06 October Sunday

പ്രവർത്തനങ്ങൾക്ക്‌ സ്‌റ്റോപ്പ്‌ മെമ്മോ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

ചൊക്രമുടി മലയിൽ അനധികൃതമായി നിർമിച്ച റോഡ്

 ഇടുക്കി 

ചൊക്രമുടിയിലെ അനധികൃത നിർമാണങ്ങൾക്കെതിരെ റവന്യു വകുപ്പിന്റെ നടപടി. റവന്യു വകുപ്പിന്റെ ഭൂപടത്തിൽ റെഡ് സോണായ പ്രദേശത്തായിരുന്നു അനധികൃതമായി നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നത്‌. ബൈസൺവാലി വില്ലേജ് ഓഫീസർ ‌സ്റ്റോപ് മെമ്മോ നൽകി. പത്രവാർത്തയെത്തുടർന്ന്‌ ദേവികുളം സബ് കലക്‌ടർ വി എം ജയകൃഷ്ണൻ സ്ഥലം സന്ദർശിച്ചു. ചൊക്രമുടിമലയുടെ മുകളിലേക്ക്‌ രണ്ട്‌ കിലോമീറ്ററിലധികം ദൂരത്തിൽ റോഡ് നിർമിക്കുകയും ഭൂമി പ്ലോട്ടുകളായി തിരിക്കുകയും ചെയ്തിട്ടുണ്ട്‌. റോഡ് ടാർ ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുമ്പോഴാണ് റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയത്. 
അടിമാലി സ്വദേശികളുടെ  പേരിൽ 1.4667 ഹെക്‌ടർ(3.6242 ഏക്കർ) ഭൂമിക്ക്‌ പട്ടയമുള്ളതായി ബൈസൺവാലി വില്ലേജ്‌ ഓഫീസർ സാക്ഷ്യപ്പെടുത്തുന്നു. ഇവിടെ വീടുകൾ നിർമിക്കുന്നതിന് റവന്യു വകുപ്പ് നിരാക്ഷേപ പത്രം(എൻഒസി) നൽകിയിരുന്നു. ഈ ഭൂമിയിലാണ്‌ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടന്നത്‌. ഈ വസ്‌തുവിലുണ്ടായിരുന്ന യൂക്കാലിപ്റ്റസ് മരങ്ങൾ ഏതാനും മാസങ്ങൾക്കുമുമ്പ് മുറിച്ചുനീക്കി. ഇതിനായി നിർമിച്ച റോഡിൽ ടാറിങ്, കോൺക്രീറ്റ് പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. ഇവിടെ അനധികൃതമായി പാറപൊട്ടിക്കലും നടന്നിട്ടുണ്ട്. വസ്തുവിലുണ്ടായിരുന്ന ചെറിയകുളം വീതിയും ആഴവും കൂട്ടി പുനർനിർമിച്ചു. അനധികൃതമായി നിർമിച്ച ചെക്ക് ഡാമിന്റെ ഒരുഭാഗം കഴിഞ്ഞ ദിവസത്തെ മഴയിൽ തകർന്നിരുന്നു. വസ്‌തു പ്ലോട്ട് തിരിക്കുന്നതിനായി കല്ലുകൊണ്ട്‌ കൈയാലയും കെട്ടി.
ഇതിനോടുചേർന്ന്‌ മറ്റൊരു വ്യക്തിക്ക്‌ 11.0657 ഏക്കർ ഭൂമിയുമുണ്ട്‌. ഇയാളിൽ നിന്നാണ്‌ അടിമാലി സ്വദേശികൾ വസ്‌തു വാങ്ങിയത്‌. അനധികൃത നിർമാണത്തിന്‌ ഇയാൾക്കും സ്‌റ്റോപ്പ്‌ മെമ്മൊ നൽകിയിട്ടുണ്ട്‌. ഇവ വ്യാജ രേഖകൾ ചമച്ചുണ്ടാക്കിയ പട്ടയമാണോയെന്നറിയാൻ റവന്യു വകുപ്പ് അന്വേഷണം ആരംഭിച്ചു. 

ചൊക്രമുടി മലനിരകൾ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിലുൾപ്പെടുന്നതാണ്‌. മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ അപകട സാധ്യത വർധിപ്പിക്കുമെന്ന്‌ പ്രദേശവാസികൾ പറയുന്നു. മലയിടിച്ചിൽ ഭീതിയിലാണ്‌ ചൊക്രമുടിയുടെ താഴെയുള്ള പ്രദേശത്തുള്ളവർ കഴിയുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top