02 June Tuesday

നിയമം ലംഘിച്ചാല്‍ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കും: ജില്ലാ പൊലീസ് മേധാവി

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
 ചെറുതോണി
കോവിഡ്‌ 19ന്റെ പശ്ചാത്തലത്തിൽ നിയമം ലംഘിച്ചാൽ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പി കെ മധു പറഞ്ഞു. ഒരു വിഭാഗം ആളുകൾ ഇപ്പോഴും പ്രശ്നത്തെ ലാഘവബുദ്ധിയോടെയാണ് കാണുന്നത്. അത്തരക്കാരോട് ഇനി ഉപദേശമോ അഭ്യർഥനയോ ഇല്ല. കർശന നടപടിയെടുക്കും. രണ്ടായിരത്തോളം പൊലീസിനെ ജില്ലയിൽ ആകെ വിന്യസിച്ചിട്ടുണ്ട്. അനാവശ്യമായ ഒരു യാത്രയും അനുവദിക്കില്ല. കോടതി, സമൻസ്, കേസന്വേഷണം ഉൾപ്പെടെയുള്ളവയ്ക്ക് അവധി നൽകിയിരിക്കുകയാണ്. ലോക് ഡൗൺ സമ്പൂർണമായി വിജയിപ്പിച്ച് മഹാവ്യാധിയുടെ വ്യാപനം തടയുകയാണ് ലക്ഷ്യം.
ജില്ലയിലെ അതിർത്തി ചെക്കുപോസ്റ്റുകളായ കമ്പംമെട്ട്, ബോഡിമെട്ട്, കുമളി, മറയൂർ എന്നിവിടങ്ങൾ അടച്ച് ശക്തമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി. ചരക്ക് വാഹനങ്ങളും മരുന്നുകളും മാത്രമേ കടത്തി വിടുന്നുള്ളൂ. മറ്റു ജില്ലകളുമായി അതിർത്തി പങ്കിടുന്ന ചള്ളാവയൽ, നെല്ലാപ്പാറ, വെങ്ങല്ലൂർ, നേര്യമംഗലം, മുപ്പത്തഞ്ചാംവയൽ എന്നിവിടങ്ങളിലും കർശന സംവിധാനം ഏർപ്പെടുത്തി. വൈകുന്നേരങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്ന രീതി ഒരു കാരണവശാലും അംഗീകരിക്കില്ല. സർക്കാർ തീരുമാനം നടപ്പിലാക്കാൻ കർശന നടപടികളുമായി പൊലീസ് മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം ‘ദേശാഭിമാനി’യോട് പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top