27 February Thursday

സില്ലി ആയിരുന്നില്ല ചില്ലിത്തോടിന്റെ പ്രശ്നം

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

മന്ത്രി ഇ ചന്ദ്രശേഖരനിൽനിന്ന്‌ പട്ടയം കൈപ്പറ്റിയ ചില്ലിത്തോട് കോളനി നിവാസി കുട്ടി അയ്യപ്പൻ മന്ത്രിയുടെ കൈയിൽ ചുംബിക്കുന്നു. മന്ത്രി എം എം മണി സമീപം

 കട്ടപ്പന 

അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ ചില്ലിത്തോട്‌ നിവാസികൾക്ക്‌ പട്ടയമെന്ന സ്വപ്‌നം യാഥാർഥ്യമായി. ജില്ലയിലെ ഏറ്റവും വലിയ പട്ടികജാതി കോളനിയാണ് ചില്ലിത്തോട്ടിലെ അംബേദ്കർ നഗർ. സ്വന്തം ഭൂമിക്ക് പട്ടയമെന്ന കോളനി നിവാസികളുടെ ആവശ്യത്തിന് അരനൂറ്റാണ്ടിന്റെ ചരിത്രമാണുള്ളത്‌. 1975 ലാണ് ആദ്യ കുടിയേറ്റം ഉണ്ടായത്‌. അന്നത്തെ ഇടുക്കി കലക്ടർ ഡോ. ബാബു പോളാണ്‌ തൊണ്ണൂറോളം കുടുംബങ്ങൾക്ക്‌ ഭൂമി നൽകിയത്. ഒരേക്കർ വരെയാണ് കിട്ടിയത്. ഇപ്പോൾ 310 കുടുംബങ്ങൾ ഇവിടെ ഉണ്ട്. ചില്ലിത്തോട് കോളനിവാസികളുടെ പ്രധാന വരുമാനമാർഗം ഈറ്റകൊണ്ട്‌ കൊട്ട, വട്ടി, മുറം, പനമ്പ് ഉൾപ്പെടെ നിർമിക്കലാണ്‌. ഇപ്പോൾ റബർ ഒഴികെ മറ്റെല്ലാ കൃഷികളും കുടുംബങ്ങൾ ചെയ്യുന്നുണ്ട്. പട്ടയം കിട്ടാനുള്ള കോളനിവാസികളുടെ ശ്രമങ്ങൾക്കും കുടിയേറ്റകാലത്തോളം പഴക്കമുണ്ട്‌. നാലുമാസംമുമ്പ്‌ എസ് രാജേന്ദ്രൻ എംഎൽഎ വിളിച്ചുചേർത്ത ജനകീയ യോഗത്തിലാണ്  വഴിത്തിരിവുണ്ടായത്.
 വിഷയം ജില്ലയുടെ ചുമതലയുള്ള മന്ത്രി എം എം മണിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അദ്ദേഹം മുഖ്യമന്ത്രിയെയും റവന്യു മന്ത്രിയെയും ധരിപ്പിക്കുകയുമായിരുന്നു. കലക്ടർ എച്ച് ദിനേശൻ മുൻകൈയെടുത്തതോടെ ചില്ലിത്തോട്‌ നിവാസികളുടെ  പട്ടയപ്രതീക്ഷകൾ പൂവണിഞ്ഞു. 290 പേർക്കാണ്‌ പട്ടയം കിട്ടിയത്‌. ചില്ലിത്തോടിൽനിന്ന്‌ തോണിപ്പാറയിലേക്കുള്ള രണ്ടു കിലോമീറ്റർ റോഡരികിലാണ് കുടുംബങ്ങൾ താമസിക്കുന്നത്. വെള്ളം, വഴി, വൈദ്യുതി തുടങ്ങി മറ്റെല്ലാ സൗകര്യങ്ങളും എത്തി. പട്ടയത്തിനായുള്ള ജനകീയ ഏകോപന സമിതിയുടെ കൺവീനർ കെ കെ രാജന്റെയും ചെയർമാൻ ചാണ്ടി പി അലക്സാണ്ടറുടെയും ഇടപെടലുമുണ്ടായി. 
 
പ്രധാന വാർത്തകൾ
 Top