17 September Tuesday

വിലയില്ല; ജീവിത വഴിയടഞ്ഞ‌് അടയ‌്ക്കാ കർഷകർ

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

 

 
 മറയൂർ 
അഞ്ചുനാട് മേഖലയിലെ കർഷകരുടെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നായ അടയ‌്ക്കയുടെ വിലത്തകർച്ച കർഷകരെയും കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കി. കഴിഞ്ഞ വർഷം ഒരു കിലോഗ്രാം അടക്കയ‌്ക്ക് 150 രൂപ വരെ വില ലഭിച്ചിരുന്ന സ്ഥാനത്ത് ഈ വർഷം 30 രൂപ മാത്രമാണ് ലഭിക്കുന്നത്. മറയൂർ മേഖലയിൽ കരിമ്പ് കഴിഞ്ഞാൽ ഏറ്റവുമധികമുള്ള കൃഷിയാണ് കവുങ്ങ്. നിലവിൽ മറയൂരിലെ ആനക്കാൽപ്പെട്ടി, കൂടവയൽ, ചാനൽമേട്, കാന്തല്ലൂർ പഞ്ചായത്തിലെ മിഷൻവയൽ, ചെറുവാട് എന്നിവടങ്ങളിലായി 400 ഏക്കറിലധികമാണ് കവുങ്ങ് കൃഷിയുള്ളത‌്. വിലത്തകർച്ച കർഷകരേക്കാൾ കൂടുതൽ ബാധിച്ചിരിക്കുന്നത് വ്യാപാരികളെയാണ്. 
   തോട്ടത്തിലെ കായ്ച്ച കവുങ്ങുകളുടെ എണ്ണം കണക്കാക്കി ആദ്യഘട്ടത്തിൽ തന്നെ ശരാശരി മൂന്ന് ലക്ഷത്തിലധികം രൂപ നൽകി തോട്ടം ഏറ്റെടുക്കുകയാണ് പതിവ്. അത്തരത്തിൽ നിരവധി കച്ചവടക്കാർ മുൻകൂറായി പണം നൽകി തോട്ടം വാങ്ങിയിരുന്നു. കഴിഞ്ഞ തവണ 100 മുതൽ 150 രൂപ വരെ വില ഉണ്ടായിരുന്നതിനാൽ അത് കണക്കാക്കി തോട്ടം വാങ്ങിയ വ്യാപാരികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
മംഗള, കാസർക്കോടൻ, മോഹിത്നൂർ തുടങ്ങിയ ഇനത്തിൽപെട്ട കവുങ്ങുകളാണ് മറയൂർ മേഖലയിൽ കൃഷി ചെയ്തിരിക്കുന്നത്. തട്ടുതിരിച്ചുള്ള കരിമ്പിൻ പാടങ്ങളിലാണ്‌ കവുങ്ങ്‌  കൃഷി ചെയ്യുന്നത്‌. അതിനാൽ ഒരേക്കറിൽ 1400 കവുങ്ങുകൾ വളർത്തിയെടുക്കാൻ കഴിയും. മൂന്ന‌് ടൺ മുതൽ അഞ്ച‌് ടൺ വരെ അടയ‌്ക്ക ലഭിക്കും. 
സമീപ വർഷങ്ങളിൽ ഇത്രയുമധികം വിലത്തകർച്ച ഉണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു. ഇത്തവണ കർഷകരെ അത്രയധികം നേരിട്ട് ബാധിക്കില്ലെങ്കിലും അടുത്ത തവണ അടയ‌്ക്ക വാങ്ങാൻ വ്യാപാരികൾ തയ്യാറായില്ലെങ്കിൽ കർഷകർ വൻ പ്രതിസന്ധിയിലാകും. ലാഭകരമായി വ്യാപാരം നടന്നിരുന്ന അടയ‌്ക്കയും വിലത്തകർച്ചയിലേക്ക് നീങ്ങിയതിന്റെ ആശങ്കയിലാണ് മറയൂർ മേഖലയിലെ കർഷകർ.
 
 
പ്രധാന വാർത്തകൾ
 Top