19 September Thursday

ജില്ലാ പാർടി ചരിത്രം ഡിസംബറോടെ പൂർത്തിയാക്കും

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

ജില്ലാ പാർടി ചരിത്ര ശിൽപശാല സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ ഉദ്‌ഘാടനം ചെയ്യുന്നു

കോട്ടയം
ഇ എം എസ്‌ അക്കാദമി പ്രസിദ്ധീകരിച്ചുവരുന്ന ‘കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്ര പരമ്പര’യിലെ നാലാം വാള്യത്തിൽ ഉൾപ്പെടുത്താനുള്ള ‘ ജില്ലാ പാർടി ചരിത്രം’ സംബന്ധിച്ച വിവരങ്ങൾ ഡിസംബറോടെ പൂർത്തിയാക്കി സ്‌റ്റേറ്റ്‌ സെന്ററിനെ ഏൽപ്പിക്കും. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലെ പി കൃഷ്‌ണപിള്ള ഹാളിൽ നടന്ന ജില്ലാ പാർടി ചരിത്ര ശിൽപശാലയിലാണ്‌ തീരുമാനം. 
കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ രൂപീകരണം (1937) മുതൽ 1940 വരെയുള്ള ചരിത്രമടങ്ങിയ ഒന്നാംവാള്യവും 1940 മുതൽ 1952 വരെയുള്ള ചരിത്രം ഉൾപ്പെടുത്തിയ രണ്ടാം വാള്യവും 1952 മുതൽ 1964 വരെയുള്ള ചരിത്രം വിശദമാക്കുന്ന മൂന്നാംവാള്യവും അക്കാദമി പ്രസിദ്ധപ്പെടുത്തി. സിപിഐ എം രൂപീകൃതമായ 1964 മുതൽ 1991 വരെയുള്ള ചരിത്രമടങ്ങിയ നാലാം വാള്യം പണിപ്പുരയിലാണ്‌. ഇ എം എസ്‌ ദിനത്തിൽ പ്രസിദ്ധപ്പെടുത്തും. 1991 ന്‌ ശേഷമുള്ള ചരിത്രമടങ്ങിയതാണ്‌ അഞ്ചാം വാള്യം.
 ജില്ലാ പാർടി ചരിത്ര നിർമിതിക്കായി രൂപീകരിച്ച ജില്ലാ അക്കാദമിക്‌ സമിതി വിപുലീകരിക്കും. ഏരിയതലത്തിൽ ചരിത്രസമിതികളും ലോക്കൽ തലത്തിൽ പഠനസംഘങ്ങളും ചരിത്രക്കൂട്ടങ്ങളും രൂപീകരിക്കാനും തീരുമാനമായി. സെപ്‌തംബറിൽ ഏരിയ ശിൽപ്പശാലകൾ ചേരും. നവംബറിൽ ബന്ധപ്പെട്ട രേഖകൾ ശേഖരിച്ച്‌ ക്രോഡീകരിക്കും. 
ശിൽപശാല പാർടി സംസ്ഥാന കമ്മിറ്റിയംഗം പുത്തലത്ത്‌ ദിനേശൻ ഉദ്‌ഘാടനംചെയ്‌തു. വിപുലവും ആധികാരികവുമായ ചരിത്രനിർമിതിക്കായി ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണമെന്ന്‌ അദ്ദേഹം അഭ്യർഥിച്ചു. കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. എം ടി ജോസഫ്‌, പ്രൊഫ. എം ജി ബാബുജി എന്നിവർ സംസാരിച്ചു. എം വി കോര സ്വാഗതവും സി എൻ സത്യനേശൻ നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top