04 July Saturday
ഏലക്ക ലേലം ഇന്ന്‌ പുനരാരംഭിക്കും

പച്ചപ്പൊന്നിലാണ്‌ ഇനി പ്രതീക്ഷ

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 വണ്ടൻമേട്‌

കോവിഡ്‌ 19 പശ്ചാത്തലത്തിൽ നിർത്തിവച്ച ഓൺലൈൻ ഏലക്കലേലം മാനദണ്ഡങ്ങൾ പാലിച്ച് വ്യാഴാഴ്‌ച പുനരാരംഭിക്കുന്നതോടെ കർഷകരും പ്രതീക്ഷയിൽ. കേരളത്തിലെയും തമിഴ്നാട്ടിലെയും ലേലകേന്ദ്രങ്ങളിൽ വ്യാഴാഴ്ച മുതൽ ഏലക്കലേലം പുനരാരംഭിക്കാനാണ് സ്പൈസസ് ബോർഡ്‌ അനുമതി നൽകിയത്‌. ലേലം പുനരാരംഭിക്കുന്നതോടെ വിലയിൽ വർധനയുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് കർഷകർ. പുറ്റടിയിലെ സ്പൈസസ് പാർക്കിൽ വ്യാഴാഴ്‌ച രാവിലെ പത്തിന്‌ കേരള കാർഡമം പ്ലാൻന്റേഴ്സ് മാർക്കറ്റിങ്‌ കമ്പനി(കെസിപിഎംസി) കുമളിയുടെ ലേലത്തോടെയാണ് ഇ -ലേലം പുനരാരംഭിക്കുക. വൈകിട്ട് നാലുവരെയാണ് സമയം. ഏലക്കലേലം നിർത്തിവച്ചത് കർഷകർക്കും ചെറുകിട വ്യാപാരികൾക്കും കനത്ത നഷ്ടമുണ്ടാക്കുന്നുവെന്ന് കാണിച്ച് ലേലകേന്ദ്രങ്ങളും കലക്ടർക്ക്‌ പരാതി നൽകിയിരുന്നു. പരാതി പരിഗണിച്ചാണ് പുറ്റടി സ്പൈസസ് പാർക്കിലെ ഓൺലൈൻ ലേലം മാനദണ്ഡങ്ങൾക്ക് വിധേയമായി പുനരാരംഭിക്കാൻ ബോർഡ് അനുമതി നൽകിയത്.
തേനി കലക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അധികൃതർ സ്പൈസസ് പാർക്കിൽ പരിശോധന നടത്തി ഡിഎംഒയ്‌ക്കും കലക്ടർക്കും നൽകിയ റിപ്പോർട്ടിനെ തുടർന്നാണ്‌ ലേലം നിർത്തിവച്ചത്. 4,500 രൂപ വിലയുണ്ടായിരുന്ന ഏലക്കാവില 1800 രൂപയിലേക്ക്‌ താഴ്‌ന്നിരുന്നു. കോവിഡായതിനാൽ കച്ചവടക്കാർ കൂടിയ വിലയ്‌ക്ക്‌ കർഷകരിൽനിന്ന്‌ വാങ്ങിയ ചരക്കും കെട്ടിക്കിടക്കുകയാണ്‌.
  ലേലത്തിന് അമ്പതിൽതാഴെ പേരെ പങ്കെടുക്കുന്നുള്ളെന്നും ആവശ്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും സ്പൈസസ് പാർക്ക് അധികൃതരും കച്ചവടക്കാരും കർഷകരും ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. ലേലം നിർത്തിയതിൽ വ്യാപക പ്രതിഷേധം ഉയരുകയുംചെയ്‌തു. ആവശ്യമായ പരിശോധനയ്‌ക്കുശേഷം മാനദണ്ഡങ്ങൾക്ക്‌ അനുസൃതമായി ലേലം തുടരാൻ ബോർഡ് അനുമതി നൽകുകയായിരുന്നു. ലേലകേന്ദ്രത്തിൽ ആളുകൾ കുട്ടംകൂടരുത്, ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം, ആരോഗ്യസുരക്ഷയ്‌ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണം, ശുചീകരണ ഉപാധികൾ, മാസ്‌ക്‌ എന്നിവ ലഭ്യമാക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ലേലം തുടരാൻ ആരോഗ്യവകുപ്പ്‌ അനുമതി നൽകിയത്.
 
പ്രധാന വാർത്തകൾ
 Top