22 May Wednesday

അനാവശ്യ ഹർത്താൽ ജനങ്ങൾ തള്ളി: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018

 ചെറുതോണി

പ്രഖ്യാപിച്ചവർക്ക് പോലും എന്തിനാണെന്ന് വ്യക്തമല്ലാത്ത അനാവശ്യ ഹർത്താൽ ജനങ്ങളൊന്നാകെ തള്ളിക്കളഞ്ഞതായി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ ഹർത്താൽ നടത്താൻ രാഷ്ട്രീയമായോ ധാർമികമായോ യുഡിഎഫിന് കഴിയില്ല. പശ്ചിമഘട്ട സംരക്ഷണത്തിന്റെ മറവിൽ കുടിയേറ്റ ജനതയെ സ്വന്തം മണ്ണിൽ അന്യവൽക്കരിക്കാൻ കുറുക്കുവഴികൾ സ്വീകരിച്ചുകൊണ്ട് നിക്ഷിപ്ത താൽപര്യക്കാർക്കൊപ്പം നിന്നുകൊടുത്തത് കോൺഗ്രസും യുഡിഎഫുമാണ്. കാർഷിക പ്രതിസന്ധികൾക്കിടയിൽ നിലനിൽപ്പിനു വേണ്ടി അത്യധ്വാനം ചെയ്തുകൊണ്ടിരുന്ന ഒരു ജനതക്കുമേൽ നിരോധനങ്ങളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കാൻ വെമ്പൽകൊള്ളുകയും അതിനായി ഗാഡ്ഗില്ലിനേയും കസ്തൂരിരംഗനേയും ഇടുക്കിയിലേക്കയച്ച് മലയോര കർഷകന് മരണവാറണ്ട് തയ്യാറാക്കാൻ അനുമതി നൽകുകയും ചെയ്ത യുഡിഎഫിന് അഭിമാനത്തിന്റെ കണികയെങ്കിലുമുണ്ടെങ്കിൽ ഇരട്ടത്താപ്പ് നയം സ്വീകരിച്ചുകൊണ്ട് ഹർത്താൽപോലുള്ള സമര നാടകങ്ങൾക്ക് തയ്യാറാകില്ല. പരിസ്ഥിതിയുടെ പേര് പറഞ്ഞ് ജനജീവിതം തകർക്കാൻ ശ്രമിച്ചവർ നടത്തിയ ഹർത്താൽ ജനങ്ങളപ്പാടെ തള്ളിക്കളഞ്ഞുവെന്നും സെക്രട്ടറിയറ്റ് വ്യക്തമാക്കി. 
      കസ്തൂരിരംഗൻ റിപ്പോർട്ടിൽ നിന്നും കൃഷി, തോട്ടം, ജനവാസ കേന്ദ്രങ്ങളെ  ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെമ്പാടും കനത്ത പ്രക്ഷോഭങ്ങളാണ് അക്കാലയളവിൽ ഉയർന്നുവന്നത്. സിപിഐ എമ്മും ഇടതുപക്ഷവും ഹൈറേഞ്ച് സംരക്ഷണസമിതി പോലുള്ള കർഷകസംഘടനകളും പ്രക്ഷോഭങ്ങൾക്കൊപ്പം നിലകൊണ്ടപ്പോൾ ജനങ്ങളുടെ ആവശ്യത്തിനെതിരെ പുറംതിരിഞ്ഞ് നിൽക്കുകയും സമര സംഘടനകളെയും നേതാക്കളെയും അധിക്ഷേപിക്കുകയും അപമാനിക്കുകയുമാണ് യുഡിഎഫ് ചെയ്തത്. ഇപ്പോൾ ജനങ്ങളിൽ നിന്ന് പൂർണമായും ഒറ്റപ്പെട്ടതിന്റെ കാഠിന്യം കുറയ്ക്കാൻ വേണ്ടി ഹർത്താൽ ആഹ്വാനം ചെയ്തതോടെ യുഡിഎഫ് കൂടുതൽ അപഹാസ്യരായി.  
വനത്തിനുള്ളിൽ മാത്രം ഇഎസ്എ നിശ്ചയിച്ചതുകൊണ്ട് ഒരിഞ്ചു കൃഷിഭൂമി പോലും  ഉൾപ്പെടുത്താതെ  ശാസ്ത്രീയവും സമഗ്രവുമായ രീതിയിൽ റിപ്പോർട്ടും ഭൂപടവും തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ച എൽഡിഎഫ് സർക്കാരിന്റെ നടപടിയെ ജനങ്ങൾ ഒറ്റക്കെട്ടായി അംഗീകരിച്ചു. ജില്ലയിൽ 24 വില്ലേജുകൾ പൂർണമായും പരിസ്ഥിതിലോല പട്ടികയിൽനിന്നും ഒഴിവായി. ശേഷിക്കുന്ന 23 വില്ലേജുകളിലെ വനപ്രദേശം