16 February Saturday

തകർത്തെറിഞ്ഞത‌് ഒരു ഗ്രാമത്തിന്റെ സ്വപ‌്നങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ പന്നിയാർകുട്ടി

 

 
രാജാക്കാട്
ഉരുൾപൊട്ടലും മിന്നൽ പ്രളയവും തൂത്തെറിഞ്ഞ പന്നിയാർകുട്ടിയെന്ന കുടിയേറ്റ പട്ടണത്തിന‌് കഴിഞ്ഞ 17‐ാം തീയതി വെള്ളിയാഴ‌്ച ശരിക്കും ദുഃഖവെള്ളി തന്നെയായിരുന്നുവെന്ന് ദുരന്തത്തിന്റെ ഇരയായ ഷാജി പറയുന്നു. പ്രളയത്തെയും മരണത്തെയും തൊട്ടുമുന്നിൽ കണ്ട  അമ്പലത്തിങ്കൽ ഷാജി സംഭവം ഞെട്ടലോടെയാണ‌് ഓർക്കുന്നത‌്. 
  പൊന്മുടി അണക്കെട്ടിനു ഒരു കിലോമീറ്റർ താഴെ പന്നിയാർ പുഴയുടെ ഇരു കരകളിലുമായി രാജാക്കാട്, കൊന്നത്തടി പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന പന്നിയാറുകുട്ടിയെന്ന ചെറുപട്ടണത്തിന്റെ വലതുവശം മുതിരപ്പുഴയാറാണ‌്. ചുറ്റിലും മാനംമുട്ടെ ഉയർന്ന മേഘങ്ങളാൽ മൂടി കറുത്തിരുണ്ട് കിടക്കുന്ന മലകളും ആർത്തലച്ചൊഴുകുന്ന പുഴകളുടെ ഗർജനവും മഴയുടെ ഇരമ്പവും ഇടയ്ക്കിടെയുണ്ടാകുന്ന അജ്ഞാത ശബ്ദങ്ങളും പ്രകമ്പനങ്ങളും ഒരു ദുരന്തത്തിന്റെ മുന്നോടിയാണെന്ന് നാട്ടുകാർക്ക് ദിവസങ്ങളായി തോന്നിയിരുന്നു. 
മാട്ടുപ്പെട്ടി, പൊന്മുടി അണക്കെട്ടുകൾ ഒരുമിച്ച് തുറന്നുവിട്ട സമയം. ദേവികുളം സബ്‌ കലക്ടർ വി ആർ പ്രേംകുമാർ 15 ന‌് പന്നിയാർകുട്ടിയിലെ ഇരു ടൗണുകളിലുമെത്തി രാജാക്കാട് ഭാഗത്തെ എട്ട‌് കുടുംബങ്ങളെയും കടകളും മറുകരയിൽ കൊന്നത്തടി അതിർത്തിയിലെ പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നതടക്കം 11 വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിച്ച് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക‌് മാറ്റിയിരുന്നു. 
അടുത്തദിവസം രാവിലെ ഷാജിയും കുടുംബാംഗങ്ങളും പന്നിയാർകുട്ടിയിലേക്ക‌് നോക്കിയപ്പോൾ രാജാക്കാട് ‐അടിമാലി പൊതുമരാമത്ത് റോഡരികിൽ ഉണ്ടായിരുന്ന ബാബു, തങ്കച്ചൻ, സൂര്യൻ എന്നിവരുടെ കടകൾ കാണാനുണ്ടായിരുന്നില്ല. സമീപത്തെ കുരിശുപള്ളിയുടെയും കെട്ടിടത്തിന്റെയും വെയ്റ്റിങ് ഷെഡിന്റെയും മീതേ മുന്നൂറു മീറ്ററോളം മുകളിൽനിന്നും ഉരുൾപൊട്ടി എത്തിയ മണ്ണും മരങ്ങളും തങ്ങിയിരിക്കുന്നു. 
