28 November Sunday
കർഷകർ പ്രതിസന്ധിയിൽ

വന്യജീവി ആക്രമണം; തൊഴിലാളികൾ പണിക്ക് എത്തുന്നില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021

വനത്തിൽനിന്ന്‌ എത്തിയ കാട്ടുപോത്ത് കുമളിയിലെ ഏലത്തോട്ടത്തിൽ

കുമളി
കുമളിയിൽ വനാതിർത്തിയോട് ചേർന്ന കൃഷിത്തോട്ടങ്ങളിൽ വന്യജീവി ആക്രമണം പെരുകിയതോടെ തൊഴിലാളികളെ കിട്ടാതെ കർഷകർ വലയുന്നു. മൂന്നാഴ്ചയ്‌ക്കിടെ കുമളിക്ക് സമീപം ഏലത്തോട്ടത്തിൽ കാട്ടുപോത്ത് ആക്രമണത്തിൽ ഏലം കർഷകനും തമിഴ്നാട് സ്വദേശിനിയായ തോട്ടം തൊഴിലാളിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഏതാനും വർഷത്തിനിടെ തൊഴിലാളികളും ജീവനക്കാരും കർഷകരും ഉൾപ്പെടെ നിരവധി പേർക്കാണ് ഇപ്രകാരം പരിക്കേറ്റത്. 
 കഴിഞ്ഞ അഞ്ചിന് മുല്ലയാർ എസ്റ്റേറ്റിൽ ജോലിക്കെത്തിയ കമ്പം ഗൂഡല്ലൂരിൽനിന്നുള്ള സ്ത്രീ തൊഴിലാളി പശുപതി(55)യെയും കാട്ടുപോത്ത്‌ ആക്രമിച്ച്‌ ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. ആഴത്തിൽ മുറിവേറ്റ ഇവർ തേനി മെഡിക്കൽ കോളേജിൽ ഏറെ ദിവസം ചികിത്സയിലായിരുന്നു.
    ഞായറാഴ്ച കുമളി സ്പ്രിങ്‌വാലിയിലും ഏലത്തോട്ടത്തിൽ ഒരാളെ കാട്ടുപോത്ത്‌ ആക്രമിച്ചു. പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തിയിൽനിന്ന്‌ കൃഷിയിടങ്ങളിലേക്ക് കടക്കുന്ന ആന, കാട്ടുപോത്ത്, മ്ലാവ്, പുലി, പന്നി തുടങ്ങിയവ ദിവസങ്ങളോളം തോട്ടങ്ങളിൽ തമ്പടിക്കുന്നുണ്ട്‌. ഇത്‌ തോട്ടത്തിൽ പണിക്ക് എത്തുന്ന തൊഴിലാളികൾക്ക് ഭീഷണിയാണ്. തൊഴിലാളികൾ എത്താത്തതോടെ കർഷകർ കൂടുതൽ പ്രതിസന്ധിയിലായി. വനാതിർത്തിയോട് ചേർന്നുള്ള ഏക്കറുകണക്കിന് പ്രദേശത്ത് ഏലം വിളവെടുപ്പ് നടത്താൻ കഴിയാതെ നശിക്കുകയുമാണ്.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top