11 July Saturday

അവിടെ മരം മുറി; ഇവിടെ പരീക്ഷ

സ്വന്തം ലേഖകന്‍Updated: Wednesday May 27, 2020

തൊടുപുഴ ഗവൺമെന്റ്‌ വിഎച്ച്‌എസ്‌എസിന്‌ സമീപത്തെ മരങ്ങൾ മുറിക്കുന്നു

 

തൊടുപുഴ
വിഎച്ച്‌എസ്‌ഇ പരീക്ഷാ സമയത്ത് വൈദ്യുതബന്ധം വിഛേദിച്ച്‌ സ്‌കൂളിന് സമീപത്തെ മരം യന്ത്രവാൾ ഉപയോഗിച്ച്‌ മുറിച്ചതിനെതിരെ വ്യാപക പ്രതിഷേധം. തൊടുപുഴ നഗരസഭാ സെക്രട്ടറിയുടെ നിർദേശപ്രകാരം ഗവ. വിഎച്ച്‌എസ്‌എസിന്‌ സമീപത്തെ മരങ്ങളാണ്‌ മുറിച്ചത്‌. യന്ത്രവാളിന്റെ ശബ്‌ദകോലാഹലം പരീക്ഷാനടത്തിപ്പിനെ ബാധിച്ചതോടെയാണ്‌ രക്ഷിതാക്കളും എസ്‌എഫ്‌ഐ അടക്കമുള്ള വിദ്യാർഥിസംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നത്‌. 
അപകടാവസ്ഥയിൽനിന്ന മരങ്ങൾ പരീക്ഷ നടക്കുന്നതിനിടെ ചൊവ്വാഴ്ച രാവിലെയാണ് മുറിച്ചുതുടങ്ങിയത്. ശബ്‌ദം അസഹനീയമായതോടെ കുട്ടികൾ ബുദ്ധിമുട്ടി. എസ്എഫ്ഐ പ്രവർത്തകർ വിവരമറിഞ്ഞ്‌ സ്ഥലത്തെത്തി‌. നഗരസഭ ചെയർപേഴ്‌സണെ വിവരം ധരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. മരംമുറിക്കുന്നത്‌ തുടർന്നു. കുട്ടികൾ പുറത്തേക്ക് പോകാനാകാതെ കൂട്ടം കൂടിനിൽക്കേണ്ടി വന്നു. ഇതിനിടെ എസ്‌എസ്‌എൽസി പരീക്ഷ എഴുതാനുള്ള കുട്ടികളുമെത്തിയതോടെ തിരക്കായി.  മരം മുറിക്കൽ നിർത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ടിജു തങ്കച്ചനും നാല് പ്രവർത്തകരും നഗരസഭ സെക്രട്ടറി രാജശ്രീ പി നായരുടെ ഓഫീസ് ഉപരോധിച്ചു. നഗരസഭ ചെയർപേഴ്‌സൺ സിസിലി ജോസും സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇടപെട്ടില്ല. ഇതിനിടെ തൊടുപുഴ സിഐ സുധീർമോഹൻ സ്ഥലത്തെത്തി എസ്‌എഫ്‌ഐ പ്രവർത്തകരുമായി സംസാരിച്ചു. പരീക്ഷ കഴിയുന്നതുവരെ മരം മുറിക്കൽ നിർത്തിവയ്‌ക്കാമെന്ന്‌ ഉറപ്പുലഭിച്ചതോടെ സമരം അവസാനിപ്പിച്ചു. വൈദ്യുതിബന്ധം വിഛേദിച്ചിരുന്നെങ്കിലും സ്‌കൂളിൽ ജനറേറ്റർ ഏർപ്പാടാക്കിയിരുന്നു. അതീവ അപകടാവസ്ഥയിൽനിന്ന മരം എത്രയുംപെട്ടെന്ന് മുറിച്ചുമാറ്റാനാണ് ശ്രമിച്ചതെന്നായിരുന്നു നഗരസഭാ സെക്രട്ടറിയുടെ പ്രതികരണം. 
പരീക്ഷാ സമയത്ത്‌ വിദ്യാർഥികളോട്‌ നിരുത്തരവാദപരമായി പെരുമാറിയ നഗരസഭയുടെ നടപടി പ്രരിഷേധാർഹമാണെന്ന്‌ എസ്‌എഫ്‌ഐ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്‌ എസ്‌എഫ്‌ഐ വകുപ്പുമന്ത്രിമാർക്ക്‌ പരാതി നൽകി.
 
 
പ്രധാന വാർത്തകൾ
 Top