17 September Tuesday
ഭക്ഷ്യ സുരക്ഷാവകുപ്പ‌്‌ ഉത്തരവ്‌

ആശങ്കയിൽ തേനീച്ച കർഷകർ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

 തൊടുപുഴ

തേനിന്റെ ജലാംശത്തിന്റെ അളവ‌് ഇരുപത്‌ ശതമാനമാക്കി നിജപ്പെടുത്തിയ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഉത്തരവ‌് മൂലം തേനീച്ച കർഷകർ പ്രതിസന്ധിയിൽ. ജലാംശം കുറഞ്ഞാൽ മികച്ച രുചിയും ഗുണനിലവാരവും നഷ്ടമായി വിപണിയിൽനിന്ന്‌ കേരളത്തിലെ തേൻ ഒഴിവാക്കപ്പെടുമെന്ന ആശങ്കയിലാണ‌് കർഷകർ. 
കേരളത്തിലെ കാലാവസ്ഥയിൽ ഉൽപാദിപ്പിക്കുന്ന തേനിന്റെ ശരാശരി ജലാംശം 22 മുതൽ 25 ശതമാനം വരെയാണെന്ന‌് കർഷകർ പറയുന്നു. നിലവിൽ 25 ശതമാനം വരെ ജലാംശമുള്ള തേൻ വിൽക്കാൻ കഴിയുമായിരുന്ന അനുമതിയാണ‌് പുതിയ ഉത്തരവിലൂടെ ഇല്ലാതായത‌്. ജലാംശം കൂടുതലുള്ള തേൻ വിറ്റതിന്റെ പേരിൽ തേനീച്ച കർഷകനായ മൂലമറ്റം അറക്കുളം സ്വദേശി നിബി കൊട്ടാരത്തിന‌് അഞ്ചുലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റം ചുമത്തി ഭക്ഷ്യസുരക്ഷാ വകുപ്പ‌് നോട്ടീസ‌് അയച്ചിരിക്കുകയാണിപ്പോൾ. 
ജനുവരി മുതൽ മാർച്ച‌് വരെ ആഴ്ചയിലൊരിക്കൽ വീതമാണ‌് കേരളത്തിൽ സാധാരണ തേൻ വിളവെടുപ്പ‌്. ഈ വർഷം മഴ ഉണ്ടായതിനാൽ മെയ‌് വരെ വിളവെടുക്കാൻ കഴിഞ്ഞു. വിളവെടുക്കുന്ന തേൻ ഓർഗാനിക‌് സൊസൈറ്റികളിലൂടെയും മറ്റുമാണ‌് കർഷകർ വിറ്റഴിക്കുന്നത‌്. പുതിയ നിയമം വന്നതോടെ തേൻ വിറ്റഴിക്കാൻ കർഷകർ പ്രയാസപ്പെടുകയാണ‌്. മാവേലിക്കരയിലെ തേനീച്ച വളർത്തൽ കേന്ദ്രത്തിൽ എത്തിച്ച‌് യന്ത്രസംവിധാനത്തിലൂടെയാണ‌് വൻകിട കർഷകർ തേനിലെ ജലാംശം കുറയ‌്ക്കുന്നത‌്. ഇവിടെ തിരക്കുള്ളതിനാൽ ദിവസങ്ങളോളം കാത്തുനിൽക്കണം. ചെറുകിട കർഷകർക്ക‌് ഇത‌് ആദായകരവുമല്ല. നൂറു കിലോ തേനിലെ ഈർപ്പം വറ്റിക്കുമ്പോൾ ഏഴു കിലോ കുറയും. ജലാംശം പോകുന്നതോടെ കാഠിന്യമേറും. ഇതോടെ സ്വാദും ഗന്ധവും കുറയുമെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
 കേരളത്തെ അപേക്ഷിച്ചിടത്തോളം മറ്റു സംസ്ഥാനങ്ങളിലെ തേനിന‌് കാഠിന്യം കൂടുതലാണത്രെ. തമിഴ‌്നാട്ടിൽനിന്നുള്ള ചിലർ കേരളത്തിൽനിന്ന്‌  മികച്ചയിനം തേൻ വാങ്ങി കൂട്ടിക്കലർത്തി വിൽക്കുന്നുണ്ടെന്നും കർഷകർ ആരോപിക്കുന്നു. തേനീച്ച കർഷകരെയും ചെറുകിട തേൻ വ്യാപാരികളെയും പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഉത്തരവിനെതിരെ കൃഷിമന്ത്രി അടക്കമുള്ള അധികാരികൾക്ക‌് നിവേദനം നൽകാൻ തൊടുപുഴയിൽ ചേർന്ന എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ തേനീച്ച കർഷകരുടെ യോഗം തീരുമാനിച്ചു. കേരള ഓർഗാനിക‌് ഡെവലപ‌്മെന്റ‌് സൊസൈറ്റി പ്രസിഡന്റ‌് ടി കെ രവീന്ദ്രൻ, പ്രൊഫ. സാജൻ ജോസ‌്, ജിജി കളപ്പുര, നിബി കൊട്ടാരം എന്നിവർ സംസാരിച്ചു. റോബിൻ പടവൻ അധ്യക്ഷനായി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top