13 July Monday
ജാഗ്രത പാലിച്ച്‌ പരീക്ഷകൾക്ക്‌ തുടക്കം

ആദ്യം പരീക്ഷണം; പിന്നെ പരീക്ഷ

സ്വന്തം ലേഖകന്‍Updated: Wednesday May 27, 2020

കണ്ണേ... കാത്തോളാം ലോക്ക്‌ഡൗൺ തുടരുമ്പോഴും പരീക്ഷകൾ പുനരാരംഭിച്ചതിൽ ആശങ്കാകുലരായിരുന്നു വിദ്യാർഥികളും രക്ഷിതാക്കളും. എന്നാൽ, ഏവരുടെയും ആശങ്കകൾക്കുമേൽ സുരക്ഷാ മാനദണ്ഡങ്ങളിലൂടെ കരുതലിന്റെ കവചമൊരുക്കിയാണ് സർക്കാർ പരീക്ഷ നടത്തിയത്. പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ്‌ ഇൻഫ്രാറെഡ് തെർമൽ സ്കാനിങ്ങിന്‌ വിധേയയാകുന്ന വിദ്യാർഥിനി. കട്ടപ്പന സെന്റ് ജോർജ് എച്ച്എസ്എസിൽനിന്നുള്ള ദൃശ്യം

 

 
 തൊടുപുഴ
സ്‌കൂൾ ഗേറ്റ്‌ കടന്നെത്തിയ വിദ്യാർഥികൾക്കുമുന്നിൽ തെർമൽ സ്‌കാനറുമായി ആരോഗ്യപ്രവർത്തകർ. ശരീരോഷ്‌മാവ്‌ തൃപ്‌തികരമെന്ന്‌ കണ്ടതോടെ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച്‌ അണുവിമുക്തമാക്കാൻ നിർദേശം. പിന്നെ മാസ്‌ക്‌ ധരിപ്പിച്ച്‌ പരീക്ഷാഹാളിലേക്ക്‌... കോവിഡ്‌ 19 പശ്ചാത്തലത്തിൽ മാറ്റിവച്ച‌ എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷകൾ പുനരാരംഭിച്ചപ്പോൾ ജാഗ്രതാ നിർദേശം പാലിക്കാൻ ആരോഗ്യപ്രവർത്തകരും  അധ്യാപകരും രക്ഷിതാക്കളും സന്നദ്ധപ്രവർത്തകരും ഒറ്റക്കെട്ടായി. 
ലോക്ക്‌ഡൗൺ മൂലം പലയിടങ്ങളിലായി ഒറ്റപ്പെട്ടുപോയ വിദ്യാർഥികൾക്ക്‌ പരീക്ഷയെഴുതാൻ പുതിയ കേന്ദ്രം വിദ്യാഭ്യാസ വകുപ്പ്‌ അനുവദിച്ചിരുന്നു. മലപ്പുറം, പാലക്കാട്‌, എറണാകുളം ജില്ലകളിൽ പഠിക്കുന്ന നാലുകുട്ടികൾ ഇപ്രകാരം തൊടുപുഴ കുമാരമംഗലം എംകെഎൻഎം എച്ച്‌എസിൽ പരീക്ഷയെഴുതി. തൊടുപുഴ സ്വദേശികളായ ഇവർക്ക്‌‌ ലോക്ക്‌ഡൗൺ മൂലം വീട്ടിൽനിന്ന്‌ മടങ്ങാൻ കഴിയാതിരുന്നതിനാലാണ്‌ പുതിയ പരീക്ഷാകേന്ദ്രം അനുവദിച്ചത്‌. ഇപ്രകാരം മറ്റു ജില്ലകളിൽനിന്നുള്ള 63 കുട്ടികളാണ്‌ ജില്ലയിൽ പരീക്ഷ എഴുതുന്നത്‌. ജില്ലയിലുള്ള 13 വിദ്യാർഥികൾ മറ്റു ജില്ലകളിലും പരീക്ഷ എഴുതുന്നുണ്ട്‌. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർഥികൾ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന്‌ പൊലീസും ഉറപ്പാക്കി. വിദ്യാർഥികളെ മാത്രമല്ല, പരീക്ഷാ ചുമതലയിലുള്ള അധ്യാപകരെയും സാന്നിധ്യമറിയിച്ച മറ്റുള്ളവരെയും തെർമോമീറ്റർ ഉപയോഗിച്ച്‌ പരിശോധിച്ചു. പരീക്ഷ ആരംഭിക്കുന്നതിന്‌ ഒരു മണിക്കൂർ മുമ്പേ കുട്ടികൾക്ക്‌ സ്‌കൂൾ വളപ്പിലേക്ക്‌ പ്രവേശനം അനുവദിച്ചു. പരീക്ഷാഹാളിൽ കൃത്യമായ അകലത്തിലാണ്‌ ഇരിപ്പിടം ക്രമീകരിച്ചത്‌. പരീക്ഷാഹാളുകൾ നേരത്തെതന്നെ അണുവിമുക്തമാക്കിയിരുന്നു. പരീക്ഷയ്‌ക്ക്‌ തൊട്ടുമുമ്പും ഒരിക്കൽക്കൂടി വിദ്യാർഥികൾക്ക്‌ സാനിറ്റൈസർ നൽകി കൈകൾ അണുവിമുക്തമാക്കി. 
 പരീക്ഷ കഴിഞ്ഞ്‌ വിദ്യാർഥികളെ ക്ലാസുകളിൽനിന്ന്‌ മടക്കിയതും സാമൂഹ്യ അകലം പാലിച്ചായിരുന്നു. ആവശ്യത്തിന്‌ മാസ്‌കുകൾ പരീക്ഷാകേന്ദ്രങ്ങളിൽ ലഭ്യമാക്കിയിരുന്നു. സന്നദ്ധപ്രവർത്തകർ മാസ്‌കുകൾ നിർമിച്ച്‌ സ്‌കൂളുകളിൽ എത്തിച്ചതും സഹായകരമായി. ജില്ലയിൽ 11,836 കുട്ടികളാണ്‌ എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത്‌‌. എച്ച്‌എസ്‌എസ് വിഭാഗത്തിൽ 23,991 പേരും ‌വിഎച്ച്‌എസ്‌ഇയിൽ 2,048 പേരും പരീക്ഷ എഴുതുന്നു.  എസ്‌എസ്‌എൽസി പരീക്ഷ വ്യാഴാഴ്‌ചയും ഹയർസെക്കൻഡറി പരീക്ഷ 30നും അവസാനിക്കും.
 
 
പ്രധാന വാർത്തകൾ
 Top