അടിമാലി
പഠന ഇടവേളകളിൽ തരിശുനിലത്ത് നൂറുമേനി വിളയിച്ച് അടിമാലി മാർ ബസേലിയോസ് കോളേജ്. ജോളേജിലെ നേച്ചർ ക്ലബ് വിദ്യാർഥികൾ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. സംസ്ഥാന സർക്കാരിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പ്രോജക്ട് അധിഷ്ഠിത പച്ചക്കറി കൃഷിയിലൂടെയാണ് ജൈവ പച്ചക്കറികൾ വിളയിച്ചത്. തരിശു കിടന്ന ഭൂമിയൊരുക്കിയതും നിലമുഴുതതും വിത്തുപാകിയതും വെള്ളമൊഴിച്ചും കളപറിച്ചും പരിപാലിച്ചതെല്ലാം വിദ്യാർഥികൾ തന്നെ.
നീണ്ട കാത്തിരിപ്പിനൊടുവിൽ ചീര, തക്കാളി, ബീൻസ്, പയർ, പടവലങ്ങ, ചുരയ്‌ക്ക, ലെറ്റൂസ്, കോളിഫ്ലവർ, ക്യാബേജ്,വഴുതന, പീച്ചിങ്ങ, പച്ചമുളക എന്നിവ അടക്കം ജൈവ പച്ചക്കറികൾ തോട്ടത്തിൽ നൂറുമേനി വിളയിച്ചു. വിളവെടുത്തതും ഇവർ തന്നെ. ആദ്യഘട്ടത്തിൽ ജൈവ പച്ചക്കറികൾ കോളേജിലെ തന്നെ വിദ്യാർഥികളും അധ്യാപകരും അയൽവാസികളും ഉപയോഗിച്ചു. രണ്ടാംഘട്ടം വിളവെടുത്ത ജൈവ പച്ചക്കറികളാണ് കോളേജ് ഗേറ്റിനു മുന്നിൽ ചന്തയൊരുക്കി പൊതുജനങ്ങൾക്കായി വിൽപ്പന നടത്തിയത്.
യൂണിഫോമിൽ വിദ്യാർഥികൾ തന്നെ വാഹനങ്ങളിലെത്തിയവരെ പച്ചക്കറി ചന്തയിലേക്ക് എത്തിച്ചതോടെ നിസ്സാര സമയങ്ങൾക്കുള്ളിൽ ജൈവ പച്ചക്കറികൾ വിറ്റു തീർന്നു. കുട്ടികൾക്ക് ആവേശവുമായി ഇതുവഴിയെത്തിയ സബ് കലക്ടർ അരുൺ എസ് നായർ പച്ചക്കറികൾ വാങ്ങി. കോളേജിൽ ഒന്നര ഏക്കറോളം വരുന്ന സ്ഥലത്താണ് കൃഷി നടത്തിയത്. കോളേജ് നേച്ചർ ക്ലബിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വിദ്യാർഥികൾക്ക് ഊർജമായി അധ്യാപകരായ ദിതി ദമന, പ്രിൻസി പി എം, എ മിനിമോൾ, അശ്വിൻ വി ഷാജി എന്നിവരും സജീവമായി ഒപ്പം ഉണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..