31 March Tuesday
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം

ജാഗ്രത നിർദേശം നൽകി പഞ്ചായത്തുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
ഇടുക്കി
രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് ജില്ലയിലെ പഞ്ചായത്തുകളും. പൊലീസ്- ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ അനൗൺസ്‌മെന്റും നൽകുന്നുണ്ട്.  രാജകുമാരി പഞ്ചായത്തിൽ പോലീസ്-ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ ടൗണിൽ ശുചീകരണ പ്രവർത്തനം നടത്തി. വീടുകളിലും കടകളിലും സാനിറ്റൈസറും വെള്ളവും വയ്ക്കാനും വ്യക്തി ശുചിത്വം പാലിക്കാനും നിർദേശം നൽകി. അത്യാവശ്യ കടകൾ മാത്രമാണ് തുറക്കുന്നത് ടൗണിലെ അനാവശ്യ സന്ദർശകരെ ഒഴിവാക്കാൻ പൊലീസും രംഗത്തുണ്ട്. സാധനം വാങ്ങാനെത്തുന്നവർ കൈകഴുകി ശുചിത്വം പാലിച്ചാൽ മാത്രമേ സാധനം കൊടുക്കാവു എന്ന നിർദേശവുമുണ്ട്‌. വീട്ടിൽ ഒറ്റക്ക്‌ കഴിയുന്നവർ, വയോധികർ, രോഗികൾ, ഗർഭിണികൾ, നിരീക്ഷണത്തിലുള്ളവർ എന്നിവരുടെ ലിസ്റ്റ് തയ്യാറാക്കി വാർഡംഗങ്ങളും ആശ പ്രവർത്തകരും ഫോണിലൂടെ ബന്ധപ്പെടുന്നുണ്ട്.  
സർക്കാർ നൽകിയ മുഴുവൻ നിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം എസ് സതി പ്രതികരിച്ചു. ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ആരോഗ്യ ജാഗ്രതാ നിർദേശം നൽകുന്ന ലഘുലേഖകൾ വിതരണം ചെയ്തു. വിദേശത്ത്‌ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നവരെ ആരോഗ്യ വകുപ്പിന് പുറമേ വാർഡംഗങ്ങളും ഫോണിൽ ബന്ധപ്പെടുന്നതായും പ്രസിഡന്റ് പറഞ്ഞു.
തോട്ടം തോഴിലാളി മേഖലയായ ഉടുമ്പൻചോലയിൽ പ്രതിരോധ മാർഗ നിർദേശങ്ങൾ അടങ്ങിയ നോട്ടീസ് വീടുകളിൽ വിതരണം ചെയ്തു. അനൗൺസ്മെന്റ് വാഹനങ്ങളിലും നിർദേശങ്ങൾ നൽകുന്നുണ്ട്. പലചരക്ക്, മെഡിക്കൽ സ്റ്റോറുകൾ മാത്രം തുറന്നാൽ മതിയെന്നും പൂഴ്‌ത്തിവയ്പും അമിത വില ഈടാക്കിയാലും കർശന നടപടി സ്വീകരിക്കുമെന്നും വ്യാപരികൾക്ക് നിർദേശം നൽകി. നിർദേശങ്ങൾ അവഗണിച്ച്  തോട്ടങ്ങളിൽ പോകുന്നവർക്കെതിരെ പൊലീസ് നടപടിയെടക്കും. കഴിഞ്ഞ ദിവസം തോട്ടം തൊഴിലാളികളെ കൊണ്ടുപോയ വാഹനം പോലീസ് പിടിച്ചെടുത്തിരുന്നതായും പഞ്ചായത്ത് പ്രസിഡന്റ് ശശികല മുരുകേശൻ പറഞ്ഞു. 
 
 
പ്രധാന വാർത്തകൾ
 Top