25 August Sunday
കിഫ‌്ബി കനിഞ്ഞു

ജില്ലയിൽ 10 സർക്കാർ സ‌്കൂളുകൾക്ക‌് ഈ വർഷം സുന്ദരമന്ദിരം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

 തൊടുപുഴ

ജില്ലയിലെ സർക്കാർ സ‌്കൂളുകൾ പരാധീനതകളോട‌് വിടപറയുകയാണ‌്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെയുള്ള ജില്ലയിലെ മുഴുവൻ സ‌്കൂളുകളുടെയും നിർമാണ പ്രവർത്തനങ്ങൾ ഈ വർഷംതന്നെ പൂർത്തിയാക്കാൻ തിരുവനന്തപുരത്തുനടന്ന അവലോകനയോഗത്തിൽ തീരുമാനമായി.  
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ‌് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ(കൈറ്റ്) മേൽനോട്ടത്തിൽ ജില്ലയിൽ നിലവിൽ അഞ്ചുകോടിയും മൂന്നുകോടിയും വിനിയോഗിച്ച‌് ആകെ 10 സ‌്കൂളുകളിലാണ‌് ആദ്യ രണ്ടുഘട്ടങ്ങളിലായി നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത‌്. ഇതിൽ തൊടുപുഴ, കുഞ്ചിത്തണ്ണി സ്‌കൂളുകളുടെ പകുതിയിലേറെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. സെപ്തംബറോടെ പണികളെല്ലാം പൂർത്തീകരിക്കും. വണ്ടിപ്പെരിയാർ, കല്ലാർ സ്‌കൂളുകളിൽ വൈകിയാണ‌് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതെങ്കിലും ഇവയും മുരിക്കാട്ടുകുടി സ്കൂളും 2020 മാർച്ചോടെ പൂർത്തിയാക്കാനാവും.
അടിമാലി, കുമളി‍ സ്കൂളുകളിൽ മൂന്നുകോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ‌് നടക്കുന്നത‌്. ഇത‌് സെപ്തംബറിൽ പൂർത്തിയാകും. മൂന്ന് കോടി വിഭാഗത്തിൽതന്നെ വരുന്ന രാജാക്കാട് സ്കൂൾ റീ ടെൻഡർ ചെയ്തിട്ടുണ്ട്. ജൂൺ 25-നാണ് അവസാന തീയതി. പണിക്കൻകുടി, പൂമാല സ്കൂളുകൾ ധനകാര്യ അനുമതിക്കായി കിഫ്ബിയുടെ പരിഗണനയിലാണ്.
നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന മുഴുവൻ സ്കൂളുകളും കൃത്യമായി നിരീക്ഷിച്ച‌് ഈ അധ്യയനവർഷംതന്നെ പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചതായി കൈറ്റ് വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ അൻവർ സാദത്ത് അറിയിച്ചു. സ്കൂളുകളുടെ നിർമാണപ്രവർത്തനങ്ങളുടെ തൽസ്ഥിതി www.kite.kerala.gov.in ൽ ലഭ്യമാണ്.
 
 
പ്രധാന വാർത്തകൾ
 Top