26 February Wednesday
മുഖംതിരിച്ച’ ഉദ്യോഗസ്ഥർക്ക്‌ രൂക്ഷവിമർശം

‘സ്‌പെഷ്യൽ ഓഫീസുകളുടെ പ്രവർത്തനറിപ്പോർട്ട്‌ ആവശ്യപ്പെട്ട്‌ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

 കട്ടപ്പന

പട്ടയവുമായി ബന്ധപ്പെട്ട്‌ ഇടുക്കിയിലെ ഏഴ്‌ ഭൂമിപതിവ്‌ സ്‌പെഷ്യൽ ഓഫീസുകളിലും നടന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച്‌ റിപ്പോർട്ട്‌ നൽകാൻ കലക്ടറോട്‌ മന്ത്രി ഇ ചന്ദ്രശേഖരന്റെ നിർദേശം. ഒരുവിഭാഗം ഉദ്യോഗസ്ഥർ പട്ടയ ജോലികളോട്‌ മുഖംതിരിഞ്ഞു നിന്നുവെന്ന വിമർശം ഉന്നയിച്ചശേഷമാണ്‌ പട്ടയമേളയുടെ ഉദ്‌ഘാടനവേദിയിൽ മന്ത്രി നിർദേശം നൽകിയത്‌. ഓരോ ഓഫീസിലും എത്ര പട്ടയം നൽകിയെന്നും എത്ര ജീവനക്കാരുണ്ടെന്നും അറിയിക്കണം. ശ്രമകരമായ ജോലിയാണ്‌ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഏറ്റെടുത്തത്‌. അവരെ അഭിനന്ദിക്കുന്നു. ജില്ലയിലെ ഏഴ്‌ സ്‌പെഷ്യൽ ഓഫീസുകളുടെ പ്രവർത്തനം പരിശോധിച്ചിരുന്നു. ഒരുവർഷം 40 പട്ടയം മാത്രം തയ്യാറാക്കിയ സ്‌പെഷ്യൽ ഓഫീസുണ്ട്‌. അവിടെ 27 മുതൽ 35 വരെ ജീവനക്കാരുമുണ്ട്‌. അവർക്ക്‌ ഒരുമാസത്തെ ശമ്പളം എത്രവേണമെന്ന്‌ ആലോചിച്ചാൽ മതി.   
 അപൂർവം ചില ഉദ്യോഗസ്ഥരാണ്‌ പാവങ്ങളോട്‌ അനീതി കാട്ടുന്നത്‌. അർഹമായത്‌ കിട്ടാൻ വർഷങ്ങളുടെ കാത്തിരിപ്പ്‌ ഉണ്ടാകരുത്‌. മന്ത്രിമാർ വരികയും പോവുകയും ചെയ്യുമെന്നും തങ്ങൾ ജീവനക്കാരായി ഇവിടെത്തന്നെ ഉണ്ടാകുമെന്നുമുള്ള അഹങ്കാരമാണ്‌ ചിലരെ ഭരിക്കുന്നത്‌. എക്കാലവും ഇങ്ങനെ ഇരിക്കാമെന്ന്‌ ആരും കരുതേണ്ട. തീരെ ജോലിചെയ്യാത്തവർ വെറുതെ ശമ്പളം പറ്റി ജീവിക്കേണ്ടതില്ല. 
ഹൈക്കോടതി വിധിയുമായെത്തിയപ്പോൾ ജഡ്‌ജി വേണമെങ്കിൽ ഭൂമി അളന്നു നൽകട്ടെയെന്നു പറഞ്ഞ തഹസിൽദാരുണ്ട്‌. റവന്യു മന്ത്രിയുടെ നിർദേശം പാലിക്കാത്ത ഉദ്യോഗസ്ഥരുമുണ്ട്‌. ഇതൊന്നും അനുവദിക്കാനാവില്ല. ജനങ്ങളെ വെറുതെ വട്ടംകറക്കാമെന്ന്‌ ആരും കരുതേണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top