03 June Wednesday

ഇടുക്കിയൊരു കുടുംബം, പൂര്‍ണ സുരക്ഷിതത്വം ഉറപ്പ്: കലക്‌ടർ

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

  ചെറുതോണി

ജില്ല ഒരു കുടുംബമാണെന്നും മുഴുവൻ അംഗങ്ങൾക്കും പൂർണ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും കലക്ടർ എച്ച് ദിനേശൻ. രണ്ടാഴ്ചയായി ജില്ലയിലെ കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാർ നിർദ്ദേശാനുസരണം കർശനമായി നടപ്പിലാക്കുകയാണ്‌. വരുന്ന 21 ദിവസവും മുഴുവൻ ആളുകളും വീടുകളിലിരുന്ന് സഹകരിക്കണമെന്നും അനാവശ്യമായ യാത്രകൾ അനുവദിക്കില്ലെന്നും കലക്‌ടർ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. 
 ആവശ്യമായ മുഴുവൻ ഭക്ഷ്യധാന്യങ്ങളും ജില്ലയിലെ സിവിൽ സപ്ലൈസ് ഗോഡൗണിൽ സൂക്ഷിച്ചിട്ടുണ്ട്. വിപുലമായ ശേഖമുള്ളതിനാൽ  ഒരാശങ്കയ്ക്കും അടിസ്ഥാനമില്ല. ഇന്നുമുതൽ സർക്കാർ തീരുമാനം അനുസരിച്ചുള്ള കിറ്റുകൾ വീടുകളിലെത്തിക്കും. അരി റേഷൻകട വഴിയും കിറ്റുകൾ നേരിട്ടുമാണ് എത്തിക്കുന്നത്. വിവിധ സന്നദ്ദ സംഘടനകളിൽ നിന്നായി 40 വളന്റിയർമാരെ പാക്കിങ്ങിനായി നിയമിച്ചിട്ടുണ്ട്. കിറ്റുകൾ ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തിക്കും. താലൂക്ക് വില്ലേജ് തലങ്ങളിൽ ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ജില്ലയിൽ രണ്ടായിരത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി സൗകര്യം ഒരുക്കുന്നതിന്‌ നോഡൽ ഓഫീസറായി ഇടുക്കി ആർഡിഒ അതുൽ എസ് നാഥിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 
 വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ വില്ലേജ് അടിസ്ഥാനത്തിൽ ലിസ്റ്റ് തയ്യാറാക്കി ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചു നൽകുമെന്നും കലക്ടർ പറഞ്ഞു. കുടുംബശ്രീയുടെ 22 ഓൺലൈൻ ഹോട്ടലുകൾ പ്രവർത്തനം തുടങ്ങി. ഓർഡർ അനുസരിച്ച് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകും. തോട്ടം തൊഴിലാളികൾ ഇന്നുമുതൽ ജോലിക്ക് പോകാൻ പാടില്ലെന്നും വീട്ടിൽ തന്നെ ഇരിക്കണമെന്നും കർശന നിർദ്ദേശം നൽകി. തോട്ടം ഉടമകളോടും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 
 പഞ്ചായത്ത് ഓഫീസുകളിൽ സെക്രട്ടറിയും ഒന്നോ രണ്ടോ ജീവനക്കാരും പകൽ സമയം ഉണ്ടാകും. താലൂക്ക് വില്ലേജ് തലത്തിലും ഓഫീർമാരും അനുബന്ധ ജീവനക്കാരും ഉണ്ടാകും. ദുരന്ത നിവാരണ സമിതിയിലെ ജീവനക്കാർ മുഴുവൻ സമയവും പ്രവർത്തിക്കും. ജില്ലയുടെ അതിർത്തികളെല്ലാം പൂർണ സുരക്ഷിതമാണെന്നും കലക്‌ടർ എച്ച്‌ ദിനേശൻ പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top