18 November Monday
അമ്പലപ്പാറ ചന്ദന കേസ്

മലപ്പുറത്തെ നാല്‌ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Sunday May 26, 2019

 മറയൂർ 

മറയൂർ ചന്ദനക്കാട്ടിൽ നിന്നും ചന്ദന മരങ്ങൾ കടത്തിയ കേസിലെ നാലു പ്രതികളെ കണ്ടെത്തുന്നതിന് വനം വകുപ്പ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഒളിവിൽ കഴിയുന്ന മലപ്പുറം പൂക്കോട്ടൂർ പുല്ലാര സ്വദേശികളായ ബോസ് എന്നും കുഞ്ഞിപ്പു എന്നും വിളിക്കുന്ന ഷൊഹൈബ്, കയ്പൻകോട് അബ്ദുൾ നാസർ, വള്ളുവമ്പ്രം സ്വദേശി അക്കര ഗഫൂർ, ബേബി സോൺ വസ്ത്രവ്യാപാര സ്ഥാപനത്തിലെ അൻവർ എന്നിവരെ കണ്ടെത്തുവാൻ വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുക. ദേവികുളം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ വീടുകളിൽ നിരവധി തവണ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിട്ടും പിടികൂടാനായില്ല. ഏഴു ദിവസത്തിനകം കീഴടങ്ങിയില്ലെങ്കിൽ നോട്ടീസ് ഇറക്കുമെന്ന് പ്രതികളുടെ ബന്ധുക്കളോട് വനം വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.  ഇവർ ചന്ദനം കടത്തുവാൻ ഉപയോഗിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുക്കുവാൻ തീരുമാനിച്ചതായി മറയൂർ റേഞ്ച് ഓഫീസർ ജോബ് ജെ  നര്യാംപറമ്പിൽ പറഞ്ഞു
 
.
2018 ഡിസംബർ 19 ന് മറയൂർ റേഞ്ചിലെ നാച്ചി വയൽ സ്റ്റേഷനിലെ അമ്പലപ്പാറ ഭാഗത്ത് നിന്നും മൂന്നുചന്ദനവേരുകൾ കടത്തിയിരുന്നു. ഈ കേസിൽ പിടിയിലായ മറയൂർ നെല്ലിപ്പെട്ടി സ്വദേശികളായ ആറുമുഖം , അന്ന മുത്തു എന്നിവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അന്തർ സംസ്ഥാന ലോബിയുടെ സജീവ സാന്നിധ്യം തിരിച്ചറിഞ്ഞത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 2019 മാർച്ച് 11ന് അടിമാലിക്ക് സമീപം വാളറയിൽ വച്ച് 60 കിലോ ചന്ദനം രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മലപ്പുറം സ്വദേശി സെയ്ഫുദ്ദിൻ, കാസർകോട‌് സ്വദേശി   മധുസൂദനൻ എന്നിവരെയും പിടികൂടി. ഇവരിൽ നിന്നും ലഭിച്ച ഫോണുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കുഞ്ഞിപ്പൂവിന്റെയും സംഘത്തിലേക്കും എത്തിചേർന്നത്. ഈ പ്രതികളുടെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ മറയൂർ സ്വദേശികളുടെ അക്കൗണ്ടിലേക്ക് വന്നതും കണ്ടെത്തി.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top