ഇടുക്കി
കാർഷിക തോട്ടം മേഖലയിൽ പുതുചരിത്രം രചിച്ച് തൊഴിലാളികളുടെ മുന്നേറ്റ സന്ദേശമായി സിഐടിയു ജില്ലാ ജാഥകൾ. ഞായറാഴ്ച തോട്ടം, കാർഷിക മേഖലയുടെ ഹൃദയഭൂമികകളിലൂടെ കടന്ന് ജാഥകൾ പര്യടനം പൂർത്തിയാക്കി. അഞ്ചുനാട്ടിലെ ആദിവാസി സമൂഹവും മൂന്നാറിലെ തോട്ടം തൊഴിലാളികളും സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ സ്വീകരണകേന്ദ്രങ്ങളിലെത്തി. ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും തൊഴിൽ നിയമഭേദഗതി നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ ശ്രമത്തിനെതിരെയും രാജ്യത്തെ ജനങ്ങളുടെ സംരക്ഷണത്തിനായി പത്ത് ആവശ്യങ്ങൾ ഉന്നയിച്ചും സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാഥകൾക്ക് ഉജ്വല സമാപനം.
സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ നേതൃത്വം നൽകിയ ജാഥ പാറത്തോട്, ചെമ്മണ്ണാർ, വട്ടപ്പാറ, ശാന്തൻപാറ, പൂപ്പാറ, കുരുവിളസിറ്റി, രാജകുമാരി, ഖജനാപ്പാറ, ബൈസൺവാലി, ഇരുപതേക്കർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം രാജാക്കാട്ടിൽ സമാപിച്ചു. ജാഥാ ക്യാപ്റ്റനെ കൂടാതെ കെ എൻ ശിവൻ, ടി ജെ ഷൈൻ, ഒ ജി മദനൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
സിഐടിയു ജില്ലാ ട്രഷറർ കെ വി ശശി ക്യാപ്റ്റനായ ജാഥ കാന്തല്ലൂരിൽനിന്ന് പര്യടനം ആരംഭിച്ച് മറയൂർ, തലയാർ, മൂന്നാർ ടൗൺ, മാട്ടുപ്പെട്ടി, ലാക്കാട് എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പള്ളിവാസലിൽ സമാപിച്ചു. ക്യാപ്റ്റനു പുറമെ ജാഥാ അംഗങ്ങളായ ടി ആർ സോമൻ, വി ഒ ഷാജി, കെ വി ജോയി, എ രാജേന്ദ്രൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..