27 September Sunday

യുഡിഎഫ്‌ അവകാശവാദം പൊളിച്ച്‌ മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020
 
പട്ടയമേളയിൽ മുൻ യുഡിഎഫ്‌ സർക്കാരിനെ പുകഴ്‌ത്താൻ ശ്രമിച്ച റോഷി അഗസ്റ്റിൻ എംഎൽഎയ്‌ക്കും സഹായിക്കാനെത്തിയ ഡീൻ കുര്യാക്കോസ്‌ എംപിക്കും കണക്കിനുകൊടുത്ത്‌ മന്ത്രി എം എം മണി. മുൻ യുഡിഎഫ്‌ സർക്കാർ ഇടുക്കിയിൽ നാൽപതിനായിരത്തോളം പട്ടയം വിതരണം ചെയ്‌തെന്ന്‌ എംഎൽഎ സ്വാഗതപ്രസംഗത്തിൽ നടത്തിയ അവകാശവാദമാണ്‌ അധ്യക്ഷപ്രസംഗത്തിൽ മന്ത്രി ചോദ്യംചെയ്‌തത്‌. ഇ എസ്‌ ബിജിമോൾ എംഎൽഎയും യുഡിഎഫ്‌ ഭരണകാലത്തെ പട്ടയത്തിന്റെ നേർചിത്രം തുറന്നുകാട്ടി. 
   വിതരണം ചെയ്‌തെന്നു പറയുന്ന 40,000 പട്ടയം എവിടെയെന്ന്‌ ആർക്കെങ്കിലും അറിയാമോയെന്ന്‌ മന്ത്രി ആരാഞ്ഞപ്പോൾ സദസ്സിൽനിന്ന്‌ ചിരിയും കൈയടിയും ഉയർന്നു. ജനപ്രതിനിധികൾ വസ്‌തുതയാണ്‌ പറയേണ്ടത്‌. മറിച്ചായാൽ മര്യാദകേടാണെന്ന്‌ മന്ത്രി പറഞ്ഞതോടെ, വേദിയിലിരുന്ന ഡീൻ കുര്യാക്കോസ്‌ എംപി ഇടപെട്ടു. മന്ത്രിയെ തിരുത്താനായിരുന്നു ശ്രമം. ‘‘പട്ടയം കൊടുത്തിട്ടുണ്ടല്ലോ’’ എന്ന്‌ ഡീൻ ആരാഞ്ഞപ്പോൾ  ‘ഉവ്വ... ഉവ്വ’ എന്ന മന്ത്രിയുടെ മറുപടിയിൽ സദസ്സ്‌ കൂട്ടച്ചിരിയിലായി.
  പിന്നാലെ മന്ത്രിയുടെ ചോദ്യശരങ്ങളെത്തി. ‘‘ഒരേക്കർ വരെ ഭൂമിക്കേ പട്ടയം നൽകാവൂ എന്ന നിയമം കൊണ്ടുവന്നത്‌ നിങ്ങളല്ലേ? പട്ടയത്തിന്‌ വരുമാനപരിധി നിശ്‌ചയിച്ചത്‌ ആരാണ്‌? നാലേക്കർവരെ പട്ടയം നൽകണമെന്നതായിരുന്നു എൽഡിഎഫ്‌ സർക്കാരിന്റെ നിലപാട്‌. ഇപ്പോൾ നാലേക്കർ വരെയുള്ള ഭൂമിയുടെ അവകാശികളാണ്‌ ഇവിടെ പട്ടയം വാങ്ങുന്നത്‌–- മന്ത്രി പറഞ്ഞു.   
യുഡിഎഫ്‌ സർക്കാർ പട്ടയം നൽകിയിട്ടുണ്ടോയെന്ന്‌ വിവരാവകാശരേഖ നോക്കി പരിശോധിക്കട്ടെ എന്നായിരുന്നു ഡീൻ കുര്യാക്കോസ്‌ എംപിയുടെ മറുപടി. യുഡിഎഫ്‌ സർക്കാരിന്റെ നേട്ടങ്ങളോട്‌ അസഹിഷ്‌ണുത കാണിക്കുന്നത്‌ ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. 
കൊടുത്ത പട്ടയത്തിന്റെ എണ്ണമല്ല, കിട്ടിയത്‌ പ്രയോജനപ്പെട്ടോ എന്നാണ്‌ നോക്കേണ്ടതെന്നായിരുന്നു ഇ എസ്‌ ബിജിമോൾ എംഎൽഎയുടെ മറുപടി. ഉപാധിരഹിത പട്ടയം നൽകാൻ യുഡിഎഫ്‌ സർക്കാർ നടപടി സ്വീകരിച്ചിരുന്നില്ല. അക്കാലത്തെ പട്ടയങ്ങൾ പോക്കുവരവ്‌ ചെയ്യാൻ ഇപ്പോഴും റവന്യൂ ഓഫീസുകൾ കയറിയിറങ്ങുന്നവരുണ്ട്‌. പലർക്കും പട്ടയമുണ്ട്‌, ഭൂമിയില്ല എന്നതായിരുന്നു അവസ്ഥ. ‘സുപ്രീംകോടതി വിധിക്ക്‌ വിധേയ’മെന്ന നിബന്ധന എഴുതാത്ത പട്ടയമാണ്‌ എൽഡിഎഫ്‌ സർക്കാർ വിതരണംചെയ്‌തത്‌. പത്തുചെയിൻ മേഖലയിലെ പട്ടയപ്രശ്‌നത്തിൽ യുഡിഎഫ്‌ സർക്കാരിലെ വൈദ്യുതി മന്ത്രി പുറംതിരിഞ്ഞുനിന്നെങ്കിൽ ഇപ്പോൾ മന്ത്രി എം എം മണി ഇക്കാര്യത്തിൽ വിഭിന്നനിലപാട്‌ സ്വീകരിച്ചത്‌ അഭിനന്ദനാർഹമാണെന്നും ബിജിമോൾ പറഞ്ഞു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top