07 April Tuesday

ആരും പട്ടിണി കിടക്കില്ല...ഞങ്ങളുണ്ട്‌ കൂടെ

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

തൊടുപുഴ നഗരത്തിൽ വഴിയരികിൽ കഴിഞ്ഞുകൂടുന്ന വൃദ്ധന്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊതിച്ചോർ കൈമാറുന്നു

തൊടുപുഴ
രാജ്യം ലോക്‌ഡൗണിലാണ്‌. എല്ലാവരും വീടുകളിലും. പക്ഷേ, പോകാൻ ഇടമില്ലാതെ വഴിയരികിൽ അന്തിയുറങ്ങുന്നവർക്കും ഒരു നേരത്തെ ഭക്ഷണത്തിനായി അലയുന്നവർക്കും പൊതിച്ചോർ ഒരുക്കി നൽകി മാതൃകയാവുകയാണ്‌ തൊടുപുഴയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ. ഒരു രാത്രി കൊണ്ട്‌ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഏഴുനില ഐസൊലേഷൻ മന്ദിരം സജ്ജീകരിച്ചതിന് പിന്നാലെയാണ്‌ വിശ്രമമില്ലാതെ ഇവരുടെ കാരുണ്യപ്രവർത്തനം. 
 തൊടുപുഴ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉണ്ടപ്ലാവിലെ പ്രവർത്തകന്റെ വീട്ടിലാണ്‌ ഭക്ഷണം പാകം ചെയ്‌തത്‌. സാധനസാമഗ്രികൾ പലരും ഇവർക്ക്‌ സംഭാവനയായി നൽകി. കോവിഡിന്റെ പശ്ചാത്തലത്തിൽ അധികം പ്രവർത്തകർ ഒത്തുകൂടുന്നത്‌ ഒഴിവാക്കി കുറച്ച്‌ പേർ മാത്രമാണ്‌ ഭക്ഷണം ഒരുക്കാനും പൊതിച്ചോർ കെട്ടുകളാക്കാനും ഉണ്ടായിരുന്നത്‌.  പയർ തോരൻ, തക്കാളിക്കറി, മുളക്‌, അച്ചാർ എന്നിങ്ങനെ നാലുകൂട്ടം കറികൾ സഹിതം 70 പൊതികൾ ഇവർ തയാറാക്കി. ശേഷം പ്രവർത്തകർ ഗ്രൂപ്പുകളായി തിരിഞ്ഞ്‌ നഗരത്തിലെ വിവിധയിടങ്ങളിൽ ഭക്ഷണമില്ലാതെ വലഞ്ഞവരെ കണ്ടെത്തി പൊതിച്ചോർ കൈമാറി. ജില്ലാ ആശുപത്രിയിലും പൊതിച്ചോർ നൽകി. ഭക്ഷണമില്ലാതെ വലഞ്ഞ പെട്രോൾ ബങ്ക്‌ ജീവനക്കാർക്കും ഇതേറെ ആശ്വാസമായി. വരുംദിവസങ്ങളിലും ആവശ്യം കണ്ടറിഞ്ഞ്‌ പൊതിച്ചോർ തയാറാക്കി വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്‌. ബ്ലോക്ക്‌ സെക്രട്ടറി അജയ്‌ ചെറിയാൻ തോമസ്‌, പ്രസിഡന്റ്‌ ടി എസ്‌ ഷിയാസ്‌, യതിൻ ജോസഫ്‌, പി എം ഷെമീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊതിച്ചോർ വിതരണം. 
 
 
പ്രധാന വാർത്തകൾ
 Top