16 October Saturday
കർഷക പോരാട്ടത്തിന്‌ കരുത്താകാൻ

ഹർത്താൽ: ജില്ല ഇന്ന്‌ 
നിശ്ചലമാകും

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021
 
കട്ടപ്പന 
കർഷകർ ഡൽഹിയിലും രാജ്യത്താകെയും നടത്തുന്ന പ്രക്ഷോഭങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ തിങ്കളാഴ്‌ച നടത്തുന്ന ഹർത്താലിൽ ജില്ലയും പങ്കാളിയാകും. സംയുക്ത കിസാൻ മോർച്ച നടത്തുന്ന ഭാരത്‌ ബന്ദിന്‌ ജില്ലയിൽ സംയുക്തട്രേഡ്‌ യൂണിയൻ സമിതിയാണ്‌ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്‌. രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ ഹർത്താൽ. പാൽ, പത്രം തുടങ്ങിയ അവശ്യസർവീസുകളെ ഹർത്താലിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. ഹർത്താലിൽ പകൽ 10.30 മുതൽ 11 വരെ തൊഴിലാളികളും കർഷകരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റോഡുകളിൽ അണിനിരക്കും.
 ഭാരത്‌ ബന്ദിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഞായർ വൈകിട്ട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കാർഷിക മേഖലയെ കോർപറേറ്റുകൾക്ക്‌ അടിയറവയ്‌ക്കുന്ന മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ജീവൻമരണ സമരത്തിലാണ്. 2020 നവംബർ ആറുമുതൽ രാജ്യതലസ്ഥാനത്ത്‌ 500 കർഷകസംഘടനകൾ ചേർന്ന സംയുക്ത കിസാൻ മോർച്ചയാണ് സമരത്തിന് നേതൃത്വം നൽകുന്നത്. സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിക്കാതെ കേന്ദ്രസർക്കാർ ഓർഡിനൻസും തൊഴിൽ നിയമഭേദഗതിയും പാസാക്കി.
      കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരം കുത്തകൾക്ക്‌ അടിയറവച്ചു. കരാർ കൃഷിരംഗത്ത് വരുന്നതോടെ ചെറുകിട കൃഷിക്കാർ പുറന്തള്ളപ്പെടും. കോടതികൾക്കും ഇടപെടാനാകില്ല. താങ്ങുവില നൽകുന്നതിനുള്ള സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് അവഗണിക്കുന്നതും ഭക്ഷ്യസുരക്ഷ തകർക്കുന്നതുമാണ് പുതിയ നിയമങ്ങൾ. വൈദ്യുതി ചാർജ് വൻതോതിൽ ഉയർത്തുന്ന ഭേദഗതി ബില്ലും പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഉജ്വല സമരങ്ങളുടെ ഫലമായുണ്ടായ 29 തൊഴിൽനിയമങ്ങൾ നാല് ലേബർ കോഡുകളാക്കി മോദി സർക്കാർ മാറ്റി. മിനിമംവേതന നിയമവും ബോണസ് നിയമവും ഓവർ ടൈം അലവൻസ് നിയമവും കൂലികൊടുക്കൽ നിയമങ്ങളും കൂട്ടിച്ചേർത്ത് ഒറ്റ നിയമമാക്കി. 
ജോലി സമയം എട്ടിൽനിന്ന്‌ 12 മണിക്കൂറായി വർധിപ്പിക്കാൻ മുതലാളിക്ക് സ്വാതന്ത്ര്യം നൽകുന്നതാണ്‌ കോഡ് ഓൺ വേജസ്. മറ്റൊരു കോഡ് 13 നിയമങ്ങൾ കൂട്ടിച്ചേർത്തതാണ്. പ്ലാന്റേഷൻ ലേബർ ആക്ട്, ഫാക്ടറീസ് ആക്ട്, വെൽഡിങ്‌ ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ആക്ട്, മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട് തുടങ്ങിയ കരിനിയമങ്ങളെല്ലാം ഇതിൽ ഉൾപ്പെടും. വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകൾ തുറക്കാതെയും ഹർത്താലിൽ എല്ലാവിഭാഗം ആളുകളും പങ്കാളികളാകണമെന്ന്‌ ജില്ലയിൽ സംയുക്തട്രേഡ്‌ യൂണിയൻ സമിതി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top