24 August Saturday
പോഷക സംഘടനകളും പിളരുന്നു

കേരള കോൺഗ്രസ‌് എമ്മിൽ നിലയ‌്ക്കാത്ത പൊട്ടിത്തെറി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

 കട്ടപ്പന 

ജില്ലയിലെ കേരള കോൺഗ്രസ് എമ്മിൽ പഴിചാരലുകളും പൊട്ടിത്തെറികളും നിലയ‌്ക്കുന്നില്ല. യൂത്ത‌് ഫ്രണ്ട‌് എം, വനിതാ കോൺഗ്രസ‌്,  കെഎസ‌്സി തുടങ്ങിയ പോഷക സംഘടനകൾ പിളർന്ന‌് ജോസ് കെ മാണിക്ക് പിന്തുണ പ്രഖ്യാപിച്ചു. യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിൽ, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സെലിൻ കുഴിഞ്ഞാലിൽ, കെടിയുസി ജില്ലാ പ്രസിഡന്റ് ജോർജ് അമ്പഴം, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാലുമ്മേൽ, കെഎസ‌്സി ജില്ലാ പ്രസിഡന്റ് ജോമറ്റ് ഇളംതുരുത്തിയിൽ എന്നിവരാണ് ജോസ് കെ മാണിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. അഴിമതിമൂലം കേരള രാഷ്ട്രീയത്തിൽനിന്ന‌് അപ്രസക്തമാകുമായിരുന്ന ജോസഫ് വിഭാഗം പഴയതൊക്കെ മറക്കുകയാണ‌്. പാർടി ചെയർമാനായിരുന്ന കെ എം മാണിയാണ‌് കൂടെനിർത്തി ജോസഫ‌് വിഭാഗത്തെ പുനർജീവിപ്പിച്ചത‌്. ഇതിന‌് പ്രത്യുപകാരമാണ‌് പാർടി പിടിച്ചെടുക്കുന്നതിലൂടെ നൽകുന്നതെന്നും നേതാക്കൾ ആരോപിച്ചു. 
  ജനാധിപത്യ പാർടികളിൽ ഏതെങ്കിലും വിഷയത്തിൽ തർക്കമുണ്ടായാൽ സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്ത് ഭൂരിപക്ഷ അഭിപ്രായത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുകയാണ് പതിവ്. ഇപ്രകാരം വിളിച്ചുചേർത്ത സംസ്ഥാന കമ്മിറ്റിയിലാണ് ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്. 127 അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കാതെ പാർടിയെ പിളർത്തി ഒരു വിഭാഗത്തെ കൂടെ നിർത്തി ചെയർമാനും ലീഡറുമാകാനുള്ള ശ്രമമാണ് ഇതോടെ ഇല്ലാതായത്. 
 കേരള കോൺഗ്രസ് ലയനത്തിനുശേഷം ജില്ലയിൽ പാർടിക്ക് കരുത്തേകുന്ന നേതൃത്വത്തിന്റെ അഭാവമുണ്ട‌്. ലയനത്തോടെ ജോസഫ് വിഭാഗത്തിന് വിട്ടുനൽകിയ മണ്ഡലം കമ്മിറ്റികളുടെ പ്രവർത്തനം നിർജീവമാണ്. ജില്ലയിലെ മുതിർന്ന നേതാക്കളെ മറികടന്നാണ് പി ജെ ജോസഫ്, എം ജെ ജേക്കബിനെ ജില്ലാ പ്രസിഡന്റായി തീരുമാനിച്ചത്. 
ലയനസമയത്തെ ധാരണ പ്രകാരം പാർടി ചെയർമാൻ സ്ഥാനം മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ്. കെ എം മാണിയുടെ നിര്യാണം കഴിഞ്ഞ് രണ്ടരമാസം പിന്നിടുമ്പോഴും ജില്ലാ കമ്മിറ്റി വിളിച്ചുചേർത്ത് അനുസ‌്മരണ യോഗംപോലും നടത്താൻ കഴിയാത്തത് അദ്ദേഹത്തോടുള്ള അവഹേളനമാണെന്നും നേതാക്കൾ ആരോപിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top