17 January Sunday

മറയൂരിലേക്ക്‌ ഒരു യാത്ര പോയാലോ...

വെബ് ഡെസ്‌ക്‌Updated: Tuesday Nov 24, 2020

നവീകരിച്ച നോർത്തേൺ ഔട്ട്‌ലെറ്റ്‌ റോഡ്‌

മറയൂർ
പണ്ടൊക്കെ മറയൂരിലേക്ക് ഒരു യാത്ര പോയാലോ എന്നു ചോദിച്ചാൽതന്നെ മനംമടുപ്പിക്കുന്ന ഓർമയാണ്. ഇപ്പോൾ അതൊക്കെ മാറി. പതിറ്റാണ്ടുകളായി പിന്നോക്കാവസ്ഥയിൽ കിടന്ന 40 കിലോമീറ്റർ വരുന്ന കയറ്റിറങ്ങളും വളവുകളും തിരിവുകളും നിറഞ്ഞ മൂന്നാർ– മറയൂർ പാതയായ നോർത്തേൺ ഔട്ട്‌ലെറ്റ്‌‌ റോഡിലെ യാത്ര എന്നും ദുരിതമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പു സമയത്ത്‌ മറയൂരിലെ യുവജനങ്ങളും സഞ്ചാരികളും സ്ഥാനാർഥിയായ എസ് രാജേന്ദ്രൻ എംഎൽഎയോട് മറയൂർ– മൂന്നാർ പാത നവീകരിക്കണമെന്നും റബറൈസ്ഡ്‌ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
നിയമസഭാംഗമായി തെഞ്ഞെടുക്കപ്പെട്ട ശേഷം രാജേന്ദ്രൻ മുൻ എംപി ജോയ്സ് ജോർജുമായി നടത്തിയ സംയുക്തശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മറയൂർവഴി കടന്നുപോകുന്ന റോഡ്‌ ശബരി–- പഴനി തീർഥാടന പാതയായി പ്രഖ്യാപിക്കുകയും ചെയ്തു. എസ് രാജേന്ദ്രൻ എംഎൽഎയുടെ ആവശ്യപ്രകാരം മന്ത്രി ജി സുധാകരൻ ശബരിമല റോഡ് വികസനപദ്ധതിയിൽ ഉൾപ്പെടുത്തി. നോർത്തേൺ ഔട്ട്‌ലെറ്റ് പാത പുനർനിർമാണത്തിന് 20 കോടി രൂപ അനുവദിച്ചതോടെയാണ്‌ റോഡിന്റെ മുഖംതെളിഞ്ഞത്‌. സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചതിനെത്തുടർന്ന് ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയായി. 
നാടിന്റെ മുഖച്ഛായ മാറ്റി 
നാടിന്റെ മുഖച്ഛായ മാറ്റിയ പുതിയ റോഡിൽ വാഹനയാത്രയും കാൽനടയാത്രയും സുഖകരമാണ്‌. മറയൂരിൽ താമസിക്കുന്ന ഞാൻ തമിഴ്നാട്ടിലെ മഞ്ഞപ്പെട്ടി  കൊടൈക്കനാൽ മേഖലയിൽ കൃഷി നടത്തുന്ന കമ്പനിയുടെ ഉദ്യോഗസ്ഥനാണ്. ആഴ്‌ചയിൽ രണ്ട് തവണയിൽ കൂടുതൽ യാത്ര ചെയ്യുന്നുണ്ട്‌‌.
ഒരുവർഷം മുമ്പ്‌ 40 കിലോമീറ്റർ യാത്ര ചെയ്യാൻ ഒന്നര മണിക്കൂറിലേറെ വേണമായിരുന്നു. പുതിയ റോഡ് വന്നതോടെ ഇന്ധനചെലവും യാത്രാസമയവും ലാഭിക്കാം. അനായാസകരമായ ഡ്രൈവിങ്ങായതിനാൽ വിനോദസഞ്ചാരികൾക്ക് മനോഹര കാഴ്‌ചകളും ആസ്വദിക്കാം. റോഡിന്‌ ഉയരം കൂട്ടിയപ്പോൾ വശങ്ങളിൽ കട്ടിങ്ങിന്റെയും ഉയരം ചിലയിടങ്ങളിൽ പ്രശ്നമായിട്ടുണ്ട്. ഇത്‌ പരിഹരിച്ചാൽ 100 ശതമാനവും മറയൂർ മേഖലയ്‌ക്ക് ഗുണം ചെയ്യുന്ന വികസനപ്രവർത്തനമാണ്.
    ഗിരീഷ് എം ഗോപി, 
  അഗ്രിപൊഡക്‌റ്റ്‌സ്‌ കമ്പനി മാനേജർ മീച്ചേരിതാഴത്ത്
 
വാഹനങ്ങൾ ബ്രേക്ക്‌ ഡൗണാകില്ല 
മറയൂരിൽനിന്ന്‌ ശർക്കര, അടയ്‌ക്ക, കാന്തല്ലൂരിൽനിന്നുള്ള ഗ്രാന്റീസ്, പഴം പച്ചക്കറികൾ എന്നിവ എത്തിക്കുന്ന ചരക്ക് വാഹനങ്ങൾ യന്ത്രത്തകരാർ സംഭവിച്ച് വഴിയിൽ കിടക്കുന്നത് പതിവുകാഴ്‌ചയായിരുന്നു. ബിഎം ആൻഡ്‌ ബിസി നിലവാരത്തിലുള്ള പാതയായതോടെ വാഹനം ഓടിക്കുന്ന ലോറി ഡ്രൈവർമാർക്കും ആശ്വാസകരമാണ്. നിരന്തര യാത്രയായതിനാൽ ഇന്ധനച്ചെലവ് ഭീമമായിരുന്നു. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിൽ ചെയ്യുന്ന ഞങ്ങൾ എറണാകുളം, കോതമംഗലം എന്നിവിടങ്ങളിൽനിന്നാണ് സാധനങ്ങൾ മറയൂരിലേക്ക് കൊണ്ടുവരുന്നത്. മറയൂരിൽ അലുമിനിയം ഫാബ്രിക്കേഷൻ, സീലിങ്‌ വർക്ക് എന്നിവ ചെയ്‌തുവരുന്നു. മറയൂർ ജനത ഏറെക്കാലം ആഗ്രഹിച്ചിരുന്ന റോഡ് പൂർത്തിയാക്കിയത് എസ്‌ രാജേന്ദ്രൻ എംഎൽഎയും എൽഡിഎഫ്‌ സർക്കാരുമാണ്‌.
എം മുനിരാജ് 
ഫാബ്രിക്കേഷൻ 
സ്ഥാപന ഉടമ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top