09 July Thursday

തനത്‌ വിളകൾ നിറയും കാവൽമാടം

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 അടിമാലി

ആദിവാസികുടികളിലെ തരിശ് ഭൂമിയിൽ കാർഷികവിളകൾ വിളയിക്കാൻ കാവൽമാടം പദ്ധതിക്ക് തുടക്കമായി. അടിമാലി പഞ്ചായത്തിലെ ചിന്നപ്പാറക്കുടി ആദിവാസി കുടിയിൽ തനത് കാർഷികവിളയുടെ വിത്തെറിഞ്ഞു. ആദിവാസി ഊരുകളിൽനിന്ന്‌ അന്യംനിന്നുപോയ കൃഷികൾ തിരികെ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് കാവൽമാടം പദ്ധതി. ജനമൈത്രി എക്സൈസ്, പട്ടികവർഗ വികസനവകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ റാഗിയാണ് കൃഷി ചെയ്യുന്നത്. ആദിവാസി സമൂഹത്തിന്റെ തനതായ ഭക്ഷണരീതി തിരികെകൊണ്ടുവരാനും ലക്ഷ്യമിടുന്നു. 
റാഗി വൈവിധ്യങ്ങളുമായി ചിന്നപ്പാറകുടി
റാഗിയുടെ 11 ഇനങ്ങൾ ചിന്നപ്പാറയിൽ കൃഷിയിറക്കും. കോളനിയിലെ 20 കുടുംബങ്ങളുടെ സഹകരണത്തോടെച പത്ത്‌ ഏക്കറിലാണ്‌ ആദ്യഘട്ടത്തിൽ കൃഷിയിറക്കുന്നത്. ആദിമജനതയുടെ പരമ്പരാഗത കൃഷിരീതികൾ ഊരുകളിൽനിന്ന്‌ പടിയിറങ്ങിയിട്ട് വർഷങ്ങളായി. റാഗിയും തെനയും ചോളവും ചാമയും കുറുമ്പുല്ലും സമൃദ്ധമായി വിളയിച്ചിരുന്ന കാലമുണ്ടായിരുന്നു ഈ ജനതയ്‌ക്ക്‌. കാലാന്തരത്തിൽ ഇവരും കൈവെടിഞ്ഞു. വന്യമൃഗങ്ങളുടെ ശല്യവും ആദായകരമായ മറ്റ് കൃഷികളിലേക്ക് തിരിഞ്ഞതുമാണ് പരമ്പരാഗത കൃഷിരീതികളിൽനിന്ന്‌ ആദിവാസികൾ പിന്തിരിയാൻ കാരണം. മണ്ണിനെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടുള്ള പ്രാചീന കൃഷിരീതികൾക്കിണങ്ങുന്ന ചുറ്റുപാടുകളും നഷ്‌ടമായി. 
പുനഃകൃഷി അഥവാ മാറ്റകൃഷിയാണ് ആദിവാസികൾ നടത്തിയിരുന്നത്. കാടിനുള്ളിലെ തുറസ്സായ സ്ഥലം കണ്ടെത്തി മണ്ണിളക്കാതെ നെല്ല്, കുറുമ്പുല്ല്, തിന, ചാമ, ചോളം എന്നീ ധാന്യങ്ങൾ ആദിവാസികൾ കൃഷിചെയ്തിരുന്നു. വലിയകോറാൻ, ചെറുകോറാൻ, മീൻകണ്ണി, ചങ്കിലിക്കോറാൻ, മട്ടിക്കാവ എന്നിവയാണ് കുറുമ്പുല്ല്‌ ഇനങ്ങൾ. മൂന്നുമുതൽ നാലുമാസം വരെയാണ് വിളകൾ മൂപ്പെത്താൻ വേണ്ടത്. മൂന്നുമാസംകൊണ്ട് വിളയുന്ന ഇളംചാമയും ആറുമാസംകൊണ്ട് വിളയുന്ന വിലയചാമയും ഇവർ കൃഷിചെയ്തിരുന്നു. 
കരയിലും വയലിലും കൃഷിചെയ്തിരുന്ന നെല്ലിനങ്ങളായ തലവരശാൻ, പൊക്കാളി, പെരുനെല്ല്, വെള്ളപ്പെരുവാഴ, മഞ്ഞപ്പെരുവാഴ എന്നീ ഇനങ്ങളും ചുരുങ്ങി. പുനഃകൃഷി നിരോധിക്കുകയും വനത്തിൽ മണ്ണിന്റെ ഫലഭൂഷ്ടി കുറയുകയും ആവർത്തന കൃഷിമൂലം വിളവില്ലാതാവുകയും ചെയ്തതോടെയാണ് പാരമ്പര്യകൃഷിയിൽനിന്ന് കർഷകർ പിൻവാങ്ങിയത്. തലമുറകളായി ഇവർ കൃഷി ചെയ്തിരുന്ന മക്കച്ചോളം, റാഗി, വരഗ്, ചാമ, തെന തുടങ്ങിയ വിളകൾ അപ്രത്യക്ഷമായി. ഈ ധാന്യങ്ങൾ ദീർഘകാലം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാൻ കഴിയും. പഴയകാലത്തെ പഞ്ഞമാസങ്ങളിൽ ഇങ്ങനെ സൂക്ഷിച്ചുവയ്ക്കുന്ന ധാന്യങ്ങളും കിഴങ്ങ് വർഗങ്ങളുമായിരുന്നു ഇവർ ഭക്ഷിച്ചിരുന്നത്. 
കുറുമ്പുല്ലിന്റെ ഗുണവും മധുരവും
കുറുമ്പുല്ലുകൊണ്ടുള്ള കട്ടി ആദിവാസികൾക്ക് ഇഷ്ടഭക്ഷണമായിരുന്നു. അതോടൊപ്പം നെല്ല് വിളയുന്നതിനുമുമ്പ് കൊയ്‌തെടുത്ത് ആവിയിൽ വേവിച്ച് സത്ത് പിഴിഞ്ഞെടുത്ത് തേൻചേർത്ത് ഉണ്ടാക്കുന്ന പ്രത്യേകതരം ആഹാരമാണ് വെള്ളക്കട്ടി. ഇതിൽ പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്‌. കുറുമ്പുല്ല് കുറുക്കിയെടുത്ത് കട്ടി ഞണ്ട് ചാറ് കൂട്ടിയാണ് ഇവർ ഉപയോഗിക്കുന്നത്. ഇന്ന് മലയാളി മറക്കുന്ന ധാന്യങ്ങൾ ഒരുകാലത്ത് നമ്മുടെ പാടങ്ങളിലും വിളഞ്ഞിരുന്നു. ഇതുകൊണ്ടുണ്ടാക്കുന്ന നാടൻ ആഹാരക്രമങ്ങൾ നമ്മുടെ തീൻമേശയിൽനിന്ന്‌ മാഞ്ഞു പോയിരിക്കുന്നു. ഇടമലക്കുടി, ചെമ്പകത്തൊഴുകുടി തുടങ്ങിയ ആദിവാസിമേഖലകളിൽ മാത്രമാണ് ഇന്ന് കുറുമ്പുല്ലുകൃഷി അവശേഷിക്കുന്നത്. ഈ പരമ്പരാഗത കൃഷിയും ഭക്ഷ്യധാന്യങ്ങളും ആദിവാസികുടികളിലെ പുതുതലമുറയ്ക്ക്‌ പരിചയപ്പെടുത്തി കൃഷിയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യം. 
പ്രധാന വാർത്തകൾ
 Top