയമിച്ച ഗോപിനാഥ്‌ രവീന്ദ്രനെ ക്രിമിനൽ എന്നും വിശേഷിപ്പിക്കുകയും ചെയ്‌തു. യുജിസി റെഗുലേഷൻ അനുസരിച്ച്‌ ആരീഫ്‌ മുഹമ്മദ്‌ ഖാൻ തന്നെ നിയമനം പുതുക്കി കൊടുക്കുകയും ചെയ്‌തു. പിന്നീട്‌ മുഖ്യമന്ത്രി ശുപാർശചെയ്‌തെന്ന്‌ പറയുന്നത്‌ അടിസ്ഥാനമില്ലാത്ത കാര്യമാണ്‌. 
ഗവണർ ബില്ലുകൾ പാസാക്കാത്തതിനെ അനുകൂലിക്കുന്ന നിലപാടാണ്‌ കെപിസിസി അധ്യക്ഷന്‌. ‘ധീരജ്‌ ഇരന്നു വാങ്ങിയ മരണമെന്നായിരുന്നു  കെ സുധാകരൻ പറഞ്ഞത്‌. അരുംകൊലചെയ്‌ത നിഖിൽ പൈലിയേക്കാൾ ധീരജിന്റെ കുടുംബത്തെ കൂടുതൽ വേദനിപ്പിച്ചത്‌ കെപിസിസി അധ്യക്ഷന്റെ കൊലപാതകികളെ ന്യായീകരിച്ചുള്ള പ്രസംഗമായിരുന്നു. കൊലപാതകം നടത്തിയ യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾ  ജോഡോയാത്രയിൽ അഖിലേന്ത്യ നേതാവിനൊപ്പം പര്യടനത്തിന്‌ സഹയാത്രികരായി ഉണ്ടായിരുന്നു. ആരും അപലപിച്ചില്ല.
1970 ബ്രണ്ണൻകോളേജിലെ അഷ്‌റഫ്‌ മുതൽ ധീരജ്‌ വരെയുളള 35 വിദ്യാർഥി പ്രവർത്തകരെ ക്യാമ്പസിനകത്ത്‌ കൊലപ്പെടുത്തി. ധീരജിന്റെ ധീരരക്തസാക്ഷിത്വത്തിന്റെ ആവേശത്തിൽ വിദ്യാർഥി സമൂഹം കാപാലികരെ ഒറ്റപ്പെടുത്തി എല്ലാ സർവകലാശാലകളിലും കലാലയ യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടി. കൊലപാതകത്തിലൂടെ എൽഡിഎഫിനെ ഇല്ലാതാക്കി വിലസാമെന്നു കരുതണ്ട. ഭരണതുടർച്ച നേടിയ എൽഡിഎഫ്‌ സർക്കാർ 5000 സ്‌റ്റാർട്ട്‌ അപ്പ്‌ കമ്പിനികളുമായി രാജ്യത്തിന്‌ മാതൃകയായി. കിഫ്‌ബി പദ്ധതിയിൽ വികസനം, ക്ഷേമപെൻഷൻ  എന്നിവയെല്ലാം ജനങ്ങളിലെത്തിക്കാനും ബദൽ ഭരണമുന്നേറ്റം കൊണ്ടുവരാൻ കഴിഞ്ഞതായി എം വി ജയരാജൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top