20 October Sunday
വെളുത്തുള്ളിക്ക് 200 രൂപ

അഞ്ചുനാട്ടിൽ ഓണക്കാല വിളവെടുപ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019

 

 
മറയൂർ 
ശീതകാല പച്ചക്കറി വിളകളുടെ കേന്ദ്രമായ കാന്തല്ലൂർ, വട്ടവട മേഖലകളിൽ വെളുത്തുള്ളി വിളവെടുപ്പ് ആരംഭിച്ചു. കാന്തല്ലൂരിൽ വിളവെടുത്ത ഒന്നാംതരം വെളുത്തുള്ളിക്ക് കിലോയ്‌ക്ക്‌ 200 രൂപ ലഭിച്ചത് കർഷകർക്ക് ആശ്വാസമായി. കാന്തല്ലൂരിലെ നാരാച്ചി പെരൂമല, കീഴാന്തൂർ എന്നിവിടങ്ങളിലാണ് വിളവെടുപ്പ് ആരംഭിച്ചത്. എന്നാൽ, ഓണക്കാലത്തേക്കുള്ള സംഭരണം ഹോർട്ടികോർപ്പ് ആരംഭിക്കാത്തതും പെരിയവരൈ പാലത്തിന്റെ പുനർനിർമാണം നടക്കുന്നതുകൊണ്ടും വിളവെടുത്ത ആദ്യലോഡ്‌ മേട്ടുപ്പാളയം മാർക്കറ്റിലാണ് വിൽപ്പന നടത്തിയത്. 
കാന്തല്ലൂർ വെളുത്തുള്ളിയിൽ തൈലത്തിന്റെ അളവ് കൂടുതലായതിനാൽ തമിഴ്നാട്ടിലെ വടുകെട്ടി, മേട്ടുപ്പാളയം മാർക്കറ്റുകളിൽ ആവശ്യക്കാരേറെയാണ്. മാർക്കറ്റിലെ അഞ്ചുശതമാനം കമീഷനും വാഹനക്കൂലിയും കഴിഞ്ഞാൽ 180 രൂപയോളം ലഭിക്കും. ഇത്‌ ലാഭകരമാണെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ ഓണക്കാലത്ത് 60 മുതൽ 90 രൂപ വരെയാണ് കർഷകർക്ക് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടിവില ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കർഷകർ. പ്രാദേശിക വിപണിയിൽ 260 രൂപവരെ ലഭിക്കുന്നുണ്ട്. ഇൻഹേലിയം ഗാർലിക്ക്, റെഡ് ഇൻഹേലിയം ഗാർലിക്ക് എന്നിവയാണ്‌ കാന്തല്ലൂരിൽ കൃഷി ചെയ്യുന്ന പ്രധാന വെളുത്തുള്ളി ഇനങ്ങൾ. 
വിളവെടുപ്പ് ആരംഭിച്ചെങ്കിലും വിപണിയിലെത്താൻ പത്തുദിവത്തോളം വേണ്ടിവരും. വിളവെടുക്കുന്നവ ആദ്യം തോട്ടത്തിൽതന്നെ ഇലയോട് കൂടി കൂട്ടിയടുക്കി വയ്‌ക്കും. ഉണങ്ങിയശേഷം തണ്ടുമുറിച്ചാണ് വിൽക്കാനായി മാർക്കറ്റിൽ എത്തിക്കുന്നത്. 
 
 
പ്രധാന വാർത്തകൾ
 Top