20 July Saturday

ഇടുക്കി ബ്ലോക്ക‌് പഞ്ചാ. അഴിമതി: വിജിലൻസിന‌് പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019
ചെറുതോണി
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽനടന്ന 40 ലക്ഷം രൂപയുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിന‌് പരാതി നൽകി. സർക്കാർ ഫണ്ട് ഭരണസമിതിയും കരാറുകാരും ചേർന്ന് അടിച്ചുമാറ്റിയത് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. അഴിമതി കൈയോടെ പിടിക്കപ്പെട്ടതോടെ യുഡിഎഫ് ഒന്നാകെ പ്രതിരോധത്തിലായി. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാടന്റെ നേതൃത്വത്തിലായിരുന്നു അഴിമതി. റെജി മുക്കാടൻ വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനായിരിക്കെയാണ് 40 ലക്ഷം രൂപയുടെ അഴിമതിക്ക് കളമൊരുക്കിയത്. ജിഎസ്ടിയുടെ പേരിൽ 10 ശതമാനം തുക അധികമായി കരാറുകാരുടെ പേരിലേക്ക് മാറ്റിനൽകി പിന്നീട‌് അവരിൽനിന്ന് തിരികെ വാങ്ങിയാണ് ഭരണസമിതിക്കാർ തുക വീതിച്ചെടുത്തത്. 
പശ്ചാത്തല മേഖലയിൽ റോഡ് ഉൾപ്പെടെയുള്ള നിർമാണങ്ങൾക്കായി മാറ്റിവച്ച തുകയിൽനിന്നാണ് ഭരണസമിതിയംഗങ്ങൾ അഴിമതി നടത്തിയത‌്. ജിഎസ്ടിയുടെ പേരിൽ മാറ്റിവച്ചിരുന്ന തുക മറ്റു പഞ്ചായത്തുകൾ സർക്കാരിന്റെ ജിഎസ്ടി സെല്ലിലേക്ക് തിരിച്ചടച്ചപ്പോഴാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മാറിയെടുത്തത്. മുൻ പ്രസിഡന്റായിരുന്ന ബേബി അഴകത്തിന്റെ അറിവോടെയാണ‌് തുക മാറിയെടുത്തത‌്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടേയും പ്രസിഡന്റിന്റേയും പേരിലുള്ള അക്കൗണ്ടിൽനിന്നാണ് പണം മാറിയെടുത്തത്. അസിസ്റ്റന്റ് എക‌്സിക്യൂട്ടീവ‌് എൻജിനിയറാണ് ഭരണസമിതിക്കും കരാറുകാർക്കും ഇടനിലക്കാരനായി പ്രവർത്തിച്ചത്.
 
 
പ്രധാന വാർത്തകൾ
 Top