ദുരന്തം ആരംഭിച്ചുവെന്ന് മനസ്സിലായതോടെ മുപ്പതോളം നാട്ടുകാരുമായി അവിടെയെത്തി ഒരു കടയിലെ സാധനങ്ങൾ മറ്റൊരിടത്തേക്ക‌് മാറ്റി. പന്ത്രണ്ടോടെ വീണ്ടും മല ഇടിഞ്ഞുവീണു. മറ്റൊരു കടകൂടി തകർത്തുകൊണ്ട് പുഴയിൽ പതിച്ചു. ഇതോടെ പുഴവെള്ളം ഉയർന്നു. മലയിൽ കൂടുതൽ ഭാഗത്ത് വിള്ളലുകൾ ഉണ്ടായിരിക്കുന്നതായും അറിഞ്ഞു. രണ്ടോടെ വീട്ടിനുള്ളിൽ കയറി ഭക്ഷണം കഴിച്ചു. 2.20നു ഭക്ഷണം കഴിച്ച്  പുറത്തിറങ്ങിയ മകൻ അർജുൻ മറുകരയിൽ മലയുടെ ഒരു ഭാഗം നിറഞ്ഞൊഴുകുന്ന പുഴയിലേക്കും തങ്ങളുടെ നേർക്കുമായി ഇടിഞ്ഞുവീഴുന്നതാണു കണ്ടത്. ഷാജി പുറത്തിറങ്ങിയപ്പോഴേക്കും ജ്യേഷ്ഠന്റെ വീടും കടയും തകർത്തുകൊണ്ട് ഇരുപത് അടിയിലേറെ ഉയരത്തിൽ ഭീമാകാരമായ ജലഗോളം പാഞ്ഞടുക്കുന്നു. ഇവർ  മുകൾഭാഗത്തേക്ക‌് ഓടി. പാഞ്ഞെത്തിയ വെള്ളം അങ്കണവാടി, മൃഗാശുപത്രി കെട്ടിടം, ഷാജിയുടെ മറ്റൊരു കെട്ടിടം, ക്ലബ‌്, കുരിശടി, കലുങ്ക്, ഒഴുകയിൽ ജയിംസിന്റെ വീട്, വർഷങ്ങൾ പഴക്കമുള്ള പത്തോളം തെങ്ങുകൾ, ജാതിമരങ്ങൾ, വൈദ്യുത പോസ്റ്റുകൾ തുടങ്ങി സർവതും തകർത്തുകൊണ്ട് അൻപത് അടിയോളം ഉയരത്തിൽ കരയിലേക്ക‌് പാഞ്ഞുകയറി പിൻവാങ്ങി. 
മൃഗാശുപത്രിയുടെ വരാന്തയിൽ കെട്ടിയിരുന്ന എട്ട‌് ആടുകളും ചത്തു. തൊട്ടുതാഴെ പോത്തുപാറയ്ക്കുള്ള വള്ളക്കടവ് നടപ്പാലവും പാടേ തകർന്നു. നിമിഷങ്ങൾക്കകമായിരുന്നു ഇതെല്ലാം. മലയുടെ വലിയൊരു ഭാഗവും മെയിൻറോഡിൽ അവശേഷിച്ചിരുന്ന അഞ്ചോളം കടകളും തകർത്തുകൊണ്ട് ചെളിയും മലവെള്ളവും കെട്ടിടാവശിഷ്ടങ്ങളും പുഴയിൽ വന്നുവീണതിന്റെ ആഘാതത്തിൽ സുനാമി പോലുള്ള തിരകൾ ഉയർന്നതായി ഷാജി ഓർക്കുന്നു. അഞ്ച് കെട്ടിടങ്ങൾ മാത്രമാണു ഇപ്പോൾ അവശേഷിക്കുന്നത്. പ്രകൃതി നൽകിയ കനത്ത മാനസികാഘാതത്തിൽ നിന്നും പ്രദേശവാസികൾ ഒട്ടും മോചിതരായിട്ടില്ല. എന്നാലും സർക്കാരിനൊപ്പം അതിജീവന പ്രവർത്തനങ്ങളിൽ സജീവമാവുകയാണ‌് ഇവിടുത്തെ കർഷകജനത.
പുതിയ പോസ്റ്റുകൾ കുഴിച്ചിട്ട് വൈദ്യുത വിതരണം പുനരാരംഭിക്കാനുള്ള ജോലികൾ കെഎസ്ഇബി ആരംഭിച്ചു. മറുകരയിൽ മെയിൻറോഡിൽ മീറ്ററുകളോളം ഉയരത്തിൽ വീണുകിടക്കുന്ന കല്ലും മണ്ണും മുകൾ ഭാഗത്ത് ഉണ്ടായിരുന്ന വീടുകളുടെ അവശിഷ്ടങ്ങളും നീക്കംചെയ്ത് റോഡ് തുറക്കാൻ പൊതുമരാമത്ത് വകുപ്പ് ശ്രമം തുടങ്ങി.മൂന്ന‌് മണ്ണുമാന്തി യന്ത്രങ്ങൾ ഇവിടേക്ക‌് നൽകിയിട്ടുണ്ട്. മുറിവുകൾ അവഗണിച്ച് നാട്ടുകാരും ഇവർക്കൊപ്പം മണ്ണു നീക്കുന്നതിൽ പങ്കുചേരുന്നു.   
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top