23 November Monday

ഡിജിറ്റല്‍ സംവിധാനമൊരുങ്ങുന്നു പച്ചത്തുരുത്തുകളെ ഇനി തൊട്ടറിയാം

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020

 

തൊടുപുഴ 
ജില്ലയിലെ പച്ചത്തുരുത്തുകളെ തൊട്ടറിയാൻ ഡിജിറ്റൽ സംവിധാനമൊരുങ്ങുന്നു. സംസ്ഥാന ഐടി മിഷന്റെ സാങ്കേതിക സഹായത്തോടെയാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്‌. 25 പച്ചത്തുരുത്തുകളുടെയും മാപ്പത്തോൺ പൂർത്തിയാക്കി. ഈ ഡിജിറ്റൽ ഫയലുകൾ തുടർനടപടികൾക്കായി ഐടി മിഷന് നൽകിയതായി ഹരിതകേരളം മിഷൻ ജില്ലാ കോ --ഓർഡിനേറ്റർ ജി എസ് മധു പറഞ്ഞു.
ലോകത്തിന്റെ ഏതു കോണിലിരുന്നും പച്ചത്തുരുത്തുകളെ അറിയുന്നതിന്‌ ഉപഗ്രഹ മാപ്പിങ്ങിലൂടെ സാധ്യമാകും. ഓരോ പച്ചത്തുരുത്തും സ്ഥിതിചെയ്യുന്ന സ്ഥലം, വിസ്‌തീർണം, ഇനം, വൃക്ഷത്തൈകൾ-, വള്ളിച്ചെടികൾ-, കുറ്റിച്ചെടികൾ എന്നിവ അറിയാൻ സാധിക്കും. കാലാകാലങ്ങളിൽ ഓരോ പച്ചത്തുരുത്തും നേരിട്ട് സന്ദർശിച്ച് പുതുക്കിയ വിവരങ്ങൾ മാപ്പത്തോണിൽ രേഖപ്പെടുത്തുകയുമാകാം. തൈകളേതെങ്കിലും നശിച്ചുപോയെങ്കിൽ അവയ്‌ക്കുപകരം തൈ നടാനും ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഉപകാരപ്രദമാകും. പച്ചത്തുരുത്തുകൾക്ക് ഉദ്ദേശിച്ച വളർച്ചയെത്തുന്നതുവരെയുള്ള പരിപാലനം കുറ്റമറ്റനിലയിൽ നിർവഹിക്കാനും കഴിയും.
ഹരിതകേരളം മിഷന്റ റിസോഴ്‌സ് പേഴ്‌സൺമാരായ എം പി ശശികുമാർ, വി എ പീതാംബരൻ, കെ ജി അരുൺകുമാർ, ഗീത സാബു, അമലു ഷാജു, എം സലിം, ഫെലിക്‌സ് തങ്കച്ചൻ, അലൻ മാർട്ടിൻ ടോമി, യങ‌് പ്രൊഫഷണലുകളായ മേഘരാജൻ, എബി വർഗീസ്, അശ്വതി കൃഷ്ണൻ, മനീഷ ലൂക്കോസ്, ആഗ്നസ് മരിയ ആന്റണി എന്നിവർ വിവിധ ഗ്രൂപ്പുകളായി ഓരോ ഇടങ്ങളും സന്ദർശിച്ചാണ് പച്ചത്തുരുത്തുകളുടെ മാപ്പത്തോൺ പൂർത്തിയാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top