മാത്രമാണ് ഇഎസ്എയിലുള്ളത്. ജില്ലയിലെ എട്ട്‌ വില്ലേജുകളിൽ നിർമാണ നിയന്ത്രണം കൊണ്ടുവന്നത് 2010 ലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നിവേദിത പി ഹരന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2010 ൽ ഹൈക്കോടതി വിധി ഉണ്ടാകുന്നത്. ഈ റിപ്പോർട്ട് അംഗീകരിച്ചതും നടപ്പിലാക്കിയതും യുഡിഎഫ് സർക്കാരാണ്. തിങ്കളാഴ്ച  നിയമസഭയിൽ ഈ പ്രശ്നം ഉന്നയിച്ച കെ എം മാണി മന്ത്രിയായിരിക്കെയാണ് റിപ്പോർട്ട് അംഗീകരിച്ചത്. നിവേദിതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതും വൈദ്യുതി കണക്ഷനും വാട്ടർ കണക്ഷനും അനുമതി നിഷേധിക്കുന്നതും. കൃഷിക്കാർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതിയും നഷ്ടപ്പെട്ടു.
എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിലും അനുഭാവപൂർവ്വമായ നടപടികളാണ് എടുത്തിട്ടുള്ളത്. വീടു വയ്ക്കുന്നതിനുള്ള അനുമതി  നൽകാനുള്ള അധികാരം സബ്കലക്ടറിൽ നിന്നും എടുത്തുമാറ്റി  വില്ലേജ് ഓഫീസർമാർക്ക് നൽകികൊണ്ട് ഉത്തരവിറങ്ങിക്കഴിഞ്ഞു. ഇപ്പോൾ എട്ട‌് വില്ലേജുകളിൽ വീട് വയ്ക്കുന്നതിന്  നിരോധനം ഉണ്ട് എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. വീട് വയ്ക്കുന്നതിന് ഒരു വിധത്തിലുള്ള തടസ്സങ്ങളുമില്ല. ജില്ലയിലെ ജനങ്ങളുടെ ആവശ്യങ്ങൾ ഒന്നൊന്നായി എൽഡിഎഫ് സർക്കാർ പരിഹരിച്ചുകൊണ്ടിരിക്കുന്നു. 23000 പേർക്ക് ഉപാധിരഹിത പട്ടയം നൽകി. സിഎച്ച്ആർ പൂർണമായും റവന്യൂ ഭൂമിയാണെന്ന് വ്യക്തമാക്കി ഉത്തരവിറക്കി. കുത്തകപാട്ടം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉത്തരവിറക്കി. പത്ത് ചെയിൻ പ്രദേശങ്ങളിൽ പട്ടയം നൽകുന്നതിനുള്ള ചരിത്രപരമായ തീരുമാനം ഉണ്ടായി. 
പട്ടയത്തിനുള്ള വരുമാന പരിധി എടുത്തുകളഞ്ഞു. പതിച്ചുകിട്ടുന്ന ഭൂമി കൈമാറ്റം ചെയ്യാൻ പാടില്ല എന്ന വ്യവസ്ഥയും മാറ്റി ഉത്തരവിറക്കി. അഞ്ചുനാട്ടിലെ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിഞ്ഞു. കൃഷിക്കാർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും ജില്ലാ സെക്രട്ടറിയറ്റ് അറിയിച്ചു. ഇത്തരത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്ന സർക്കാരിനെതിരെ ജനദ്രോഹ ഹർത്താൽ പ്രഖ്യാപിച്ച് സ്വയം ലജ്ജിതരാകുകയാണ് യുഡിഎഫ് നേതൃത്വം ചെയ്തത്. ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ജനങ്ങൾക്കൊപ്പം  നിൽക്കുന്ന പ്രസ്ഥാനമാണ് സിപിഐ എമ്മും ഇടതുപക്ഷവുമെന്നും കെ കെ ജയചന്ദ്രൻ വൃക്തമാക്കി.
 
പ്രധാന വാർത്തകൾ
 Top