18 October Monday

ഇടുക്കി പാക്കേജ്‌ സമയബന്ധിതമായി നടപ്പാക്കും: മന്ത്രി റോഷി അഗസ്റ്റിൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ സംസാരിക്കുന്നു

 

ഇടുക്കി
മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് പൊതുജനാഭിപ്രായം രൂപീകരിച്ച് സമയബന്ധിതമായി നടപ്പാക്കുന്നതിന് രൂപരേഖ തയ്യാറാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലാ പ്ലാനിങ് സെക്രട്ടറിയറ്റ്‌ ഹാളിൽ ചേർന്ന ആലോചനായോഗത്തിൽ സംസാരിക്കുകയായിരുന്ന മന്ത്രി. പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും പാക്കേജ് രേഖ കൈമാറും. തദ്ദേശസ്ഥാപനങ്ങൾ ആശയങ്ങൾ ശേഖരിച്ച് ചർച്ചചെയ്‌ത്‌ അഭിപ്രായങ്ങൾക്ക് ഏകോപനമുണ്ടാക്കണം.
   എല്ലാ സർക്കാർ വകുപ്പുകളും വിശാലമായ കാഴ്ചപ്പാടോടെ ഇടുക്കി പാക്കേജിനെ പരിഗണിക്കണം. വാർഷിക ബജറ്റിലും പഞ്ചവത്സര പദ്ധതികളിലും ബജറ്റ് വിഹിതം ഉൾപ്പെടുത്താൻ വകുപ്പിന്റെ ശുപാർശ മേധാവികൾ നൽകണം. താഴെത്തലം മുതൽ ചിട്ടയായ പ്രവർത്തനത്തിലൂടെ പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കും.
  കൃഷി, മണ്ണ് സംരക്ഷണം, ജലസേചനം, ടൂറിസം എന്നിങ്ങനെ ജില്ലയിലെ പ്രധാന ഉപജീവന മാർഗങ്ങളായവയ്‌ക്ക്‌ രൂപരേഖയിൽ പ്രമുഖ സ്ഥാനമുണ്ടാകും. ഇത്‌ സംബന്ധിച്ച്‌ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വിപുലമായ യോഗം ഒക്ടോബർ 10ന്‌ പകൽ 10.30ന് പ്ലാനിങ് സെക്രട്ടറിയറ്റ് ഹാളിൽ  ചേരുമെന്നും മന്ത്രി അറിയിച്ചു.    ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ എം എം മണി, അഡ്വ. എ രാജ, കലക്ടർ ഷീബ ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ വികസന കമീഷണർ അർജുൻ പാണ്ഡ്യൻ, മുൻ എംപി ജോയ്സ് ജോർജ്, പ്ലാനിങ് ഓഫീസർ ഡോ. സാബു വർഗീസ്, കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മുത്തുസ്വാമി മുരുകൻ, ജില്ലാ ആസൂത്രണ സമിതിയംഗങ്ങളായ കെ മായ, സി രാജേന്ദ്രൻ, വർക്കിങ് ഗ്രൂപ്പ് അംഗം ടി സി കുര്യൻ എന്നിവർ സംബന്ധിച്ചു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top