26 February Wednesday

ഇടുക്കി അറിയുന്നു... ഒപ്പമുണ്ടാകും ഈ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

 കട്ടപ്പന

പ്രളയം തകർത്തെറിഞ്ഞ വീടിനുമുന്നിൽ പകച്ചുനിന്ന രാജേഷല്ല പട്ടയമേളയിൽനിന്ന്‌ മടങ്ങിയത്‌. അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയുമാണ്‌ മന്ത്രിയുടെ കൈയിൽനിന്ന്‌ വീടുവയ്‌ക്കാനുള്ള മൂന്നുസെന്റ്‌ ഭൂമിയുടെ പട്ടയം ഏറ്റുവാങ്ങിയത്‌. 2018ൽ നിലയ്‌ക്കാതെ പെയ്‌ത മഴയിലാണ്‌ കൊച്ചുതോവാളയിലെ വീട്‌ നിലംപൊത്തിയത്‌. കടമാക്കുഴിയിലാണ്‌ ഇപ്പോൾ പട്ടയം കിട്ടിയിരിക്കുന്നത്‌. ഇനി ഒരു വീടുവയ്‌ക്കണം. അതിനും ലൈഫ്‌ പദ്ധതിയുമായി ഈ സർക്കാർ ഒപ്പമുണ്ടാകുമെന്ന ഉറച്ച ബോധ്യമുണ്ട്‌. സന്തോഷം അടക്കാൻ കഴിയുന്നില്ല 38 കാരനായ രാജേഷിന്‌. 
 ഇത്‌ രാജേഷിന്റെ മാത്രം കഥയല്ല, വെള്ളിയാഴ്ച രാവിലെ സെന്റ്‌ ജോർജ്‌ പള്ളിയുടെ പാരിഷ്‌ ഹാളിൽ തിങ്ങിനിറഞ്ഞ എല്ലാവരുംതന്നെ സമാന അനുഭവമുള്ളവരാണ്‌. അവരുടെയെല്ലാം മനമറിഞ്ഞ്‌ ആവശ്യം നിറവേറ്റിയിരിക്കുകയാണ്‌ സർക്കാർ. പട്ടയത്തോടൊപ്പം ഭൂമിയുടെ സ്‌കെച്ചുകൂടി എല്ലാവർക്കും ലഭിച്ചു. മാസങ്ങൾ അവധിയോ വിശ്രമമോ ഇല്ലാതെ പണിയെടുത്ത്‌ എണ്ണായിരത്തിലേറെ ആളുകൾക്ക്‌ പട്ടയം തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ മുഖങ്ങളിലും കണ്ടത്‌ ആഹ്ലാദവും ചാരിതാർഥ്യവും.
   കോവിൽമലയിലെ കലാകാരന്മാർ അവതരിപ്പിച്ച ആദിവാസി കൂത്തോടെ ആരംഭിച്ച മെഗാമേള മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്‌ഘാടനംചെയ്‌തു. വനവിഭവ ശേഖരണ അവകാശ രേഖ കോഴിമല സെറ്റിൽമെന്റ് കോളനിക്കുവേണ്ടി രാജപ്പൻ വാഴേപ്പറമ്പിലിന് കൈമാറിയാണ്‌ പട്ടയവിതരണം ഉദ്ഘാടനംചെയ്തത്‌. പ്രളയബാധിതർക്കായി ഭൂമി സൗജന്യമായി നൽകിയ സുമനസ്സുകളെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. അവർക്ക്‌ ബഹുമതിപത്രവും സമ്മാനിച്ചു. 
   മന്ത്രി എം എം മണി  അധ്യക്ഷനായി. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. കലക്ടർ എച്ച് ദിനേശൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഇ എസ് ബിജിമോൾ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി, നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് വി ആർ ശശി, നഗരസഭ കൗൺസിലർ സി കെ മോഹനൻ, വിവിധ രാഷ്ട്രീയപാർടി പ്രതിനിധികളായ കെ കെ ശിവരാമൻ, ഇബ്രാഹിംകുട്ടി കല്ലാർ, സി വി വർഗീസ്, വി ആർ സജി, മാത്യു വർഗീസ്, അനിൽ കൂവപ്ലാക്കൽ, പ്രൊഫ. എം ജെ ജേക്കബ്, ജോസ് പാലത്തിനാൽ, സുബിൻ ബേബി, ജോണി ചെറുപറമ്പിൽ, വി എസ്‌ രതീഷ്‌, സബ് കലക്ടർ പ്രേം കൃഷ്ണൻ, എഡിഎം ആന്റണി സ്‌കറിയ, ആർഡിഒ അതുൽ സ്വാമിനാഥ് എന്നിവർ പങ്കെടുത്തു. റോഷി അഗസ്റ്റിൻ എംഎൽഎ  സ്വാഗതവും ഇടുക്കി തഹസിൽദാർ വിൻസന്റ് ജോസഫ് നന്ദിയും പറഞ്ഞു.
 എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽവന്ന ശേഷമുള്ള നാലാമത് പട്ടയമേളയാണിത്. 11 റവന്യു ഓഫീസുകൾ വഴി 8,101 പട്ടയമാണ് വിതരണംചെയ്തത്. ഇതോടെ ഈ സർക്കാർ വിതരണം ചെയ്ത പട്ടയത്തിന്റെ എണ്ണം 28,520 ആയി. ഏഴല്ലൂർ, കൊലുമ്പൻകോളനി, അഞ്ചിരി, ഇഞ്ചിയാനി, മാങ്കുളം, പണിയക്കുടി, പെരുങ്കാല കോളനി തുടങ്ങി 18 കോളനികളിൽ താമസിക്കുന്ന 1,500 ഓളം പേർക്ക് പട്ടയം ലഭിച്ചു. യോഗശേഷം 32 കൗണ്ടർവഴി പട്ടയങ്ങൾ വിതരണംചെയ്‌തു. 
ജില്ലാ ഭരണവും ജില്ലാ ഇൻഫർമേഷൻ ഓഫീസും ചേർന്ന് പട്ടയം ലഭിക്കുന്ന പ്രധാന കോളനികൾ കേന്ദ്രീകരിച്ച് തയ്യാറാക്കിയ വീഡിയോ ഡോക്യുമെന്ററി ഉദ്ഘാടന യോഗത്തിനുമുമ്പ്‌ പ്രദർശിപ്പിച്ചു. തുടർന്ന് കോഴിമല കോളനിയിൽ നിന്നെത്തിയ കലാകാരൻമാർ ആദിവാസി ഗോത്രകലാരൂപമായ മന്നാൻകൂത്തും അവതരിപ്പിച്ചു.
 
 
പ്രധാന വാർത്തകൾ
 Top