നെടുങ്കണ്ടം
പാമ്പാടുംപാറ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ തോട്ടം, കാർഷിക മേഖലയിലെ പ്രശ്നങ്ങളിലും വികസനമുരടിപ്പിലും വലയുന്ന ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് എൽഡിഎഫ് സ്ഥാനാർഥിയെ വരവേൽക്കുന്നത്. ഏലത്തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും മനമറിയുന്ന പരിചയ സമ്പന്നനായ ജിജി കെ ഫിലിപ്പാണ് ഇവിടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സാരഥി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റെന്ന നിലയിൽ മികവുറ്റതും കാര്യക്ഷമവുമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്. സിപിഐ ജില്ലാ കമ്മിറ്റിയംഗം എന്ന നിലയിൽ പതിറ്റാണ്ടുകളായി തോട്ടം മേഖലയിൽ പൊതുപ്രവർത്തന പാരമ്പര്യമുണ്ട്. യുവകലാസാഹിതി ജില്ലാ സെക്രട്ടറി എന്ന നിലയിൽ സാംസ്കാരികരംഗത്തും സജീവസാന്നിധ്യമാണ്. അണക്കര നളന്ദാ സ്കൂൾ അധ്യാപകനെന്ന നിലയിലും സാധാരണക്കാരുടെ വിഷമങ്ങളും പ്രശ്നങ്ങളും ഏറ്റെടുത്ത് പരിഹരിക്കുന്നതിൽ മുൻപന്തിയിലാണ് ജിജി കെ ഫിലിപ്പ്. കെപിസിസി നിർവാഹക സമിതിയംഗം അഡ്വ. ജോയ് തോമസാണ് യുഡിഎഫ് സ്ഥാനാർഥി. മൂലമറ്റത്തുനിന്നുള്ള ആൾ ഇവിടെ വന്നു മത്സരിക്കുന്നതിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർക്കുള്ള എതിർപ്പ് വിജയപ്രതീക്ഷയെ തച്ചുടയ്ക്കുന്നു. എൻഡിഎ സ്ഥാനാർഥി ഡോ. ജോണിക്കുട്ടി ജെ ഒഴുകയിലാണ്. കർഷകമേർച്ചാ ജില്ലാ സെക്രട്ടറിയും അധ്യാപകനുമാണ്. 48 വാർഡുകളാണ് പാമ്പാടുംപാറ ജില്ലാ ഡിവിഷനിൽ ഉൾപ്പെടുന്നത്. പാമ്പാടുംപാറ ജില്ലാ ഡിവിഷൻ ഭരിച്ചുനശിപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് മുൻ അംഗങ്ങൾ. അതിന് അറുതിവരുത്താൻ തന്നെയാണ് ജനങ്ങളുടെ തീരുമാനം. പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും നെടുങ്കണ്ടം, വണ്ടൻമേട് പഞ്ചായത്തുകളിലെ ഏഴു വാർഡുകൾ വീതമുൾപ്പെടുന്ന ബൃഹ്ത്തായ മേഖലയിൽ ഇടതുപക്ഷം വ്യക്തമായ മേൽക്കൈ നേടുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..