31 October Saturday

കാത്തിരിക്കുന്നു തെക്കിന്റെ കാശ്‌മീർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

 മൂന്നാർ

മഞ്ഞണിഞ്ഞ മലനിരകൾ, ക്യാൻവാസിൽ ഒരുക്കിയ ചിത്രംപോലെ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങൾ. മഞ്ഞുപുതച്ച വഴികളിൽ മനംനിറയ്‌ക്കുന്ന തണുപ്പും. തെക്കിന്റെ കാശ്‌മീരായ മൂന്നാർ എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായിരുന്നു. തിരക്കൊഴിയാത്ത മൂന്നാർ ടൗൺ കഴിഞ്ഞ ആറുമാസമായി നിശബ്ദമാണ്‌. വിനോദസഞ്ചാര മേഖലയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ആയിരക്കണക്കിന് തൊഴിലാളികളാണ് ജോലി നഷ്ടപ്പെട്ട് പ്രതിസന്ധിയിലായത്. നൂറുകണക്കിന് ഹോംസ്‌റ്റേകളും റിസോർട്ട്, കോട്ടേജുകൾ എന്നിവയെല്ലാം നിശ്ചലമായി. കോവിഡ്‌ മഹാമാരി വരുത്തിയ പ്രതിസന്ധി മൂന്നാർ ടൂറിസത്തെ സാരമായി ബാധിച്ചെങ്കിലും ഇളവുകൾ ലഭിച്ചതോടെ വിനോദസഞ്ചാരം വീണ്ടും ഉണർന്ന്‌ തുടങ്ങിയിരിക്കുന്നു.   വ്യാപകമായല്ലെങ്കിലും ചെറിയ തോതിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്ന് സഞ്ചാരികൾ മൂന്നാറിലെത്തിത്തുടങ്ങി. ഇരുചക്ര വാഹനങ്ങളിലെത്തുന്നവരുടെയും കുടുംബമായി എത്തുന്നവരുടെയും എണ്ണം പതിയെ കൂടുന്നുണ്ട്‌. മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, എക്കോ പോയിന്റ്‌ എന്നിവിടങ്ങളിൽ അടച്ചിട്ടിരുന്ന കച്ചവട സ്ഥാപനങ്ങൾ ഓരോന്നായി തുറന്നുതുടങ്ങി. വരയാടുകളുടെ ആവാസകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായുള്ള രാജമലയിൽ സന്ദർശകരുടെ എണ്ണത്തിൽ വർധനയുണ്ടായി. ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി മാട്ടുപ്പെട്ടി, കുണ്ടള തുടങ്ങിയ അണക്കെട്ടുകളിൽ ബോട്ടിങ് സംവിധാനമുണ്ട്. നിലവിലെ സാഹചര്യത്തിൽ സന്ദർശകർ എത്താത്തതിനാൽ ബോട്ടിങ് നിർത്തിവച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം തുടരുമ്പോഴും സർക്കാർ നിർദേശം പാലിച്ച് സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് കഴിയുന്നവർ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top